ജീവിതം സുഖസമൃദ്ധിയിൽ എത്തിക്കുന്ന 3 ദിവ്യ ദിനങ്ങൾ
പാലക്കാട് ടി എസ് ഉണ്ണി
അവസാനത്തെ മൂന്ന് ദിവസമാണ് നവരാത്രി പൂജയിൽ സുപ്രധാനം. ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയാണ് ഈ ദിവസങ്ങൾ. നവരാത്രിയിലെ ആദ്യ മൂന്നു ദിവസം ദേവിയെ കാളിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും അവസാന മൂന്നു ദിവസം സരസ്വതിയായും ആരാധിക്കുന്നു. കേരളത്തിൽ പ്രധാനമായും അവസാന മൂന്ന് ദിനങ്ങളിൽ സരസ്വതീ പൂജമാത്രമാണ് പതിവ്. ഈ ദിവസങ്ങളിൽ ദേവീ പൂജ നടത്തുന്നവർക്ക് ജീവിതത്തിൽ വിദ്യാവിജയവും എല്ലാ വിധ സുഖസമൃദ്ധിയും ഐശ്വര്യവും മന:സമാധാനവും ലഭിക്കും.
ദുർഗ്ഗാഷ്ടമി ദിവസം ഗ്രന്ഥങ്ങൾ പൂജവയ്ക്കും. മഹാനവമി ദിവസം ആയുധപൂജയായി അറിയപ്പെടുന്നു. അന്ന് ആയുധങ്ങൾ പൂജയ്ക്ക് വയ്ക്കുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നവരാത്രിക്ക് ആയുധങ്ങൾ വച്ച് പൂജിക്കുന്നത് അതിവിശേഷമാണ്. നമ്മുടെ നാട്ടിൽ മഹാനവമി ദിവസം പണി ആയുധങ്ങൾ പൂജ വച്ച് വിജയദശമി ദിവസം എടുക്കും.
അഞ്ചുതിരിയിട്ട നിലവിളക്ക് തെളിച്ച് അതിൽ ശിവശക്തി സങ്കല്പത്തെ ധ്യാനിച്ച് പൂജിക്കുന്നവരുടെ ഗൃഹത്തിൽ ഐശ്വര്യദേവതയുടെ വാസം എപ്പോഴുമുണ്ടായിരിക്കും. സാധാരണയായി എവിടെയും മുതിർന്ന സ്ത്രീകളും പെൺകുട്ടികളുമാണ് ഈ പൂജയ്ക്ക് മുൻപന്തിയിൽ ഉണ്ടായിരിക്കുക. വിശ്വാസമനുസരിച്ച് പരബ്രഹ്മത്തിനും മുകളിലാണ് മഹാമായയുടെ സ്ഥാനം. തൊട്ടുതാഴെ പ്രകൃതിയും അതിനു താഴെ ഇച്ഛാശക്തിയുടെ പ്രതീകമായി ലക്ഷ്മി, ജ്ഞാനശക്തിയായി സരസ്വതി ക്രിയാശക്തിയായി പാർവ്വതി എന്നിവർ സ്ഥാനം പിടിച്ചിരിക്കുന്നു. നവരാത്രികാലത്ത് കന്യകമാരെ പൂജിക്കുന്ന ചടങ്ങ് സുപ്രധാനമാണ്. കേരളത്തിൽ പക്ഷേ നവരാത്രിയിൽ വിദ്യാദേവത സരസ്വതിയെ ആരാധിക്കുന്ന പുസ്തക പൂജയ്ക്കാണ് പ്രചുര പ്രചാരം. അതിനാൽ ഇവിടെ നവരാത്രി എന്നാൽ സരസ്വതീ പൂജയാണ്.
സ്വന്തം ഗൃഹത്തിലോ തൊട്ടടുത്ത ക്ഷേത്രത്തിലോ ഗ്രന്ഥങ്ങൾ അടുക്കിവച്ച് അലങ്കരിച്ച ശേഷം സരസ്വതീദേവിയെ ആവാഹിച്ച് പൂജ ചെയ്യുന്ന ചടങ്ങാണ് നമ്മുടേത്. ദുർഗ്ഗാഷ്ടമി ദിവസം വൈകുന്നേരം ഗ്രന്ഥങ്ങൾ പൂജയ്ക്ക് വയ്ക്കുന്നു. നവമി ദിവസം അങ്ങനെ വച്ചുകൊണ്ട് രണ്ടുനേരവും പൂജ ചെയ്യുന്നു. അന്ന് ആയുധപൂജയും നടത്തുന്നു. ദശമി ദിവസം ഗ്രന്ഥങ്ങളും ആയുധവും പുറത്തേക്കെടുക്കുന്നു. വിജയ ദശമി വിദ്യാരംഭത്തിന് ഏറ്റവും ഉത്തമമാണ്. ഈ ചടങ്ങിന് പൂജവയ്പ്പ് എന്നും വിദ്യാരംഭത്തിന് എഴുത്തിനിരുത്തുക എന്നും പറയും.
