ചോറ്റാനിക്കര മകത്തിന് ഒരുങ്ങി;21 ഒറ്റനാണയം വഴിപാട് ദാരിദ്ര്യം മാറ്റും
തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
ചോറ്റാനിക്കര ദേവീ ക്ഷേത്രം മകം മഹോത്സവത്തിന് ഒരുങ്ങി. സാക്ഷാൽ രാജരാജേശ്വരിയായി, ആദിപരാശക്തിയായി വാഴുന്ന ചോറ്റാനിക്കര അമ്മ ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 30 മണി വരെ
ഭക്തജന സഹസ്രങ്ങൾക്ക് മകം ദർശനം സമ്മാനിക്കും.
കുംഭമാസത്തിലെ രോഹിണി നാളിൽ കൊടിയേറുന്ന ഉത്സവത്തിനിടയിലെ ഏഴാം ദിവസമാണ് പ്രസിദ്ധമായ മകംതൊഴൽ. ഈ ദിവസമാണ് വില്വമംഗലം സ്വാമി ക്ഷേത്രത്തിൽ എത്തിയതെന്നും ചോറ്റാനിക്കര അമ്മ വിശ്വരൂപദര്‍ശനം നല്‍കി അനുഗ്രഹിച്ചതെന്നും പറയുന്നു. ആ സങ്കല്പത്തിലാണ് മകംതൊഴൽ ആഘോഷിക്കുന്നത്. ഈ ദിവസം പ്രഭാതപൂജ കഴിഞ്ഞ് നടയടച്ചാൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് തുറക്കും. വില്വമംഗലത്തിന് ദർശനം നൽകിയ ഭാവത്തിലാണ് ദർശനം. ദിവ്യവസ്ത്രങ്ങളും സർവ്വാഭരണങ്ങളും അണിഞ്ഞ് ദിവ്യായുധങ്ങളും ധരിച്ച് നിൽക്കുന്ന ചോറ്റാനിക്കര അമ്മയെ ദർശിച്ച് ഭക്തർ തൃപ്തിയടയുന്നു. ആപത്തുകളിൽ നിന്നുള്ള രക്ഷയും ഐശ്വര്യവും സർവമംഗളങ്ങളുമാണ് ഈ ദർശനഫലം. മകത്തിന് പിറ്റേന്ന് പൂരംനാളും അതിവിശേഷമാണ്. മകം തൊഴൽ സ്ത്രീകൾക്കും പൂരം തൊഴൽ പുരുഷന്മാർക്കും ഐശ്വര്യകരമാണ്.
ദാരിദ്ര്യം, കടം , ധനം നിലനിൽക്കാതിരിക്കൽ ഇവയ്ക്ക് പരിഹാരമായി ചോറ്റാനിക്കരയിൽ കാണിക്കപണം സമർപ്പണം, ഉണ്ടശർക്കര സമർപ്പണം തുടങ്ങിയ ചില വിശേഷാൽ വഴിപാടുകളുണ്ട്. 21 ഒറ്റ നാണയം വീതം ചോറ്റാനിക്കരയിൽ സമ്പത്തിന്റെ ദേവതയായ മേലേക്കാവിൽ മഹാലക്ഷ്മി അമ്മയ്ക്കും കീഴേക്കാവിൽ അമ്മയ്ക്കും ചുവന്ന പട്ടിൽ കിഴികെട്ടി നടക്കൽ വയ്ക്കുന്നത് സാമ്പത്തിക ഉന്നമനത്തിനും ധനധാന്യ സമ്പൽ സമൃദ്ധമായി ജീവിതം മുന്നോട്ടു നയിക്കാനും സഹായിക്കുന്ന ഉത്തമമായ വഴിപാടാണ്. കാണിക്കപണം 21 ഒറ്റനാണയം ഒന്നിന് മുകളിൽ ഒന്നായി അടുക്കി വെച്ചാണ് അമ്മയുടെ തൃപ്പടിയിൽ സമർപ്പിക്കേണ്ടത്. പണം കിഴി കെട്ടി മേലേക്കാവിലും കീഴേക്കാവിലും ഒരുപോലെ ചെയ്യണം. ചൊവ്വ, വെള്ളി, ഞായർ ദിനങ്ങൾ ഈ വഴിപാടിന് കൂടുതൽ അഭികാമ്യമാണ്.
മേലേക്കാവിൽ അമ്മയെയും കീഴ്ക്കാവിൽ അമ്മയെയും കൊടിമര ചുവട്ടിൽ നെയ് ദീപം തെളിയിച്ചു പുറമേ നിന്നു ഭക്തർ തന്നെ ആരതി ഉഴിഞ്ഞു തൊഴുന്നതും വളരെ മികച്ച അനുഭവം സമ്മാനിക്കും. ശർക്കര പ്രിയയായ ചോറ്റാനിക്കര അമ്മയ്ക്ക് മധുരം നിറഞ്ഞ ഉണ്ടശർക്കര സമർപ്പിച്ച് ആഗ്രഹം പറഞ്ഞ് പ്രാർത്ഥിച്ചാൽ ആഗ്രഹം സഫലമാകും. അതു പോലെ ജീവിത പ്രതിസന്ധിയുടെ ഘട്ടത്തിൽ അതിൽ നിന്നും മോചനം നേടാൻ അനുകൂല ഫലങ്ങൾക്കും ചോറ്റാനിക്കര ഭഗവതിയിൽ അഭയം പ്രാപിക്കാം. അമ്മേ നാരായണ!
- തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
+91 9847118340
Story Summary: Chittanikkara Makam Festival and Special offering at Chottanikkara Bhagavati temple for removing debts
Copyright 2024 Neramonline.com. All rights reserved