Saturday, 23 Nov 2024
AstroG.in

ജീവിത ദുരിതങ്ങളും ശത്രുദോഷവും
അവസാനിക്കാൻ നിത്യവും ഇത് ജപിക്കൂ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഗായത്രി ദേവിയുടെ സ്വരൂപം ധ്യാനിച്ച് ഗായത്രി മന്ത്രം ശാസ്ത്രീയമായി നിത്യേന ജപിച്ചാൽ എല്ലാ ജീവിത ദുരിതങ്ങളും ശത്രുദോഷവും അവസാനിക്കും. നിത്യവും
ഗായത്രി ജപിക്കുന്ന വ്യക്തിയിൽ നിന്നും ഗായത്രി മന്ത്രം ഉപദേശമായി സ്വീകരിച്ച് ജപിച്ചാൽ അത്ഭുതകരമായ ഫലസിദ്ധിയുണ്ടാകും.

ഗായത്രിദേവിയുടെ സ്വരൂപം
മുത്ത്, പവിഴം, സ്വർണ്ണം, നീല, വെളുപ്പ് ഇങ്ങനെ അഞ്ച് വർണ്ണത്തിലുള്ള അഞ്ച് മുഖങ്ങളാണ് ഗായത്രിദേവിക്ക്.
ചന്ദ്രക്കല ധരിച്ച രത്‌നകിരിടവും ഏറെ മനോഹരമായ രൂപലാവണ്യവുമുണ്ട്. ഓരോ മുഖത്തിലും 3 നേത്രങ്ങൾ. വരദം, അഭയം, തോട്ടി, ചാട്ട, വെളുത്ത തലയോട്ടി, കയർ, ശംഖ്, ചക്രം, 2 താമരപൂക്കൾ എന്നിവ ധരിച്ചിരിക്കുന്നു. ഇതാണ് ദേവിയുടെ സ്വരൂപം. ഇത് വ്യക്തമാക്കുന്നതാണ് ദേവിയുടെ ധ്യാനം:

ഗായത്രി ധ്യാനശ്ലോകം
മുക്താവിദ്രുമഹേമനീലധവളച്ഛായൈർ
മുഖൈർ ത്രീക്ഷണൈ:
യുക്താമിന്ദുനിബദ്ധരത്‌നമകുടാം
തത്വാർത്ഥ വർണ്ണാത്ഥികാ-
ഗായത്രീം വരദാഭയാങ്കുശകശാം
ശുഭ്രം കപാലം ഗുണം
ശംഖചക്രമഥാരവിന്ദയുഗളം ഹസൈ്തർ
വഹന്തീം ഭജേ

ഗായത്രി മന്ത്രം
ഓം ഭൂർഭുവസ്‌സുവ:
തത്സവിതുർവരേണ്യം
ഭർഗ്ഗോദേവസ്യ ധീമഹി
ധീയോയോ ന:
പ്രചോദയാത്

ഗായത്രി ഗുരുവിൽ നിന്നും
ഗായത്രി മന്ത്രം നിത്യോപാസനയാക്കിയ വ്യക്തിയിൽ നിന്നും ഉപദേശമായി സ്വീകരിച്ചാണ് ജപിക്കേണ്ടത്. ഗുരുവിനെ സമീപിച്ച് ഗുരു നിർദ്ദേശിക്കുന്ന ഉത്തമ ദിനത്തിൽ മന്ത്രം ഉപദേശമായോ മന്ത്രദീക്ഷയായോ സ്വീകരിക്കണം. നിലവിളക്ക് കൊളുത്തിവച്ച് ഗുരു അതിന്റെ മുമ്പിലിരുന്ന് സ്വന്തം ഇഷ്ടദേവതയെ പ്രാർത്ഥിച്ച് അനുജ്ഞ വാങ്ങുന്നു. ഈ സമയം ശിഷ്യൻ വെറ്റില, പാക്ക്, നാളികേരം, പഴവർഗ്ഗങ്ങൾ, ധാന്യം, കോടിവസ്ത്രം, ദീപം എന്നിവ ഒരു പുതിയ തളികയിൽ വച്ച് ഗുരുവിന് സമർപ്പിക്കണം. ഗുരു ശിഷ്യന്റെ ശിരസിൽ കൈവച്ച് അനുഗ്രഹിച്ച് തനിക്ക് ലഭിച്ച മന്ത്രസിദ്ധിയുടെ ഒരംശം ശിഷ്യന് പകരണം. ഇതിലൂടെ ശിഷ്യനിൽ കെട്ടിക്കിടക്കുന്ന പാപങ്ങൾ മാറും. പിന്നീട് സങ്കല്പ പ്രാർത്ഥനയിലൂടെ ഗുരു ശിഷ്യന് പരമ്പരയായി ലഭിച്ച ചൈതന്യാംശം പകരും. മന്ത്രം പറഞ്ഞുകൊടുത്ത്
ഏറ്റു ചൊല്ലിക്കും. ശിഷ്യൻ മന്ത്രം തെറ്റുകൂടാതെ ചൊല്ലി വശത്താക്കി ഗുരുവിനെ നമസ്‌കരിക്കും. ഇതാണ് മന്ത്രോപദേശക്രിയ. പിന്നീട് ഗുരുനിർദ്ദേശത്തോടെ നിത്യേന മന്ത്രം ജപിക്കാം. 36 വീതം 2 നേരവും എന്ന രീതിയിൽ 36 ദിവസമാണ് ജപിക്കേണ്ടത്. 36 ദിവസം കഴിഞ്ഞാൽ ജപസംഖ്യ കൂട്ടാം. ഛന്ദസും ധ്യാനവും ഉപയോഗിക്കാം. ഇതെല്ലാം ഗുരു നിർദ്ദേശപ്രകാരം ആയിരിക്കണം.

