ജന്മനാളിൽ വിഷ്ണു ദ്വാദശ നാമ മന്ത്രം ജപിച്ചാൽ ഐശ്വര്യവും ഭാഗ്യവും കൂടും
ഗൗരി ലക്ഷ്മി
ഓം നമോ നാരായണായ എന്ന അഷ്ടാക്ഷര മന്ത്രവും ഓം നമോ ഭഗവതേ വാസുദേവായ നമഃ എന്ന ദ്വാദശാക്ഷരി മന്ത്രവും പോലെ വിഷ്ണുപൂജയിൽ പ്രധാനമാണ് വിഷ്ണു ദ്വാദശനാമങ്ങൾ ജപിച്ചുള്ള ആരാധനയും. ഈ ദ്വാദശ നാമങ്ങളാൽ ആരാധിക്കുന്ന, മഹാവിഷ്ണുവും നാരായണനും ഉൾപ്പെടുന്ന 12 വിഷ്ണു നാമങ്ങളാണ് 12 ശകവർഷ മാസങ്ങളുടെയും അധിപതികൾ. ഇതുപ്രകാരം മാർഗ്ഗശീർഷത്തിൽ കേശവനും പൗഷത്തിൽ നാരായണനും മാഘത്തിൽ മാധവനും ഫാൽഗുനത്തിൽ ഗോവിന്ദനും ചൈത്രത്തിൽ വിഷ്ണുവും വൈശാഖത്തിൽ മധുസൂദനനും ജ്യേഷ്ഠത്തിൽ ത്രിവിക്രമനും ആഷാഡത്തിൽ ശ്രീധരനും ശ്രാവണത്തിൽ വാമനനും ഭാദ്രപദത്തിൽ ഹൃഷികേശനും ആശ്വിനത്തിൽ പത്മനാഭനും കാർത്തികയിൽ ദാമോദരനും ആരാധിക്കപ്പെടുന്നു.
ഒരോ മാസവും ജന്മനക്ഷത്ര ദിവസം ഈ പറഞ്ഞ വിഷ്ണു ഭാവങ്ങളെ ദ്വാദശനാമ മന്ത്രങ്ങൾ ചൊല്ലി ആരാധിക്കുന്നത് നല്ലതാണ്. കൂടാതെ അന്ന് വിഷ്ണു ക്ഷേത്രത്തിൽ പാൽപായസം നേദിച്ച് ദ്വാദശ നാമ പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും ദോഷ മുക്തിക്ക് ഗുണകരമാണ്. ഐശ്വര്യവും ഭാഗ്യാനുഭവങ്ങളും വർദ്ധിക്കും.
എല്ലാ ദിവസവും രാവിലെ കുളിച്ച് ശുദ്ധമായി ദ്വാദശ നാമങ്ങൾ വിഷ്ണു ഭഗവാന്റെ രൂപം സങ്കല്പിച്ച് 108 പ്രാവശ്യം ജപിക്കുന്നത് ഉത്തമമാണ്. ദ്വാദശി തിഥി ദിവസത്തെ നാമജപത്തിന് ഫലപ്രാപ്തി കൂടും. ഇത് കൂടാതെ മറ്റ് ഗ്രഹ – നക്ഷത്ര ദോഷങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ട ക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാട് കഴിച്ച് പ്രാർത്ഥിക്കുന്നതും ഗുണാനുഭവങ്ങൾക്ക് വഴിതെളിക്കും. ഏത് ഗ്രഹം അനിഷ്ടസ്ഥിതനാകുന്നുവോ അവർ ദോഷശാന്തിക്ക് ആ ഗ്രഹത്തിന്റെ ദേവതയെയും പ്രീതിപ്പെടുത്തണം.
ചിങ്ങത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന വെളുത്തപക്ഷ ദ്വാദശി വാമനാവതാര വ്രതമായും ഇടവ മാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന കറുത്തപക്ഷ ദ്വാദശി കൂർമ്മാവതാര വ്രതമായും തുലാമാസത്തിലെ കറുത്ത പക്ഷത്തിൽ വരുന്ന ദ്വാദശി ഗോദ്വാദശി വ്രതമായും ആചരിക്കുന്നു.
വിഷ്ണു ദ്വാദശനാമങ്ങൾ
ഓം കേശവായ നമഃ
ഓം നാരായണ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം ശ്രീധരായ നമഃ
ഓം വാമനായ നമഃ
ഓം ഹൃഷി കേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ
ഗൗരി ലക്ഷ്മി, +918138015500
Story Summary : Significance of Vishnu Dwadesha Nama Mantram Recitation
Copyright 2022 Neramonline.com. All rights reserved