അറിവ്, ക്രിയാശേഷി, ഐശ്വര്യം എന്നിവയെ ഉൽഘോഷിക്കുന്നു ദേവീ പൂജയിൽ. ഇതുമൂലമുണ്ടാകുന്ന സന്തുഷ്ടവും സമാധാനവും സമൃദ്ധവുമായ ഒരു കുടുംബാന്തീരക്ഷമാണ് ഏവരും കാംക്ഷിക്കുന്നത്. പല ഭാഗങ്ങളിലുള്ള സ്ത്രീരൂപങ്ങളെ ദേവീസങ്കൽപ്പത്തിലൂടെ ആരാധിക്കുന്നത് നവരാത്രി കാലത്ത് മാത്രമാണ്. ഒന്നാം ദിവസം കുമാരിപൂജ, രണ്ടാം ദിവസം ത്രിമൂർത്തി പൂജ, മൂന്നാം ദിവസം കല്യാണിപൂജ, നാലാം ദിവസം രോഹിണി പൂജ, അഞ്ചാം ദിവസം കാളിപൂജ, ആറാം ദിവസം ചണ്ഡികാപൂജ, ഏഴാം ദിവസം ശാംഭവിപൂജ, എട്ടാം ദിവസം ദുർഗ്ഗാപൂജ, ഒമ്പതാം ദിവസം സുഭദ്രാപൂജ എന്നീ പ്രകാരമാണ് നടത്താറുള്ളത്. ഓരോ ദിവസത്തെ പൂജയ്ക്കും പ്രത്യേക ഫലസിദ്ധി കൈവരുമെന്നാണ് വിശ്വാസം. ഓരോ പൂജയ്ക്കും സിദ്ധിക്കുന്ന ഫലങ്ങളെ പറ്റി ദേവീ ഭാഗവതം ഇപ്രകാരം പറഞ്ഞിരിക്കുന്നു.
കുമാരിപൂജ കൊണ്ട് ദു:ഖവും ദാരിദ്ര്യവും നിർമ്മാർജ്ജനം ചെയ്യപ്പെടും. ത്രിമൂർത്തി പൂജകൊണ്ട് ആയുസ്, ധനം, ധാന്യം, പുരുഷാർത്ഥങ്ങൾ (ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവയാണ് പുരുഷാർത്ഥങ്ങൾ), പുത്രപൗത്രാദി അഭിവൃദ്ധി എന്നിവ കൈവരും. കല്യാണി പൂജ കൊണ്ട് ജയം, വിദ്യ, രാജ്യം, സുഖം, ആഗ്രഹസാഫല്യം എന്നിവ സിദ്ധിക്കും. രോഹിണീ പൂജ കൊണ്ട് സർവ്വരോഗ നാശവുമുണ്ടാകും. കാളീപൂജ കൊണ്ട് ശത്രു നാശവും ചണ്ഡികാപൂജ കൊണ്ട് ഐശ്വര്യവും കൈവരും. ശാംഭവീപൂജ കൊണ്ട് വശ്യം, ദാരിദ്ര്യനിർമ്മാർജ്ജനം എന്നിവയുണ്ടാകും. ദുർഗ്ഗാപൂജ കൊണ്ട് ശത്രുനാശവും പരലോകസുഖവും ലഭ്യമാകും. സുഭദ്രാപൂജകൊണ്ട് ആഗ്രഹ സിദ്ധികൈവരും.
