Friday, 20 Sep 2024
AstroG.in

ചോറ്റാനിക്കരയിൽ എന്നും ഗുരുതി സമർപ്പണം;
കാര്യസിദ്ധിക്കും ദുരിതശാന്തിക്കും ഭജനമിരിക്കാം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ !

ബാധാദോഷങ്ങൾ മാറുന്നതിന് ഏറ്റവും പ്രശസ്തമായ ക്ഷേത്രം ചോറ്റാനിക്കരയാണ്. ഇവിടെ ഭജനമിരുന്ന് പ്രാർത്ഥിച്ചാൽ എത്ര കടുത്ത ബാധദോഷവും ദുരിതവും നീങ്ങും. ഇത് അത്ഭുതകരമായ ഒരു സത്യമാണ്. വളരെ പഴക്കമുള്ള ഗൗരവമേറിയ ബാധകൾ പോലും ഇവിടെ ഉറഞ്ഞുതുള്ളി സത്യം ചെയ്ത് ഒഴിഞ്ഞ് പോകുന്നത് ധാരാളം ആളുകളുടെ അനുഭവമാണ്.

വ്രതനിഷ്ഠയോടു കൂടി പഞ്ചഗവ്യം, തീർത്ഥം എന്നിവ സേവിച്ച് നാമജപത്തോടെ ഭഗവതിയെ അഭയം പ്രാപിച്ച് ക്ഷേത്രസന്നിധിയിൽ മാത്രം കഴിയുന്ന ആചാരമാണ് ഭജനമിരിപ്പ്. ബാധാദോഷങ്ങൾ മാറ്റുന്നതിന് മാത്രമല്ല കാര്യസിദ്ധിക്കും ശത്രുദോഷം, ദൃഷ്ടിദോഷം ഇവയിൽ നിന്നും മുക്തി നേടുന്നതിനും ദുരിതശാന്തിക്കും ഏറ്റവും ഉത്തമമാണ് ഈ കർമ്മം. 1,3,7,11,41 തുടങ്ങിയ ദിനങ്ങൾ ഭക്തർ ഭജനമിരിക്കാറുണ്ട്.

ഭജനമിരിക്കാൻ ഉദ്ദേശിക്കുന്ന ദിവസത്തിന് ഒരു ദിവസം മുൻപ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെത്തണം. പിറ്റേ ദിവസം ഭക്ഷണമൊന്നും കഴിക്കാതെ വെറും വയറ്റിൽ നിർമ്മാല്യ ദർശനം നിർബന്ധമായും തൊഴണം. അതിനു ശേഷം ഭജനമിരിക്കുന്നതിന് ശീട്ട് എടുക്കണം. ഭജനമിരിക്കുന്നവർക്ക് ജപിച്ച നെയ്യ് രാവിലെ 8 മണിക്ക് ലഭിക്കും. അത് സേവിക്കുക അയ്യപ്പസ്വാമിക്ക് മുൻപിൽ വച്ചാണ് ; അതായത് മേൽ കാവിലമ്മയുടെ ചുറ്റമ്പലത്തിനു പുറത്ത്. അതിനു ശേഷം ദേവിയുടെ നാമങ്ങൾ, മന്ത്രങ്ങൾ, സ്തോത്രങ്ങൾ എന്നിവ നിരന്തരം ചൊല്ലിക്കൊണ്ട് ഇരിക്കുക. പുറത്തു നിന്നുള്ള ഭക്ഷണം കഴിയുന്നതും ഒഴിവാക്കണം. അതിനു ശേഷം 11 മണിക്ക് ശിവ ഭഗവാന് ധാര ഉണ്ട് . അത് ദർശിച്ച് തൊഴുത് ധ്യാനിച്ച് നില്ക്കുക 12 മണിക്ക് ഭജനമിരിക്കാനുള്ള ശീട്ട് കാണിച്ചു കൊടുത്താൽ നിവേദ്യച്ചോറ് തരും. അത് കഴിച്ച് വിശ്രമിക്കുക. പകലുറക്കം പാടില്ല. വൈകുന്നേരം കുളി കഴിഞ്ഞ് ശ്രീകോവിൽ തുറക്കുമ്പോൾ തന്നെ അമ്മയെ ദർശിക്കണം. ദീപാരാധന തൊഴുത് ഏഴ് മണിക്ക് അമ്മ
ഗജാരൂഢയായി ക്ഷേത്രം വലംവക്കും. അതിനു ശേഷം അത്താഴപൂജ നടക്കും. ഇത് കഴിഞ്ഞാൽ കീഴ്ക്കാവിൽ ഗുരുതി പൂജയാണ്. അവിടെ ഭജനമിരിക്കുന്നവരുടെ കൂടെ ഒരാൾ ഉണ്ടാകുന്നത് നല്ലതാണ്. ഈ സമയത്തും പതിനൊന്ന് മണിക്കുള്ള ശിവന്റെ ധാര സമയത്തുമാണ് ബാധകൾ തുള്ളുന്നത് അതോടെ അന്നത്തെ ഭജനമിരിപ്പ്
അവസാനിക്കും. എന്നാൽ അന്ന് ഒരു കാരണവശാലും വീട്ടിലേക്ക് പോകരുത്. അടുത്ത ദിവസം നിർമ്മാല്യവും മറ്റ് പൂജകളും തൊഴുത് രാവിലെ 8 മണിക്കുള്ള പൂജയും കണ്ടതിനു ശേഷം അമ്മയുടെ അനുഗ്രഹം നേടി മടങ്ങാം. രാവിലെ 6 മണിക്ക് സരസ്വതിയായും ഉച്ചയ്ക്ക് ഭദ്രകാളിയായും വൈകിട്ട് ദുർഗ്ഗയായും ചോറ്റാനിക്കര അമ്മയെ ദർശിക്കാം. ഭജനമിരിക്കുന്നവർ ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് പോകരുത്. ഭജനമിരിക്കുന്നതിന് മുറികൾക്ക് ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടാം. ഭജനമിരിക്കുന്നവർ പുറത്ത് നിന്ന് പാലുംപഴവും ഒഴികെ ഭക്ഷണങ്ങളൊന്നും കഴിക്കരുത്; ചായ, കാപ്പി മുതലായവ ഒഴിവാക്കണം. ഭജനമിരിക്കുന്നവർക്ക് ദർശനം നേടുന്നതിന് വരി നിൽക്കേണ്ടതില്ല പിൻവശത്തുകൂടി ക്ഷേത്ര ദർശനം നടത്താം.
എല്ലാ ദിവസവും ഗുരുതി സമർപ്പണം നടക്കുന്ന അപൂർവ സന്നിധിയാണ് ചോറ്റാനിക്കര ശ്രീഭഗവതി ക്ഷേത്രം.
തിരുവനന്തപുരം ചെന്തിട്ട ഭഗവതി ക്ഷേത്രമാണ് എന്നും ഗുരുതി വഴിപാട് നടക്കുന്ന മറ്റൊരു ക്ഷേത്രം. ശത്രുദോഷ, ശാപദോഷ ദൃഷ്ടിദോഷങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാന വഴിപാടാണ് ഗുരുതി സമർപ്പണം. എല്ലാ ദിവസവും രാത്രിയിൽ നടക്കുന്ന ഈ ചടങ്ങ് ദേവിയുടെ പ്രത്യക്ഷസാന്നിദ്ധ്യമായി തന്നെ നമുക്ക് അനുഭവപ്പെടും.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

  • 91 8921709017

Story Summary: Significance of Chottanikkara Bhajanam Parkkal and Guruthi Vazhipadu

error: Content is protected !!