ജൂൺ 30 ന് വ്യാഴം മാറുമ്പോൾ കൊറോണ ഒഴിഞ്ഞു പോകുമോ?
ഡോ. വി.എസ്.രാമകൃഷ്ണൻ നായർ
എല്ലാവരും കാത്തിരിക്കുന്നത് മഹാമാരിയുടെ പിടിയിൽ നിന്നും ലോകം മോചിപ്പിക്കപ്പെടുന്ന ദിവസത്തിനാണ്. കഷ്ടകാലം അവസാനിക്കുന്ന ദിവസം വ്യാഴം വക്രത്തിൽ ധനു രാശിയിലേക്ക് കടക്കുന്ന 2020 ജൂൺ 30 ന് തുടങ്ങുമെന്നാണ് മിക്കവരും പ്രതീക്ഷിക്കുന്നത്. വ്യാഴം വക്രത്തിൽ നീചരാശിയായ മകരത്തിൽ നിന്നും സ്വന്തം
രാശിയായ ധനുവിലേക്ക് കടക്കുന്നത്
ഒറ്റ നോട്ടത്തിൽ ആശ്വാസകരമായി തോന്നാം – മകരത്തിൽ ശനിയുമായി സമ്പർക്കത്തിലായിരുന്ന വ്യാഴം ധനുവിലേക്ക് കടന്ന് ബലവാനാകുമ്പോൾ സൽഫലങ്ങൾ വന്നു ചേരും എന്ന ചിന്തയാണ്
ഈ പ്രതീക്ഷയുടെ അടിസ്ഥാനം. എന്നാൽ അത് വെറും തോന്നൽ അല്ലെങ്കിൽ ആഗ്രഹം
മാത്രമായി കലാശിക്കും എന്നാണ് ഈ ലേഖകന്റെ
വ്യക്തിപരമായ വീക്ഷണം. കാരണം, വ്യാഴ ഗ്രഹം ഗ്രഹണത്തിലേക്ക് പ്രവേശിച്ച് കേതുവുമായി ചേരുകയാണ്. ഗ്രഹണ ദോഷത്തിൽ നിന്നും
ശക്തി പ്രാപിച്ച് വരുന്ന സൂര്യനും ഗ്രഹണം ബാധിച്ച ബുധനും നേരെ എതിരെ മിഥുനത്തിൽ നിൽക്കുന്നു. ഈ സ്ഥിതി നല്ലതല്ല. ഇതു കാരണം ധനനഷ്ടമുണ്ടാകും. ചിന്ത, ബുദ്ധി, മനസ്,
വാക്കുകൾ തുടങ്ങിയവ വികലമാകും. അനാരോഗ്യവും രോഗഭീതിയും വേട്ടയാടും. ഭരണാധികാരികൾക്ക് നാശമുണ്ടാകും. അവർ പറയുന്നത് ജനങ്ങൾ വിശ്വാസിക്കാതെ വരും.
വ്യാഴം മരുന്നുകളുടെ ദൈവവും ബുധൻ മരുന്ന് നിർദ്ദേശിക്കുന്ന ഭിഷഗ്വരന്മാരുമാണ്. ഈ രണ്ടു ഗ്രഹങ്ങളും ദുർബലരാണ്. ഇക്കാരണത്താൽ രോഗശാന്തിക്ക് നിർദ്ദേശിക്കന്ന മരുന്നുകൾ ഫല
പ്രദമാകില്ലെന്ന് തന്നെയല്ല ചിലപ്പോൾ രോഗിയുടെ ഹാനിക്ക് കാരണവുമാകാം. മിഥുനം രാശിയുടെ പത്തിൽ നിൽക്കുന്ന കുജൻ അക്രമങ്ങളും
ലഹളകളും വർദ്ധിപ്പിക്കും. അഗ്നിക്ഷോഭത്തിന് ഇടവരുത്തും. ഈ സ്ഥിതി ആഗസ്റ്റ് 15 വരെ പ്രതീക്ഷിക്കണം. മകരത്തിൽ നിൽക്കുന്ന ശനി അഗ്നിമാരുത യോഗവും സൃഷ്ടിക്കുന്നു. ഭരണാധികാരികളുടെ തീരുമാനങ്ങളുടെയും പ്രവർത്തികളുടെയും തിക്തഫലം അധികരിക്കും.