ലോകമാതാവായ ശക്തിസ്വരൂപിണി നവരാത്രിയിൽ ഒമ്പത് രൂപങ്ങളിൽ ദർശനം നൽകുമെന്നാണ് വിശ്വാസം. ബാലിക, കുമാരി, തരുണി, സുമംഗലി, സതേക്ഷി, ശ്രീവിദ്യാസ്വരൂപിണി, മഹാദുർഗ്ഗ, സരസ്വതി, ശിവശക്തി ഐക്യരൂപിണി എന്നീ ഭാവങ്ങളിലാണ് ലോകമാതാവ് ദർശനം നൽകാറുള്ളത്. നവരാത്രികാലത്ത് സുമംഗലികൾക്കും കന്യകകൾക്കും വെറ്റില, അടയ്ക്ക, നാളികേരം, പഴം, കുങ്കുമം, പുഷ്പം, മഞ്ഞൾ, ദക്ഷിണ എന്നിവ നൽകാറുണ്ട്.
തമിഴ് ബ്രഹ്മണരുടെ ആചാരമാണ് നവരാത്രി കാലത്തെ ബൊമ്മക്കൊലുവയ്ക്കൽ. അത് ഇപ്പോൾ മറ്റു സമുദായക്കാരും ആചരിക്കാൻ തുടങ്ങി. വീടുകളിൽ കളിമൺ പ്രതിമകൾ ഒരുക്കി മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നീ എണ്ണത്തിലാണ് ബൊമ്മകൾ വയ്ക്കാറുള്ള പടികളുടെ എണ്ണം. ജ്ഞാനത്തിന്റെ പ്രതീകമായ സരസ്വതീദേവി ഏറ്റവും മുകളിലും അതിനുതാഴെ ത്രിമൂർത്തികൾ, അഷ്ടലക്ഷ്മി, നവശക്തി, ശിവപാർവ്വതീ പരിണയം, ദശാവതാരം, സീതാസ്വയംവരം, മീനാക്ഷീകല്യാണം, കളിക്കളം, സദ്യ, പഴങ്ങൾ, പച്ചക്കറികൾ, ശബരിആശ്രമം എന്നുവേണ്ട കിട്ടാവുന്ന എല്ലാ ബൊമ്മകൾ കൊണ്ടും അലങ്കരിക്കും. ഏറ്റവും താഴെ പൂർണ്ണ കുംഭം വയ്ക്കും. പൂർണ്ണ കുംഭത്തിന് അടുത്ത് നെല്ല്, നവധാന്യങ്ങൾ, നാണയങ്ങൾ എന്നിവ പൂജയ്ക്കുണ്ടാവും. ബൊമ്മക്കൊലു കാണാൻ അയൽവീടുകാരെല്ലാവരും വരും. പൂജ കഴിഞ്ഞാൽ പ്രസാദ വിതരണമുണ്ടാകും. അഗ്രഹാരവീഥികളിൽ കുട്ടികൾ കൂട്ടം കൂട്ടമായി പ്രസാദം സ്വീകരിപ്പാനായി ഓരോ വീടുകളും കയറിയിറങ്ങി നടന്നു നീങ്ങുന്ന കാഴ്ച നവരാത്രി ദിനങ്ങളിൽ സർവ്വസാധാരണമാണ്.
നവരാത്രി ദിവസങ്ങളിൽ ബാഹ്യവും ആദ്യന്തരവുമായ വിശുദ്ധി പാലിച്ചുകൊണ്ട് ദേവി സ്തുതികൾ കീർത്തനം ചെയ്യുക, ദേവീപൂജ നടത്തുക ആദിയായവ അനുഷ്ഠിക്കുന്നത് ഭൗതികവും ആത്മീയവുമായ ശ്രേയസിന് ഉത്തമമാണ്. ഇനി പറയുന്ന സരസ്വതി മന്ത്രങ്ങൾ സരസ്വതീപൂജാ ദിനങ്ങളിൽ കഴിയുന്നത്ര തവണ ജപിച്ചാൽ ദേവീകൃപ പൂർണ്ണമായും ലഭിക്കും.
സരസ്വതി മൂലമന്ത്രം
ഓം സം സരസ്വത്യൈ നമ:
ഗായത്രി
ഓം ഭൂർഭുവസുവ:
തത്സവിതുർവരേണ്യം
ഭർഗ്ഗോ ദേവസ്യ ധീമഹി
ധീയോയോന: പ്രചോദയാത്
സരസ്വതി ഗായത്രി
ഓം വാഗീശ്വര്യൈ വിദ്മഹേ
വാഗ്വാദിന്യൈ ധീമഹേ
തന്നോ സരസ്വതി പ്രചോദയാത്
സരസ്വതി സ്തുതി
സരസ്വതി നമസ്തുഭ്യം
വരദേകാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതുമേ സദാ
പാലക്കാട് ടി എസ് ഉണ്ണി
+91 9847118340