Saturday, 23 Nov 2024
AstroG.in

ജീവിതവിജയത്തിന്, ശത്രുനിഗ്രഹത്തിന് ജൂൺ 12 ന് വൈകാശി വിശാഖം

ജ്യോതിഷരത്നം വേണു മഹാദേവ്
ശ്രീ പരമേശ്വരന്റെ തൃക്കണ്ണിലെ അഗ്‌നിയിൽ നിന്നും മനുഷ്യരാശിക്ക് ഭീഷണിയായ അസുരന്മാരെ നിഗ്രഹിക്കാൻ അവതരിച്ച സുബ്രഹ്മണ്യ ഭഗവാന്റെ തിരുനാളാണ് വൈകാശി വിശാഖം. തമിഴ് മാസമായ വൈകാശിയിലെ വിശാഖം നാളിലാണ് ശൂരപത്മാസുര നിഗ്രഹത്തിന് ആറു മുഖമുള്ള ശിശുവായി വേൽമുരുകൻ അവതരിച്ചത്. മലയാളത്തിന് ഇത് ഇടവ മാസത്തിലെ വിശാഖമാണ്.

ആരെക്കൊണ്ടും നശിപ്പിക്കാൻ കഴിയാതിരുന്ന ദുഷ്ട ശക്തികളെ ഷൺമുഖ ഭഗവാൻ നിഗ്രഹിച്ച ഈ ദിവസം വ്രതം നോറ്റ് ശ്രീമുരുകനെ ഉപാസിച്ചാൽ ജീവിത പുരോഗതിക്കും വിജയത്തിനും തടസമാകുന്ന എല്ലാ പ്രതികൂല സ്വാധീനങ്ങളെയും അതിജീവിക്കാം. ധനം, സമ്പത്ത്, ആരോഗ്യം, ദാമ്പത്യ പ്രശ്നങ്ങൾ എന്നിവ പ്രതികൂലമായി ബാധിക്കുന്ന ഫലങ്ങൾ മറികടക്കാൻ വൈകാശിയിലെ വിശാഖ വ്രതം വഴി സാധിക്കും. യുദ്ധവീരനായ, ശത്രു ഘാതകനായ ശിവകുമാരനെ ഈ ദിവസം ഉപാസിച്ചാൽ അപാരമായ ധൈര്യവും വീര്യവും കൈവരും.

2022 ജൂൺ 12 നാണ് ഇത്തവണ വൈകാശി വിശാഖം. വ്യാഴം ഭരിക്കുന്ന വിശാഖം നക്ഷത്രം ശുക്രന്റെ ക്ഷേത്രമായ തുലാം രാശിയിൽ വരുന്ന ഈ ദിവസം ആ നക്ഷത്രത്തിന് വ്യാപന ശക്തി, ഭക്തരുടെ മനോഭിലാഷ സാക്ഷാത്കാര ശക്തി അപാരമായി വർദ്ധിക്കുമത്രേ. ശ്രീമുരുക കടാക്ഷത്തിന് പ്രാർത്ഥിക്കാൻ ഏറ്റവും ഉത്തമമായ ഗ്രഹനില സംജാതമാകുന്ന ഈ ദിവസത്തെ ഏറ്റവും ചെറിയ ഉപാസനയ്ക്ക് പോലും ഇരട്ടിഫലം ലഭിക്കും. അങ്ങനെ എല്ലാ അശുഭ ചിന്തകളെയും അതിജീവിച്ച്, ശത്രുക്കളെ ജയിച്ച് സ്വന്തം സ്വപ്നങ്ങൾ സഫലമാക്കാം.

ഇടവത്തിലെ വിശാഖ നക്ഷത്രത്തിന്റെ തലേ ദിവസമായ ജൂൺ 11 ന് വ്രതം നോൽക്കുന്നവർ ഒരിക്കൽ എടുക്കണം. വിശാഖ നാൾ അതിരാവിലെ എഴുന്നേറ്റ് കുളിച്ച ശേഷം ഗണപതിയെ വന്ദിക്കണം. ശേഷം മുരുകന്റെ ചിത്രത്തിന് മുന്നിൽ അഞ്ച് തിരിയിട്ട നിലവിളക്ക് കത്തിച്ചു വച്ച് മുരുക സ്‌തോത്രങ്ങൾ ജപിച്ചും പാരായണം ചെയ്തും പ്രാർത്ഥിച്ചാൽ ശത്രുക്കൾ നിഷ്പ്രഭരാകും. ഈ ദിവസം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പഞ്ചാമൃതാഭിഷേകം നടത്തിയാൽ ആഗ്രഹ സാഫല്യം ഉണ്ടാവും. ഇളനീരുകൊണ്ട് അഭിഷേകം നടത്തിയാൽ സൽസന്താനലബ്ധിയുണ്ടാവും. കരിമ്പിൻ ചാറുകൊണ്ട് അഭിഷേകം നടത്തിയാൽ ആരോഗ്യം വർദ്ധിക്കും. അന്നേദിവസം മോര്, പാനകം, തൈരുചോറ്, ഇളനീർ എന്നിവദാനം നൽകിയാൽ തലമുറകൾക്ക് അഭിവൃദ്ധിയുണ്ടാവും. കൂടാതെ നിത്യവും മുരുകനെ ധ്യാനിച്ച് പ്രാർത്ഥിച്ചാൽ ഏത് പ്രതിസന്ധിയും അതി ജീവിക്കാനുള്ള ശക്തിയും ധൈര്യവും ലഭിക്കുന്നു. ഓം വചത്ഭു വേ നമഃ എന്ന മുരുകന്റെ മൂലമന്ത്രം തന്നെ സർവ്വദോഷ സംഹാരിയാണെന്നാണ് വിശ്വാസവും അനുഭവവും.

ജ്യോതിഷരത്നം വേണു മഹാദേവ്, +91 9847475559

Story Summary: Significance and Vikashi Vishakham Vritham

error: Content is protected !!