Friday, 20 Sep 2024
AstroG.in

ജീവിതം പ്രകാശമാനമാക്കാൻ ഓം നമോ നാരായണായ

അഷ്ടാക്ഷരമന്ത്രമായ ഓം നമോ നാരായണായ അതീവ ലളിതവും അപാരവും  അതിശക്തവുമാണ്. അത്ഭുതകരമായ ഫലസിദ്ധിയാണ് ഈ മന്ത്രത്തിനുള്ളത്. പ്രപഞ്ചപാലകനായ ഭഗവാൻ ശ്രീ മഹാവിഷ്ണുവിനെ പ്രസാദിപ്പിക്കാൻ ജപിക്കുന്ന ഏറ്റവും പ്രസിദ്ധമായ മന്ത്രമാണിത്. ഭക്തിയിലൂടെ, ഈശ്വരാരാധനയിലൂടെ മോക്ഷപദം പൂകാൻ ജപിക്കുന്ന ശ്രേഷ്ഠ മന്ത്രമായി ഇതിനെ കണക്കാക്കുന്നു. ആയിരം വർഷത്തോളം കാലിൽ കടിച്ചു പിടിച്ചു കിടന്ന മുതലയിൽ നിന്നും  ഗജേന്ദ്രൻ   – അഗസ്ത്യ മുനിയുടെ ശാപം ഗ്രസിച്ച ഇന്ദ്രദ്യുമ്നന്‍ എന്ന  രാജാവാണ്‌  ഗജമായത് – രക്ഷപ്പെട്ടതും മോക്ഷം നേടിയതും  ഈ മന്ത്രം ചൊല്ലിയാണെന്ന്  ഭാഗവതം എട്ടാം സ്കന്ദത്തിൽ ശ്രീശുക മുനി ഗജേന്ദ്രമോക്ഷം കഥയിൽ വിവരിക്കുന്നുണ്ട്.

പഞ്ചഭൂതങ്ങളും മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവയും  ചേര്‍ന്നതാണ് അഷ്ടപ്രകൃതി. ഈ പ്രകൃതിയാണ് മനുഷ്യരെക്കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യിക്കുന്നത്. അഷ്ടാക്ഷര മന്ത്രത്തിലെ ഓരോ അക്ഷരവും ഈ അഷ്ടപ്രകൃതികളെ കുറിക്കുന്നു.ഭഗവാൻ മഹാവിഷ്ണുവാകട്ടെ ഈ പ്രകൃതിയുടെ നാഥനാണ്. അതു കൊണ്ട് അഷ്ടാക്ഷരമന്ത്രംജപിക്കുകയാണെങ്കില്‍ അഷ്ടപ്രകൃതികളെയും നിയന്ത്രണത്തിലാക്കാം.

അതി മനോഹരവും പരമോന്നതവുമായ ഈ മന്ത്രം നിത്യജപത്തിന് ഉത്തമമാണ്. എന്നുംരാത്രിയിൽ ഉറങ്ങും മുൻപും രാവിലെ ഉണർന്നാലുടനും  കഴിയുന്നത്ര തവണ  അഷ്ടാക്ഷരമന്ത്രം ജപിച്ചാൽ നമ്മെ വലയം ചെയ്യുന്ന ജീവിത ദുരിങ്ങളത്രയും ഒഴിഞ്ഞുപോകും. ആകെക്കൂടി ഒരു പ്രകാശവും പ്രസന്നതയും ശാന്തിയും ജീവിതത്തിൽ അനുഭവപ്പെടും.  പ്രപഞ്ച സ്രഷ്ടാവും പ്രപഞ്ച പാലകനും ജീവിതത്തിന്റെ ചൈതന്യവുമായ മഹാവിഷ്ണുവിന് മുന്നിൽ ശിരസ്സു നമിക്കുന്നു എന്നാണ്  ‘ഓം നമോ നാരായണായ’ മന്ത്രത്തിന്റെ അർത്ഥം. ഒന്നു കൂടി വിശദമാക്കിയാൽ ഓം പ്രണവ മന്ത്രമാണ്. ഈശ്വരന്റെ നാദരൂപമാണ്. ഓംകാരത്തിൽ നിന്നാണ്  പ്രപഞ്ചം തന്നെ ആവിർഭവിച്ചത്. ആദരസൂചകമായി ശിരസ് കുമ്പിടുന്നതാണ് നമോ. വേദകാലം മുതലേയുള്ള മഹാവിഷ്ണുവിന്റെ നാമമാണ് നാരായണൻ.നാരാ എന്നാൽ ജലം. നാരായണ എന്നാൽ ജലത്തിൽ അധിവസിക്കുന്നവൻ – അതായത് ജലാധിവാസനായ പ്രപഞ്ച സ്വരൂപനെ സർവ്വാത്മനാ നമിക്കുന്നു എന്ന് മന്ത്രാർത്ഥം.  അഷ്ടാക്ഷരമന്ത്രം ജപിക്കുന്നതിന് ഒരു നിബന്ധനയും നിയമവുമില്ല. ഒരു ഉപാധിയുമില്ലാതെ ആർക്കും എവിടെയിരുന്നും എപ്പോഴും ഈ മഹാമന്ത്രം ജപിക്കാം.

ഭൗതികമായി ആഗ്രഹിക്കുന്നതെന്തും ഈ മന്ത്രജപം നമുക്ക് നൽകും. അത്രയേറെ അനുഗ്രഹ ശേഷിയുള്ള ഈ മന്ത്രം ആത്മീയമായി അസാധാരണമായ  തലത്തിലേക്ക് നമ്മെ ഉയർത്തുകയും ചെയ്യും.

എന്നും രാവിലെ കുളി കഴിഞ്ഞ് പൂജാമുറിയിൽ വിളക്ക് കൊളുത്തി ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ രൂപം ധ്യാനിച്ചുറപ്പിച്ച്  അഷ്ടാക്ഷരമന്ത്രം  108 തവണ വീതം ജപിക്കുകയാണെങ്കില്‍ ആഗ്രഹ ലബ്ധി,  രോഗശാന്തിശത്രുദോഷ ശാന്തി, പാപനാശംഎന്നിവയെല്ലാമുണ്ടായിവരും.

– പുതുമന മഹേശ്വരൻ നമ്പൂതിരി     മൊബൈൽ: +91 094-470-20655

error: Content is protected !!