ജപിക്കേണ്ട രീതി
നെയ്‌വിളക്ക് കൊളുത്തി വേണം ഗായത്രി ജപിക്കാൻ. പൂജാമുറിയിലോ അത്ര പരിശുദ്ധമായ മറ്റ് സ്ഥലങ്ങളിലേ ഇരുന്ന് ജപിക്കാം. പൂജാമുറിയിൽ അല്ലെങ്കിൽ രാവിലെ കിഴക്ക്, വൈകിട്ട് പടിഞ്ഞാറ് ദർശനമായി ഇരുന്ന് ജപിക്കണം. 2 നേരവും കുളിച്ച് പരിശുദ്ധമായ വെളുത്ത വസ്ത്രം ധരിച്ച് ജപിക്കണം. ജപം തുടങ്ങുന്നതിന് പൗർണ്ണമി, കാർത്തിക, ബുധൻ, വ്യാഴം, വെള്ളി എന്നീ ദിനങ്ങൾ നല്ലതാണ്. ഉച്ചത്തിൽ ജപിക്കരുത്. മാനസിക ജപമാണ് ഏറ്റവും നന്ന്. വെറും നിലത്തിരുന്ന് ജപിക്കരുത്. പലകയിലോ പട്ട്‌വിരിച്ചോ കരിമ്പടം വിരിച്ചോ ഇരിക്കാം.

വ്രതചര്യ
ഗായത്രി ജപിക്കുന്നവർ സാധിക്കുമെങ്കിൽ മത്സ്യമാംസാദി ഭക്ഷണം ഉപേക്ഷിക്കണം. ബ്രഹ്മചര്യം നിർബന്ധമില്ല. മത്സ്യമാംസാദി ഉപേക്ഷിച്ച് സ്ഥിരമായി ഉപാസന ചെയ്യാൻ സധിക്കാത്തവർക്ക് മാസത്തിൽ ഒരു ദിവസം മാത്രമായും ഉപാസന ചെയ്യാം. പൗർണ്ണമി, കാർത്തിക, വെളുത്തപക്ഷ നവമി എന്നീ ദിവസങ്ങളിൽ സൗകര്യപൂർണ്ണമായത് ഇതിന് തിരഞ്ഞെടുക്കാം. പ്രസ്തുത ദിവസത്തിന്റെ തലേദിവസം മുതൽ വ്രതമെടുക്കണം. പക്ഷേ നിത്യജപം സാധിക്കില്ല. അതായത് വ്രതം കൂടാതെ ജപം പറ്റില്ല എന്നർത്ഥം.

നിത്യജപം
രണ്ടുനേരവും 108 വീതം ജപിക്കുകയാണ് വേണ്ടത്. 336 വീതമോ 1008 വീതമോ, 3008 വീതമോ ജപിക്കാം. എല്ലാ ദിവസവും ഒരേ സംഖ്യ തന്നെ ജപിക്കണമെന്നേയുള്ളൂ. രണ്ട്‌ നേരവും കഴിയാത്തവർ ഒരുനേരം ജപിച്ചാലും മതി. രാവിലെ നിന്നു കൊണ്ടും വൈകിട്ട് ഇരുന്നു കൊണ്ടും ജപിക്കുന്നതാണ് നല്ലത്.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 094-470-20655

Story Summary: Significance and Benefits of Gayathri Mantram

error: Content is protected !!