Monday, 30 Sep 2024
AstroG.in

ജാംബവാൻ ഓർമ്മിപ്പിച്ചു; ഹനുമാന് ബലവും വീര്യവും തിരിച്ചു കിട്ടി

വേദാഗ്നി അരുൺ സുബ്രഹ്മണ്യം
ചിരഞ്ജീവികളാണ് ഹനുമാനും ജാംബവാനും. കൃതയുഗം മുതൽ ദ്വാപരയുഗം വരെയുള്ള കാലഘട്ടത്തിലെ – രാമായണത്തിലും മഹാഭാരതത്തിലും – പല കഥകളിലും ഈ ദിവ്യാത്മാക്കളെ രണ്ടു പേരെയും കാണാം. വനത്തിൽ വസിക്കുന്നവർ എന്ന അർത്ഥത്തിൽ
രണ്ടു പേരും വാനരന്മാർ തന്നെ. ജാംബവാനെ കരടിയായി പൊതുവിൽ കരുതുന്നു.

ബുദ്ധിമാനായ, വളരെ പ്രായമായ ആളായിട്ടാണ് രാമായണത്തിൽ ജാംബവാനെപ്പറ്റി പറയുന്നത്. ആദ്യം പറയുമ്പോൾ തന്നെ പ്രായമുള്ളയാളായി പറയുന്നതു കൊണ്ടാവാം ജാംബവാൻ്റെ കാലം എന്ന പ്രയോഗം ഉണ്ടായത്. യുദ്ധത്തിൽ അദ്ദേഹം നിപുണനാണെന്ന് പറയുന്നു. രാവണനെ തോൽപ്പിച്ചോടിക്കുന്നുണ്ട് ജാംബവാൻ. രാവണൻ്റെ സാരഥിയാണ് അപ്പോൾ രാവണനെ രക്ഷിക്കുന്നത്.

മഹാഭാരതത്തിലും ഈ പുണ്യാത്മാവിനെ കാണാം. ശ്രീകൃഷ്ണനുമായി അനേക ദിവസം യുദ്ധം ചെയ്ത ശേഷമാണ് ജാംബവാൻ പരാജയം സമ്മതിക്കുന്നത് (സ്യമന്തകവുമായി ബന്ധപ്പെട്ട കഥയിൽ). ജാംബവാൻ്റെ മകളെ ശ്രീകൃഷ്ണൻ വിവാഹം കഴിച്ചതായും പറയപ്പെടുന്നു.

മദ്ധ്യപ്രദേശിലെ ജാംതുൻ ഇദ്ദേഹത്തിൻ്റെ രാജ്യമായി കരുതുന്നു. (അതിപുരാതനമായ വസ്തുക്കൾ ധാരാളം ഇവിടെ നിന്നും ലഭി’ച്ചിട്ടുണ്ട്). ജമ്മു എന്ന പേർ ജാംബവാനിൽ നിന്നെന്ന് കരുതുന്നു.

