Saturday, 23 Nov 2024
AstroG.in

ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാകുന്നതിനും കാമനകൾ സഫലമാക്കാനും ഒരു ലളിത മാർഗ്ഗം

ജ്യോതിഷരത്നം വേണുമഹാദേവ്
ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാകുന്നതിന് ഏതൊരു വ്യക്തിക്കും ക്ഷേത്രത്തിൽ നടത്താവുന്ന അതി ലളിതവും വളരെയേറെ ഫലദായകവുമായ വഴിപാടാണ് ഗണപതി ഹോമം. വർഷത്തിലൊരിക്കൽ പിറന്നാളിന് മാത്രമല്ല മാസം തോറും ജന്മനക്ഷത്രദിവസമോ ഗണപതി ഭഗവാന് വിശേഷപ്പെട്ട വെള്ളിയാഴ്ച, ചതുർത്ഥി, അത്തം നക്ഷത്രം ദിനങ്ങളിലോ ക്ഷേത്രത്തിൽ ഗണപതി ഹോമം നടത്തുന്നത് എല്ലാത്തരം വിഘ്നങ്ങളും വിനകളും മാറി ജീവിതം സുഗമമായി മുന്നേറുന്നതിന് സഹായിക്കും.

പ്രഥമ പൂജനീയനായ, ശിവപാർവതി പുത്രനായ, ഗണനായകനായ ഭഗവാൻ ഏറ്റവുമധികം പ്രസാദിക്കുന്ന വഴിപാടാണ് ഗണപതി ഹോമം. പ്രധാനമായും മറ്റ് ദ്രവ്യങ്ങളും ചേര്‍ത്ത് അതിരാവിലെ ഹോമാഗ്നിയില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്. ക്ഷേത്രങ്ങളിൽ മാത്രമല്ല ഉപാസകരായ വ്യക്തികൾ വീടുകളിലും ഗണപതി ഹോമം എന്നും നടത്താറുണ്ട്. ഒറ്റ നാളികേരം ഉപയോഗിച്ചാണ് നിത്യ ഗണപതി ഹോമം ഉപാസകർ ചെയ്യുന്നത്. മിക്ക ക്ഷേത്രത്തിലും ഇപ്രകാരം തന്നെയാണ് നടത്തുന്നത്.

എട്ട് നാളികേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ട ദ്രവ്യ ഗണപതി ഹോമവും നടത്താം. ഉണങ്ങിയ നാളികേരമാണ് ഹോമത്തിന് ഉപയോഗിക്കുക. നാളികേരം, പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍, എള്ള് എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. എല്ലാം എട്ടിന്റെ അളവില്‍ ചേര്‍ത്തും ചിലര്‍ ചെയ്യുന്നു. നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയിലും അളവിലും ചെയ്യാം. 108, 336, 1008 എന്നിങ്ങനെയാണ് നാളികേര സംഖ്യ കൂട്ടാറുള്ളത്. ദ്രവ്യങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗം ഹോമാഗ്നിയില്‍ സമര്‍പ്പിക്കണമെന്നാണ് ഗണപതി ഹോമത്തിലെ വ്യവസ്ഥ. ഒരു ഭാഗം സമ്പാദം പ്രസാദമായി വിതരണം ചെയ്യാം. പ്രസാദം ദക്ഷിണ നല്‍കി വാങ്ങാവുന്നതാണ്.

മഹാഗണപതി ഹോമം
സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായ ഗണപതി ഭഗവാനെ പ്രധാനമായും വിഘ്ന നിവാരകനായാണ് ആരാധിക്കപ്പെടുന്നത്. ഇതിനു പുറമെ ഭക്തർ അവരുടെ
മനോ കാമനകൾ സഫലമാക്കാൻ ഓരോ പ്രത്യേക ആവശ്യങ്ങള്‍ക്കും മഹാഗണപതി ഹോമം നടത്താറുണ്ട്.

അഭീഷ്ടസിദ്ധിക്ക്
അഭീഷ്ട സിദ്ധി എന്നാല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കുക. ഇതിനായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയില്‍ കൂടുതല്‍ നെയ് ഹോമിക്കുക.

ഐശ്വര്യത്തിന്
കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുക, കറുക നാമ്പ് നെയ്യില്‍ മുക്കി ഹോമിക്കുക എന്നിവ ഐശ്വര്യലബ്ധിക്ക് ഉത്തമാണ്. ഗണപതി മൂല മന്ത്രം ചൊല്ലി വേണം ഇത് ചെയ്യേണ്ടത്.

മംഗല്യഭാഗ്യത്തിന്
ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയം‌വര മന്ത്രം ഉരുവിട്ട് ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യഭാഗ്യം സിദ്ധിക്കും. അതിരാവിലെ ചെയ്യുന്നത് ഉത്തമം.

സന്താനലബ്ധിക്ക്
സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഹോമിക്കുക. കദളിപ്പഴം നേദിക്കുക.

ഭൂമിലാഭത്തിന്
ചുവന്ന താമര മൊട്ട് വെണ്ണയില്‍ മുക്കി ഹോമിക്കുക. 9, 18, 108, 1008 ഇപ്രകാരം വഴിപാടുകാരന്റെ സാമ്പത്തിക ശേഷി പോലെ ചെയ്യാം.

ആകര്‍ഷണശക്തിക്ക്
മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിക്കുന്നതും ത്രയംബക മന്ത്രം ചൊല്ലി തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കുന്നത് ആകര്‍ഷണശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.

ദാമ്പത്യ കലഹം തീരാന്‍
ദാമ്പത്യ കലഹം മാറ്റാൻ ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും നക്ഷത്ര ദിവസങ്ങളിൽ ഐക്യമത്യ സൂക്തം ജപിച്ച് ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ ഐക്യമത്യ സൂക്തം ചൊല്ലി ഹോമിക്കണം.

പിതൃക്കളുടെ പ്രീതിക്ക്
എള്ളും അരിയും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തുക.

ജ്യോതിഷരത്നം വേണുമഹാദേവ് ,+91 9847475559

Story Summary: Significance and Benefits of Ganapathy Homam

error: Content is protected !!