പണ്ട് കാലത്ത് ഗ്രഹണങ്ങൾ, ദോഷമുള്ള ഗ്രഹസ്ഥിതികൾ ഇവയുണ്ടാകുന്ന സമയത്ത് ദോഷപരിഹാരമായി യാഗങ്ങളും ഹോമങ്ങളും നടത്തിയിരുന്നു. 1990 ൽ നടത്തിയ അതിരാത്ര യജ്ഞം, 1992 ൽ നടത്തിയ പുത്രകാമേഷ്ടി ഇവ കൊണ്ട് ലഭിച്ച സദ്ഫലങ്ങൾ ഏവർക്കും അറിയാവുന്നതാണ്. കുണ്ടൂർ അതിരാത്രത്തിന് എതിരെ ജാഥ നടത്തി വന്നവർ പെരുമഴയിൽ കുളിച്ച് ഓടിയത് നമ്മൾ കണ്ടതാണ്. എങ്കിലും ഇത്തരം കർമ്മങ്ങളെ ഒരു വിഭാഗം ആളുകൾ ദുഷിക്കുന്നതിൻ്റെ ഫലമായി ഇപ്പോൾ
അവ നടത്താൻ ആരും തയ്യാറാകുന്നില്ല. പുതിയ
ആരോഗ്യ ശാസ്ത്രം അശാസ്ത്രീയമായി മാറുന്നതും പുതിയ പുതിയ രോഗങ്ങൾ ഉത്ഭവിക്കുന്നതും നാം കാണുന്നു. എല്ലാ ദൈവ വിശ്വാസങ്ങളെക്കാളും ശക്തമാണ് പ്രകൃതി. സൂര്യൻ, ചന്ദ്രൻ തുടങ്ങിയവർക്ക് മേലെ ഒരു ശക്തിയും ഇല്ലെന്ന് മനസ്സിലാക്കി നമ്മൾ പഞ്ചഭൂതങ്ങളെ ഉപദ്രവിക്കാതിരിക്കണം. ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇവയെ നാം ഇപ്പോൾ എപ്രകാരമെല്ലാമാണ് നശിപ്പിക്കുന്നതെന്ന് എടുത്ത് പറയേണ്ടതില്ലല്ലൊ.
പണ്ട് ജപ്പാനിൽ അണുബോംബ് സ്ഫോടനം നടന്നപ്പോഴാണ് മ്യൂട്ടേഷൻ അഥവ ജനിതക വിഘടനം ചിന്താവിഷയമായത്. മനുഷ്യനിലും ചെടികളിലും എന്നു വേണ്ട എല്ലാ ജീവജാലങ്ങളിലും ജനിതക മാറ്റം സംഭവിച്ചു. ഇത് 1958-59 കാലഘട്ടത്തിൽ കോളേജുകളിൽ ജനറ്റിക്സ് പഠിച്ചിരുന്ന വിദ്യാർത്ഥികൾ അത്ഭുതത്തോടെ മനസ്സിലാക്കി.
