Friday, 20 Sep 2024
AstroG.in

ജാതകം നോക്കാതെ തന്നെ
ശനിദോഷം മനസ്സിലാക്കാം

ജ്യോതിഷി പ്രഭാസീന സി പി

ജാതകം നോക്കാതെ തന്നെ ശനി നമുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ പറ്റും. കടം കയറി ബുദ്ധിമുട്ടുക, ബിസിനസ്സിൽ പങ്കാളി ചതിക്കുക, ജപ്തി വരിക, പഠിത്തത്തിൽ ഏകാഗ്രത കിട്ടാതിരിക്കുക, പരീക്ഷയിൽ തോൽക്കുക, ഒട്ടും ഭാവിയില്ലെന്ന് തോന്നുക, മനസ്സിൽ ദുഷ്ടചിന്ത നിറയുക, ദുഷ്കർമ്മങ്ങൾ ചെയ്യുക, തൊഴിലിൽ അലസത ബാധിക്കുക, മടി വർദ്ധിക്കുക, കുറ്റകൃത്യങ്ങളിൽ കുടുങ്ങുക, അതിന് ശിക്ഷിക്കപ്പെടുക, കൊള്ള, കവർച്ച നടത്തി എന്ന കുറ്റം ചാർത്തപ്പെടുക, മറ്റ് തരത്തിലുള്ള അന്വേഷണം നേരിടേണ്ടി വരിക, കണ്ണുകൾ കുഴിയുക, സന്ധിവേദന, വാതരോഗം, അപസ്മാരം ഇവ ബാധിക്കുക, എന്ത് അസുഖം വന്നാലും സുഖപ്പെടാൻ താമസം വരുക, സദാ സമയവും മന:സംഘർഷവും ഉത്കണ്ഠയും ക്ഷീണവും അനുഭവപ്പെടുക, മനക്കരുത്ത് കുറയുക, മറ്റുള്ളവരുടെ ഭീഷണിക്ക് പെട്ടെന്ന് വംശവദരാകുക, ഉറക്കമില്ലാതെയാവുക ഇവയെല്ലാം ശനിദോഷം ബാധിച്ചതിന്റെ ലക്ഷണമാണ്. ധനസമ്പാദനത്തിന് ബുദ്ധിമുട്ടുകയും ക്ലേശിച്ച് നേടുന്ന പണം അപ്രതീക്ഷിത വഴികളിലൂടെ നഷ്ടപ്പെടുകയും ചെയ്യുക, മൗനം, ഏകാന്തവാസം സാമൂഹ്യ ജീവിതത്തോട് താത്പര്യമില്ലായ്മ എന്നിവയും ശനി ബാധയുടെ സൂചനയാണ്.

ഇത്തരം ലക്ഷണങ്ങൾ കണ്ടു തുടങ്ങുബോൾ ഒരു ഉത്തമ ദൈവജ്ഞനെ സമീപ്പിച്ച് തക്കതായ പരിഹാരങ്ങൾ ചെയ്താൽ ശനിദോഷ കാഠിന്യം കുറയ്ക്കാം. ശനിദോഷത്തെ ഇല്ലായ്മ ചെയ്യുന്നതിന് ശബരിമല ദർശനം വിശേഷമാണ്. അതികഠിനമായ ശനിദോഷം കുറയ്ക്കാൻ കലിയുഗ വരദനായ ശ്രീ ധർമ്മശാസ്താവ്, ശനീശ്വരൻ, ശിവൻ, ഗണപതി, ഹനുമാൻ എന്നീ ദേവൻമാരെ പൂജിച്ചാരാധിച്ച് തൃപ്തിപ്പെടുത്തിയാൽ മതി. അപ്പോൾ ശനിദോഷമെല്ലാം അകലുകയും സൗഖ്യം വന്നു ചേരുകയും ചെയ്യും. ജ്യോതിഷ പ്രകാരം ശനിയുടെ അധിപനാണ് ശാസ്താവ്.

കരിക്കഭിഷേകം ശനി ദുരിതശാന്തിക്കും ആരോഗ്യ വർദ്ധനവിനും ഉത്തമമാണ്. ശാസ്താവിന് നെയ്യഭിഷേകം നടത്തുന്നത് പാപശാന്തിക്ക് ഉത്തമമാണ്. ഭസ്മാഭിഷേകം ചെയ്യുന്നത് വിദ്യാവിജയത്തിനും വിഘ്നനിവാരണത്തിനും ത്വക് രോഗശാന്തിക്കും നന്ന്. അയ്യപ്പ ക്ഷേത്രങ്ങളിൽ നീരാജനം തെളിയിക്കൽ, എള്ള് പായസം എന്നിവ അഭീഷ്ടസിദ്ധി, പാപശാന്തി എന്നിവയ്ക്കെല്ലാം ഉത്തമം തന്നെയാണ്. നീല ശംഖുപുഷ്പാർച്ചന ശനിദോഷ നിവാരണത്തിന് അതി വിശേഷമാണ്. ശനിയാഴ്ച വ്രതം നോറ്റ് ശനീശ്വര മന്ത്രം ജപിക്കുന്നതും ശനിയാഴ്ച ദിവസം കുളിച്ച് ശുഭവസ്ത്രം ധരിച്ച് കാക്കയ്ക്ക് എള്ളും പച്ചരി ചോറും കൊടുക്കുന്നതും വളരെ ഉത്തമമാണ്.

ജ്യോതിഷി പ്രഭാസീന സി പി , + 91 9961442256,
Email ID : prabhaseena cp@gmail.com

Story Summary: How to find Shani Dosham Without Checking Horoscope

error: Content is protected !!