ചോറ്റാനിക്കര മകം തൊഴുതാൽ
മംഗല്യഭാഗ്യം സർവ്വകാര്യസിദ്ധി
ജ്യോതിഷി പ്രഭാസീന സി പി
മംഗല്യഭാഗ്യത്തിനും നെടുമംഗല്യത്തിനും സർവ്വകാര്യ സിദ്ധിക്കും ചോറ്റാനിക്കര മകം തൊഴൽ വിശേഷമാണ് നൂറ്റെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര. ആദിപരാശക്തി പ്രപഞ്ച പരിപാലകനായ മഹാവിഷ്ണുവിനോടൊപ്പം പരിലസിക്കുന്ന ഇവിടെ കുംഭത്തിലെ രോഹിണി നാളിലാണ് കൊടിയേറ്റ് . ഉത്രത്തിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഓരോ ദിവസവും പ്രത്യേകം ആറാട്ട് എന്ന സവിശേഷതയും ഇവിടെയുണ്ട് . ഇതിൽ ഏഴാം നാൾ ഉച്ചതിരിയുമ്പോഴാണ് സ്ത്രീകൾ മകം തൊഴുത് ആഗ്രഹസാഫല്യം നേടുന്നത്.
താമസ – രാജസ – സാത്വിക ഭാവങ്ങളിൽ ചോറ്റാനിക്കര അമ്മ സരസ്വതി, മഹാലക്ഷ്മി , ദുർഗ്ഗ എന്നീ ഭാവങ്ങളിൽ വർത്തിക്കുന്നു. ആദിപരാശക്തിയുടെ ദുർഗ്ഗാ സങ്കല്പത്തിനാണ് കൂടുതൽ പ്രാധാന്യം. ദേവന്മാർ പോലും ദുരിതങ്ങൾക്ക് അടിമപെട്ടു പോകുമ്പോൾ ദേവിയെ ആരാധിക്കുകയും ഭജിക്കുകയും ചെയ്യാറുള്ളതായി പുരാണം പറയുന്നു.
ദേവിയുടെ രൂപ സ്വഭാവ സങ്കല്പങ്ങളെ പ്രതിനിധാനം ചെയ്തു കൊണ്ട് ചോറ്റാനിക്കരയിലെ മേൽക്കാവ് ക്ഷേത്രത്തിൽ രാവിലെ വെള്ളപ്പട്ടും ഉച്ചയ്ക്ക് ചുമന്ന പട്ടും വൈകുന്നേരം നീലപ്പട്ടും ചാർത്തി ഭഗവതിയെ അലങ്കരിച്ചു വരുന്നു. ചെഞ്ചോരപ്പട്ട് ധരിച്ച് മരുവുന്ന ദേവിക്ക് അസുര നിഗ്രഹം കഴിഞ്ഞ് സാത്വിക ഭാവത്തിലേക്ക് മടങ്ങി വരുന്ന സങ്കല്പമാണ്. പൂർണ്ണമായും ഘോരരൂപം വെടിഞ്ഞിട്ടില്ലെന്നു സാരം. നിർമ്മാല്യ ദർശനം മുതൽ രാവിലത്തെ പൂജ വരെ ഇവിടെ സരസ്വതീ ഭാവത്തിൽ ദേവി അനുഗ്രഹം വർഷിച്ച് വർത്തിക്കുന്നു. അതിനു ശേഷം കൊല്ലൂർ മൂകാംബികയിലേക്ക് മടങ്ങി പോകുന്നുവെന്ന് സങ്കല്പം. വെള്ളപ്പട്ട് കളങ്കം പുരളാത്ത ശുദ്ധ മനസ്സിന്റെ പ്രതീകമാണ്. ശുദ്ധമനസ്സിനു മാത്രമേ ജ്ഞാനം സമ്പാദിക്കാൻ കഴിയൂ. ദേവിയെ ജ്ഞാനസ്വരൂപിനിയായും വിദ്യാരൂപിണിയായും വന്ദിക്കാം. ആദിപരാശക്തിയുടെ ഒരു ഭാവമാണ് മഹാലക്ഷ്മി. മഹാലക്ഷ്മി – ശ്രീനാരായണബന്ധം ഭാര്യാഭർത്തൃ ബന്ധത്തെ കൂടുതൽ ഉറപ്പിക്കുന്നുവെന്ന് വിശ്വാസം. ശ്രീകോവിലിൽ ദേവീ വിഗ്രഹത്തിനടുത്ത് ചെറിയ കൃഷ്ണശിലയാണ് വിഷ്ണു സങ്കല്പത്തിന്നാധാരം രണ്ടു വിഗ്രഹങ്ങളും ഒരുമിക്കുമ്പോൾ ലക്ഷ്മീ – നാരായണ സങ്കല്പം തെളിയുന്നു. ദേവി അഷ്ട ലക്ഷ്മീ ഭാവങ്ങളിൽ നാരായണനൊപ്പം വർത്തിക്കുമ്പോൾ ഐശ്വര്യം വാരിവിതറുന്നതിന് മടികാണിക്കാത്തവളായി ശോഭിക്കുന്നു. ത്രയീ ഭാവങ്ങളിലുള്ള ദേവീ ദർശനം ജീവിതം ധന്യമാക്കുമെന്നും വിശ്വാസമുണ്ട്.