ഡാർവിൻ്റെ പരിണാമ സിദ്ധാന്തം, മെൻഡലിൻ്റെ
ലോ ഒഫ് ഹെർഡിറ്റി എന്നിവ വിശ്വസിക്കണം എന്ന് തോന്നിത്തുടങ്ങി. ഇന്ന് പല സസ്യങ്ങൾക്കും ജനിതകമാറ്റം വരുത്തുന്നുണ്ട്. ഇത് വലിയ ഒരു വിപ്ലവമൊന്നുമല്ല. ഒരു ക്രോമസോമിന് വ്യതിയാനം വന്നാൽ പുതിയ ഒരു ജീവി അല്ലെങ്കിൽ സസ്യം ഉണ്ടാകും. അത് ആരെങ്കിലും മനഃപൂർവം ചെയ്യണമെന്നില്ല. നമ്മുടെ മൊബൈൽ ടവറുകൾ പടർത്തുന്ന റേഡിയേഷൻ മതി ജനിതക മാറ്റം സംഭവിക്കാൻ. ചൈനയിലെ വുഹാൻ പ്രവശ്യയിൽ ഫ്ളൂ വൈറസുകൾക്ക് വ്യതിയാനം വന്നിട്ട് കൊറോണ ഉണ്ടായി എന്ന് വിശ്വസിക്കാം; വിശ്വസിക്കാതിരിക്കാം. എന്നാൽ ഇത് ഇന്നത്തെ സാഹചര്യത്തിൽ എവിടേയും സംഭവിക്കാം. വസ്ത്രങ്ങൾ ശുദ്ധമാക്കുവാൻ അലക്കുന്നു. പൊടിയും മാറാലയും മാലിന്യങ്ങളും നീക്കം ചെയ്യാൻ വീട്, ശരീരം, വാഹനങ്ങൾ ഇവയെല്ലാം നാം വൃത്തിയാക്കുന്നു. അതു പോലെ പ്രകൃതിയെ, പഞ്ചഭൂതങ്ങളെ വൃത്തിയാക്കി, ബലപ്പെടുത്തി അവയ്ക്ക് രോഗ പ്രതിരോധ ശക്തി കൊടുക്കുക എന്നത് രാജധർമ്മം ആയിരുന്നു. അതാണ്
മഹർഷിമാർ ചെയ്തിരുന്നത്. അന്ന് ഭരണകർത്താക്കൾ ഇത് ചെയ്യിച്ചിരുന്നു. ഇന്ന് ഇത്തരത്തിൽ പ്രകൃതി നിയമങ്ങളുടെ പരിപാലനം നടക്കുന്നില്ല. അതിന് ആർക്കും സാധിക്കുന്നില്ല.
സൂര്യൻ്റെ ശക്തിയെ പ്രാണശക്തി എന്ന് പറയുന്നു. ലോകത്തിൻ്റെ പിതാവെന്ന് സൂര്യനെ ജ്യോതിഷം വിശേഷിപ്പിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിക്ക് വൈറ്റമിൻ ഡി വേണമെന്നും അത് സൂര്യപ്രകാശത്തിൽ നിന്നുമാണ് ലഭിക്കുന്നതെന്നും
ലോകം മനസിലാക്കിത്തുടങ്ങിയപ്പോഴേക്കും
സൂര്യന്റെ ആ ശേഷി പ്രയോജനപ്പെടുത്താനാകാത്ത
അവസ്ഥയായിത്തീർന്നു. വ്യാഴം ശരീരത്തിന് ആവശ്യമായ രോഗപ്രതിരോധ ശക്തി നൽകുന്നതു കൊണ്ടാകണം ലക്ഷം ദോഷാ ഗുരോ ഹന്തി എന്ന് പറയുന്നത്. അതായത് ലക്ഷക്കണക്കിന് ദോഷങ്ങളെ വ്യാഴം ഇല്ലാതാക്കും എന്നർത്ഥം.
പൊതുവേ ലോകത്തിന് അനുകൂലമല്ലാത്ത ഗ്രഹസ്ഥിതികളാണ് ഇപ്പോൾ ഉള്ളത്. വ്യാഴത്തിന്റെ ഗ്രഹണം സെപ്തംബർ 23 വരെയുണ്ട്. അത് കഴിഞ്ഞാൽ വ്യാഴം ബലവാനായിത്തീരുന്നു. ആ സ്ഥിതി 2020 നവംബർ വരെയുണ്ട്. അതിനാൽ സെപ്തംബർ അവസാനം മുതൽ അതായത് കന്നിമാസത്തോടെ രോഗഭീതി ഒഴിഞ്ഞ് ജനങ്ങൾ ആരോഗ്യവാന്മാരായിത്തീരും. നമ്മുടെ ക്ഷേത്രങ്ങളിൽ ദോഷപരിഹാരം ചെയ്യുന്നത് വ്യക്തികൾക്ക് മാത്രമാണ് ; ലോകത്തിനല്ല.
