Sunday, 6 Oct 2024
AstroG.in

ജന്മനക്ഷത്രം വെള്ളിയാഴ്ച വന്നാൽ ഭാഗ്യം; ഓരോ ദിവസവും ഫലം മാറും

നമ്മുടെ ജന്മനക്ഷത്രവും അത് വരുന്ന ദിവസങ്ങളും തമ്മിൽ ബന്ധമുണ്ട്. ഒരോ മാസവും ജന്മനക്ഷത്രം ചില ദിവസങ്ങളിൽ വന്നാൽ ഗുണവും മറ്റു ചില ദിവസങ്ങളിലായാൽ ദോഷവുമാണ് ഫലം.
അത് പറയുന്നതിനു മുൻപ് ജന്മനക്ഷത്രത്തിന്റെ പ്രാധാന്യം പറയാം. ജനനസമയത്തെ ഒരു
വ്യക്തിയുടെ നക്ഷത്രമണ്ഡലത്തിലെ, ചന്ദ്രസ്വഭാവം അനുസരിച്ചാണ് അവരുടെ മാനസികവും ശാരീരികവുമായ കാര്യങ്ങളും ഭാഗ്യ നിർഭാഗ്യങ്ങളും രൂപം കൊള്ളുന്നത്. ഒരാൾ ജനിച്ച നക്ഷത്രമണ്ഡലത്തിൽ ചന്ദ്രൻ വീണ്ടും എത്തുന്ന ജന്മദിവസത്തിന് വലിയ പ്രധാന്യമുണ്ട്.

അതിനാൽ ആ ദിവസം വ്യക്തി നടത്തുന്ന പ്രാർത്ഥനകൾക്കും ഗ്രഹദോഷപരിഹാര കർമ്മങ്ങൾക്കും ഫലദാന ശേഷി കൂടുതലായിരിക്കും. ഇതാണ് ജന്മനക്ഷത്ര ദിവസം പ്രാർത്ഥനയും വഴിപാടും വേണമെന്ന് പറയുന്നതിന് കാരണം. അങ്ങനെ ചെയ്താൽ ഗ്രഹപ്പിഴകൾ ബാധിക്കില്ല. പൊതുവായ
ദോഷങ്ങളും ദശാദുരിത ദോഷങ്ങളും ഒഴിഞ്ഞ് പോകും. കൂട്ടു ഗണപതി ഹോമം, മൃത്യുഞ്ജയഹോമം, ഭഗവതിസേവ തുടങ്ങിയവയാണ് ജന്മനക്ഷത്ര ദിവസം നടത്തേണ്ട വഴിപാടുകൾ. ഇതിനൊപ്പം ക്ഷേത്ര ദർശനവും പ്രാർത്ഥനകളും വേണം. മാസം തോറുമുള്ള ജന്മ നാൾ ദിവസം ഇത് ചെയ്തശേഷം ആണ്ടു പിറന്നാളിന് അന്നദാനവും നടത്തണം. ഉദയം മുതൽ 2 മണിക്കൂർ 24 മിനിട്ട് നക്ഷത്രം ഉണ്ടെങ്കിൽ ആ ദിവസം ജന്മനനക്ഷത്രമായി കണക്കാക്കാം.

ജന്മനക്ഷത്രം ഞായറാഴ്ച വന്നാൽ ഫലം പറയുന്നത് ദൂരയാത്രക്ക് അവസരമുണ്ടാകുമെന്നാണ്. തിങ്കളാഴ്ചയാണെങ്കിൽ മൃഷ്ടാന്നഭോജനം ലഭിക്കും. ചൊവ്വാഴ്ച ജന്മനക്ഷത്രം വരുന്നത് തീരെ നന്നല്ല. അത് രോഗപീഢക്ക് ഇടയാക്കും. ബുധനാഴ്ച ആയാൽ വിദ്യാകാര്യങ്ങളിൽ അഭിവൃദ്ധി ഉണ്ടാകും. വ്യാഴാഴ്ച വന്നാൽ വിശേഷവസ്ത്രലാഭം പ്രതീക്ഷിക്കാം. വെള്ളിയാഴ്ചയാൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ശനിയാഴ്ച ആയാൽ മാതാപിതാക്കൾക്ക് അരിഷ്ടതയാണ് പറയുന്നത്. എത് ദിവസമാണോ ജന്മനക്ഷത്രം വരുന്നത് ആ ദിവസവുമായി ബന്ധപ്പെട്ട ഗ്രഹദേവതയെ പ്രീതിപ്പെടുത്തണം. അതായത് ഞായറാഴ്ചയാണെങ്കിൽ ആദിത്യനെയും ശിവനെയും പ്രീതിപ്പെടുത്തണം. തിങ്കളാഴ്ച വന്നാൽ ചന്ദ്രനെയും ദുർഗ്ഗയെയും പൂജിക്കുക . ജന്മനക്ഷത്രം ചൊവ്വാഴ്ച ആയാൽ ആ ദിവസം കുജ പ്രീതി നേടണം. സുബ്രഹ്മണ്യന് പഞ്ചാമൃത നിവേദ്യവും ഭദ്രകാളിക്ക് കുങ്കുമാർച്ചനയും നടത്തുക. ബുധനാഴ്ച ബുധപ്രീതിക്ക് ശ്രീകൃഷ്ണനെയും വ്യാഴാഴ്ച ഗുരുപ്രീതിക്ക് മഹാവിഷ്ണുവിനെയും വെള്ളിയാഴ്ച മഹാലക്ഷ്മിയെയും ശനിയാഴ്ച ആയാൽ ശനിദോഷം തീരാൻ ശാസ്താവിനെയും പൂജിക്കുക. ശാസ്താവിന് ഈ ദിവസം നീരാജനം ശിവന് ജലധാര, കൂവളമാല, എന്നീ വഴിപാടുകൾ ചെയ്യുക.

error: Content is protected !!