Friday, 20 Sep 2024
AstroG.in

ഛിന്നമസ്ത ആഗ്രഹം നിയന്ത്രിക്കും; രാഹുദോഷം തീർക്കും

ദശമഹാവിദ്യ 6

സൂര്യമണ്ഡലമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നവളും സ്വയം വെട്ടിയെടുത്ത സ്വന്തം തല കൈയിൽ പിടിച്ച് ശരീരത്തിൽ നിന്നുതിരുന്ന ചോരകുടിക്കുന്നവളുമായ ഛിന്നമസ്താദേവി ശിവതാണ്ഡവ സമാനമായ നൃത്തരൂപത്തിൽ ഭവിക്കുന്നു. ഛിന്നമസ്തകനെന്ന ശിവഭാവത്തിന്റെ ശക്തിയായി ഛിന്നമസ്തയെ ശിവപുരാണത്തിൽ പറയുന്നു. രാഹുദോഷങ്ങൾ തീർക്കാൻ രാഹു ദശാകാലത്തും അല്ലാതെയും ഭജിക്കുന്ന ദേവി ദശമഹാവിദ്യകളിൽ ആറാമത്തേതാണ്.  പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്‌കത്തെ വെട്ടിയെടുത്ത് ആറാം ഇന്ദ്രിയത്തെ ഉത്തേജിപ്പിച്ച് അന്തർജ്ഞാനത്തെ വെളിവാക്കുന്ന ഭാവമാണ് ഛിന്നമസ്താ ദേവിയുടെത്. ആഗ്രഹ നിയന്ത്രണം ഈ ദേവിയുടെ കർമ്മത്തിൽപ്പെടുന്നു. അതീന്ദ്രിയജ്ഞാനം ലഭിക്കാൻ ഉപാസിക്കുന്നതിനാൽ നവരാത്രിയിൽ പൂജിക്കപ്പെടുന്നു. ഛിന്നമസ്തിക, പ്രചണ്ഡചണ്ഡിക എന്നീ പേരുകളിലും  അറിയപ്പെടുന്നു. ഛേദിക്കപ്പെട്ട ശിരസ്സ് എന്നാണ് ഛിന്നമസ്ത എന്ന വാക്കിന്റെ അർത്ഥം. യോനി പ്രതിഷ്ഠയിലും ആര്‍‌ത്തവകാലത്തെ ആഘോഷത്തിലും ഛിന്നമസ്തയെ ആരാധിക്കുന്നു. ത്രാന്ത്രിക ദേവതകളിൽ ഏറ്റവും പ്രധാനപ്പെട്ട ദേവതയാണ്. കാമകേളിയിൽ ഏർപ്പെട്ട മിഥുനങ്ങളെ ചവിട്ടി നിൽക്കുന്ന ദേവി മനുഷ്യനിലെ കാമ ക്രോധ ലോഭ മോഹങ്ങൾക്ക്  കടിഞ്ഞാണിടുന്നു എന്നും സാഹചര്യം ആവശ്യപ്പെടുന്നതനുസരിച്ച്  കാമവികാരം ഉദ്ദീപ്പിക്കുന്നു എന്നും വ്യാഖ്യാനവും സങ്കല്പവുമുണ്ട്.  കാമദേവനും രതിദേവിയുമാണ് ഈ ദമ്പതികൾ.

അഹങ്കാരത്തിന്റെ പ്രതീകമായ ശിരസ് ദേവി സ്വയം വെട്ടിയെടുത്തതിനാൽ മനുഷ്യരോട് സ്വയം അഹങ്കാരം ഇല്ലാതാക്കുവാൻ പറയുന്നു. നഗ്നരൂപത്തിലാണ് ഛിന്നമസ്തയെ അവതരിപ്പിക്കാറുള്ളത്. അഴിച്ചിട്ട മുടിയും ചുവന്ന നിറത്തിലുള്ള ശരീരവും ഛേദിക്കപ്പെ‌ട്ട ശിരസുമാണ് പ്രത്യേകത. ഛിന്നമസ്തയെക്കുറിച്ച് വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ പതിനാറുകാരിയായാണ് ഈ ദേവതയെ വിശേഷിപ്പിക്കു‌ന്നത്. സ്ഥൂല സ്തന രൂപിണിയായ ഛിന്നമസ്തയുടെ ഹൃദയത്തിന് സമീപത്തായി ഒരു നീലത്താമരയും കാണാം. ഭീകര രൂപിയായതിനാൽ എല്ലാവരും ആരാധിക്കാറില്ല. എന്നാൽ മാതൃഭാവം ഉള്ള ദേവതയാണ്. തലയോട്ടി മാല, കഴുത്തിൽ ചുറ്റിയ പാമ്പ് എന്നിവയാണ്  ധരിച്ചിരിക്കുന്നത്. കഴുത്തിൽ നിന്ന് ചീറ്റുന്ന രക്തം കുടിക്കുന്ന രണ്ട് തോഴിമാരെയും കാണാം. ഡാകിനി, വർണിനി എന്നാണ് ഇവരുടെ പേരുകൾ. ജയ, വിജയമാർ എന്നും ഇവർ അറിയപ്പെടുന്നുണ്ട്.രണ്ട് കൈകളാണ് ഈ ദേവതയ്ക്കുള്ളത്. ഒരു കൈയിൽ ഛേദിക്കപ്പെട്ട ശിരസും മറുകൈയിൽ ശിരസ് ഛേദിക്കാൻ ഉപയോഗിച്ച കത്തിയും കാണാം. ഉത്തരേന്ത്യയിൽ  ഛിന്നമസ്തയുടെ ധാരാളം ക്ഷേത്രങ്ങളുണ്ട്. അസാമിലെ കാമാഖ്യ ക്ഷേത്രമാണ് ഇതിൽ ഏറ്റവും പ്രസിദ്ധം. ഹിമാചൽപ്രദേശിലെ ചിന്ത്‌പൂർണി ക്ഷേത്രം, പശ്ചിമബംഗാളിലെ ബിഷ്ണുപൂരിലെ ക്ഷേത്രം. വാരണാസിയിലെ റാംനഗർ ക്ഷേത്രം. , ജാർഖണ്ഡിലെ രാജ്രാപ്പ ക്ഷേത്രം തുടങ്ങിയവയും പ്രസിദ്ധമാണ്.

(കൂടുതൽ വിവരങ്ങൾ അറിയാൻ ദശമഹാവിദ്യ – കാളികല്പം എന്ന പുസ്തകം ആചാര്യൻ കുറ്റിയാട്ട്ശ്രീ വാസുദേവൻ നമ്പൂതിരി എഴുതിയിട്ടുണ്ട്. ഇതു ലഭിക്കാൻ ഫോൺ- 0495-6521262 വിളിക്കുക.)

Pic Design: Prasanth Balakrishnan+91 7907280255 dr.pbkonline@gmail.com

error: Content is protected !!