ഇരുപത്തിയേഴു നക്ഷത്രങ്ങളിൽ പത്താമത്തെ നക്ഷത്രമാണ് മകം. സംസ്കൃതത്തിൽ ‘മ ഘാ’ യെന്നു പറയുന്നു. മകം നാളിന്റെ ദേവത പിതൃക്കളാണ്. അതുകൊണ്ട് പിതൃക്കളുടെ പര്യായ വാചക ശബ്ദങ്ങളെല്ലാം നാളിന്റെ പര്യായങ്ങളായിട്ടും പ്രയോഗിക്കുന്നു. പെൺകുട്ടികൾ മകം നാളിൽ പുഷ്പിണി ( വയസ്സറിയിച്ചാൽ ) യായാൽ ഐശ്വര്യവും കുടുംബ വർദ്ധന ഫലവുമുണ്ടാകുമെന്ന് ജ്യോതിഷം പറയുന്നു. വിവാഹത്തിനും നല്ല നക്ഷത്രമാണ്. മകം പിറന്ന മങ്കയെന്ന ചൊല്ല് അന്വർത്ഥമാകുന്നു. മകം തൊഴൽ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. കുംഭ മാസത്തിലെ മകം നക്ഷത്ര ദിവസം മിഥുന ലഗ്ന സമയത്താണ് വില്വമംഗലം സ്വാമി ദേവിയെ ദർശിച്ചത് എന്നാണ് വിശ്വാസം. ആ സമയത്ത് തന്നെ ആണ് ഇന്നും മകം തൊഴൽ നടക്കുന്നത്. ഉച്ചപൂജ കഴിഞ്ഞ് നട അടച്ച ശേഷം പിന്നീട് രണ്ട് മണിക്ക് നട തുറക്കും. സർവ്വാഭരണങ്ങളും സർവാലങ്കാരങ്ങളും അണിഞ്ഞ് ശോഭിക്കുന്ന ദേവിയെ ഒരു നോക്ക് കണ്ട് തൊഴാനായി ഭക്തർ വന്നു ചേരുന്നു. അവിവാഹിതകളുടെ വിവാഹം നടക്കാനും വിവാഹിതകൾക്ക് സൽപുത്ര ഭാഗ്യമുണ്ടാകാനും ദീർഘ സുമംഗലിയാകാനും മകം തൊഴൽ വിശേഷം എന്ന് കരുതപ്പെടുന്നു. പൂരം നക്ഷത്ര ദിവസം ചോറ്റാനിക്കര ദർശനം പുരുഷന്മാർക്കുള്ളതാണ് . 2022 ഫെബ്രുവരി 17-ാം തീയ്യതിയാണ് ഈ വർഷത്തെ മകം തൊഴൽ.
ജ്യോതിഷി പ്രഭാസീന സി പി , 91 9961442256
Story Summary: Chottanikkara Bhagavati Temple annual Festival and Significance of Makam Thozhal
Copyright 2021 Neramonline.com. All rights reserved