അതിനാൽ സുമനസുകളും സംഘടനകളും
മുന്നോട്ട് വന്ന് പൊതു പരിഹാരങ്ങളായ
മൃത്യുഞ്ജയം, ധന്വന്തരി, വായുസ്തുതി, സർപ്പശാന്തി,
മഹാഗണപതി തുടങ്ങിയ ഹോമാദികൾ ചെയ്ത് അതാത് ഭൂവിഭാഗങ്ങളെ ശുദ്ധമാക്കണം.
പണ്ട് ഒരു കുലം, ഒരു കുല ദേവത, കുലാചാര്യൻ, കുലാധിപൻ, എന്നിങ്ങനെ ഉണ്ടായിരുന്നു. ഇതിന് വ്യതിയാനം സംഭവിച്ചതോടെ ഒരു ഭൂഭാഗത്തു തന്നെ പലതരം രീതികളും ആചാരങ്ങളും അനുസരണ ഇല്ലായ്മയും വളർന്നു. അതോടെ നിയന്ത്രിക്കാൻ മാർഗ്ഗമില്ലാതെയായി. ഇതിന് മാറ്റം വരികയാണ് അടിയന്തരമായി വേണ്ടത്. നമുക്ക് മുകളിൽ ഒരു ദൈവം ഉണ്ടെന്നും അത് പഞ്ചഭൂതങ്ങളായി നില കൊള്ളുന്നു എന്നും അതിന്റെ പിതാവ് അഥവാ സൃഷ്ടികർത്താവ് സൂര്യൻ ആണെന്നും പ്രകൃതിയെയും ആചാരങ്ങളെയും ധ്വംസിച്ചാൽ അത് തിരിച്ചടിക്കുമെന്നും അതിനെ നേരിടാനുള്ള കഴിവ് മനുഷ്യരാശിക്കില്ല എന്നും മനസിലാക്കണം. അലോപ്പതി ചികിത്സയിൽ മരുന്നു കുറിപ്പടിയുടെ മുകളിൽ ഡോക്ടർമാർ Rx എന്ന് എഴുതുന്നത് ഗ്രീക്കിലെ വ്യാഴം അഥവാ മെഡിസിൻ ഗോഡിന്റെ ചിഹ്നമാണെന്ന കാര്യം നാം മറന്നു കൂടാ.
(ജ്യോതിഷം, രത്നശാസ്ത്രം, സംഖ്യാശാസ്ത്രം,
തുടങ്ങി എല്ലാ പ്രവചനശാഖകളിലും അപാര പാണ്ഡിത്യമുള്ള ഡോ. വി.എസ്.രാമകൃഷ്ണൻ നായർ ബാംഗ്ലൂരിലാണ് ഇപ്പോൾ സ്ഥിരതാമസം. എറണാകുളത്തും കൺസൾട്ടേഷനുണ്ട്. സെന്റർ ഫോർ അസ്ട്രോളജിക്കൽ റിസർച്ച് ഡെവലപ്പ്മെന്റ് എന്ന പ്രസിദ്ധ സ്ഥാപനത്തിന്റെ പ്രസിഡന്റാണ്. രത്നനിർദ്ദേശം തുടങ്ങി എല്ലാ ജ്യോതിഷപരമായ പ്രശ്നങ്ങൾക്കും ഉപദേശം തേടാൻ ബന്ധപ്പെടാം.
+91 9349166669, email: astrodoctor@gmail.com)