Saturday, 23 Nov 2024
AstroG.in

ചൊവ്വ, വെള്ളിയും കടം കൊടുത്താൽ
ഐശ്വര്യം പടിയിറങ്ങിപ്പോകുമോ ?

മംഗള ഗൗരി
ചൊവ്വ, വെള്ളി ദിവസങ്ങളിൽ ധനധാന്യങ്ങൾ ആര്‍ക്കും കടം കൊടുക്കരുത് എന്നാണ് പരമ്പരാഗത വിശ്വാസം. ഈ ദിനങ്ങളില്‍ ധനധാന്യങ്ങളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും കടം കൊടുത്താൽ ഐശ്വര്യം പടിയിറങ്ങിപ്പോകും എന്നാണ് വിശ്വാസം.

അന്നത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അന്നപൂര്‍ണ്ണേശ്വരിയുടെയും പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും പ്രതീകമായ ഭൂമിദേവിയുടെയും ദിവസമാണ് ചൊവ്വാഴ്ച. സമ്പദ് സമൃദ്ധിയുടെ പ്രതീകമായ മഹാലക്ഷ്മിയുടെ ദിനമാണ് വെള്ളി. അതിനാൽ ഈ രണ്ടു ദിവസങ്ങളിലും സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ലോഹപാത്രങ്ങള്‍, ധനം, ധാന്യം തുടങ്ങിയവ ആര്‍ക്കും കൊടുക്കരുത് എന്ന് പറയുന്നത്. ഈ ദിനങ്ങളില്‍ കിട്ടുന്ന ധനധാന്യങ്ങള്‍ ഒരുവന് ഐശ്വര്യം സമ്മാനിക്കും. അന്നപൂര്‍ണ്ണേശ്വരിയും, ഭൂമീദേവിയും, ലക്ഷ്മീദേവിയും പര പ്രേരണകളില്ലാതെ സ്വയമേ തന്നെ നേരിട്ട് വീട്ടില്‍വന്നു കയറുന്നു എന്നാണ് വിശ്വാസം.

ഈ ദേവതകളുടെ സാന്നിദ്ധ്യം കൊണ്ടാണ് ഒരു വീട്ടിൽ ധന, ധാന്യ സമൃദ്ധിയുണ്ടാകുന്നത്. ഈ ഐശ്വര്യ വസ്തുക്കൾ മറ്റുളളവർക്ക് കൊടുക്കുമ്പോൾ അഥവാ കൈവിട്ടുകളയുമ്പോൾ പ്രസ്തുത ദേവിമാരും അതിലൂടെ പടിയിറങ്ങിപ്പോകും. അതുകൊണ്ടാണ് ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഇത്തരം വസ്തുക്കളൊന്നും ആരും തന്നെ മറ്റുള്ളവര്‍ക്ക് കൊടുക്കാത്തത്. പഴയകാലത്ത് ഈ വിശ്വാസം വളരെയധികം ശക്തമായിരുന്നു. ഉരുളിയും, വിളക്കും, പറ തുടങ്ങിയ സാമഗ്രികൾ എല്ലാം പരസ്പരം കൈമാറുന്നതിന് ചൊവ്വ, വെള്ളി ഒഴിവാക്കിയിരുന്നു. ആദരിക്കാത്തിടത്ത് നിൽക്കാത്ത ദേവിയാണ് ലക്ഷ്മി ദേവി. അതിനാൽ ലക്ഷ്മി ദേവിയെ പരിചരിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. ഇതേ ആദരവോടെ വേണം പണം കൈകാര്യം ചെയ്യാൻ. കാരണം ധനം സര്‍വ്വസമ്പദ് സമൃദ്ധിയുടെ പ്രതീകമായ മഹാലക്ഷ്മി തന്നെയാണ്.

ഭക്തിപൂർവ്വം ധനം കൈകാര്യം ചെയ്യുന്നവർക്ക് മേൽക്ക് മേൽ ഐശ്വര്യമുണ്ടാകും. അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരുടെയൊപ്പം ഒരിക്കലും സമ്പത്ത് നിൽക്കില്ല. അവർക്ക് അധോഗതിയുണ്ടാകും. നാം ചുറ്റുമുള്ളവരുടെ ജീവിതം നോക്കിയാൽ മാത്രം മതി ഇത് ബോദ്ധ്യമാകും. വെള്ളിയാഴ്ചകളിൽ ലക്ഷ്മിദേവി നേരില്‍ വീട്ടില്‍ വന്ന് കയറുന്നു എന്നും വിശ്വാസമുണ്ട്. വെള്ളിയാഴ്ചകളിൽ പണം കൊടുക്കരുതെന്ന വിശ്വാസത്തിന് പിന്നിലുള്ള മറ്റൊരു കാരണം അത് ശുക്രഗ്രഹവും ആയി ബന്ധപ്പെട്ട ദിവസമായതാണ്. വെള്ളിയാഴ്ച ദിവസം ശുക്രന്റെ നിയന്ത്രണത്തിലുള്ള എല്ലാ കാര്യങ്ങൾക്കും അനുകൂല, പ്രതികൂല തരംഗങ്ങൾ കൂടുതൽ ശക്തമായി സൃഷ്ടിക്കും.
ശുക്രനാണ് പണം, സ്വർണ്ണം, വാഹനം തുടങ്ങിയ ഐശ്വര്യങ്ങളുടെ കാരകൻ. ഈ സമൃദ്ധികൾ ആ ദിവസം കൈവിട്ടു കളയുന്നവരെ ശുക്രൻ എതിരായി ബാധിക്കും.

Story Summary: Which days are inauspicious
for lending money


error: Content is protected !!