ബാല്യത്തിൽ ഹനുമാന് മഹര്‍ഷിമാരില്‍ നിന്നൊരു ശാപം കിട്ടി. തന്റെ ബലത്തെ ഹനുമാന്‍ ദീര്‍ഘകാലം മറന്നു പോകും എന്നായിരുന്നു ശാപം. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ തന്റെ
ബലത്തെ ആരെങ്കിലും ഓര്‍മ്മപ്പെടുത്തിയാല്‍, മറന്നു പോയത് തിരിച്ചു കിട്ടുമെന്നു ശാപമോക്ഷവും നൽകി. സമുദ്രലംഘനം ചെയ്ത് സീതാദേവിയെ കണ്ടെത്താന്‍ ആര്‍ക്കാണ് കഴിയുക എന്ന ആലോചനയ്ക്കിടയില്‍ ഒന്നും മിണ്ടാതെ കൂനിക്കൂടിയിരിക്കുന്ന ഹനുമാനെ നോക്കി ജാംബവാന്‍ പറഞ്ഞു: “അല്ലയോ വായുപുത്രാ, നീയെന്താണ് കഴിവുകെട്ടവനായിരിക്കുന്നത്? നിന്റെ പിതാവ് മഹാശക്തിമാനായ വായുഭഗവാനാണ്. നിന്റെ മാതാവ് സുമദ്ധ്യമയും സുശീലയുമായ അഞ്ജനയാണ്. വാനരസമൂഹത്തിന് നീ വീരനാണ്. വാനരരാജനായ സുഗ്രീവനുമായും തേജസ്സു കൊണ്ട് രാമലക്ഷ്മണന്മാരുമായും തുല്യത നിനക്കുണ്ട്. ഖഗശ്രേഷ്ഠനായ ഗരുഡനേക്കാള്‍ ബലവും വേഗതയും നിനക്കുണ്ട്. ബലം, ബുദ്ധി, തേജസ്സ്, സദ്ഗുണം ഇവയുള്ളവരില്‍ ശ്രേഷ്ഠനാണ് നീ.

ശിശുവായിരുന്ന സമയം ഉദിച്ചുയര്‍ന്ന ബാലസൂര്യനെ കണ്ട് പഴമാണെന്നു കരുതി കൊതി തുള്ളിച്ചാടി പിടിക്കാന്‍ പോയ ധീരനാണ് നീ. അന്നേരം, ദേവേന്ദ്രന്റെ വജ്രായുധമേറ്റിട്ടും കൂസലില്ലാതെ നിന്നവനല്ലേ നീ. ഇന്ദ്രന്റെ വജ്രായുധമേറ്റ് ഇടത്തേ കവിള്‍ത്തടം മുറിഞ്ഞതിനാലല്ലേ, നിനക്ക് ‘ഹനുമാന്‍ ‘(തദാ ശൈലാഗ്രശിഖരേ വാമോ ഹനുഭജ്യതതതോ ഹി നാമധേയം തേ ഹനുമാനിതി കീര്‍ത്ത്യതേ) എന്ന പേരുതന്നെ ഉണ്ടായത്. അങ്ങനെയുള്ള നീ ഈ ആപത്തില്‍ ഞങ്ങളെ രക്ഷിച്ചാലും.
ജാംബവാന്റെ ഓര്‍മ്മപ്പെടുത്തലോടെ തന്റെ ബലത്തെക്കുറിച്ചുള്ള തിരിച്ചറിവും വന്ന ഹനുമാന്‍ തന്റെ ശരീരം വലുതാക്കി, സമുദ്രലംഘനം നടത്തി.

ഈ ഒരു ഭാഗത്തിലൂടെയാണ് ഏവരും ജാംബവാനെ ഓർക്കുന്നത് നമ്മുടെ കൂടെ നിൽക്കുന്നവരുടെ കഴിവുകൾ മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിക്കുമ്പോൾ വിജയത്തിലേക്ക് എത്താൻ കഴിയും എന്ന് ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു.

മഹാഭാരതത്തിലും ഹനുമാൻ സ്വാമി ധർമ്മപക്ഷത്ത് നിൽക്കുന്നത് നമുക്ക് കാണാം.കാലം മാറിയാലും ധർമ്മ പാതയിൽ നിന്ന് വ്യതിചലിക്കരുത് എന്ന് ഹനുമാൻ സ്വാമി നമ്മെ ഓർമിപ്പിക്കുന്നു.

മന്ത്രോപദേശത്തിനും സംശയപരിഹാരത്തിനും ബന്ധപ്പെടാം:

വേദാഗ്നി അരുൺ സുബ്രഹ്മണ്യം
സൂര്യഗായത്രി + 91 960 5002 047

(തിരുവനന്തപുരം പാളയം ഹനുമാൻ സ്വാമിക്ഷേത്രത്തിൽ മേൽശാന്തി)

error: Content is protected !!