Tuesday, 7 May 2024
AstroG.in

ഞായറാഴ്ച പ്രദോഷം നോറ്റാൽ
ദാരിദ്ര്യദുഃഖശമനം, സർവ്വൈശ്വര്യം

ജോതിഷി പ്രഭാസീന സി പി
ശ്രീപരമേശ്വര പ്രീതി നേടാൻ ഏറ്റവും ഉത്തമമാണ് പ്രദോഷ വ്രതം. പ്രദോഷവ്രതം തികഞ്ഞ ഭക്തിയോടെ നോറ്റാൽ സർവ്വപാപവും നശിച്ച് എല്ലാ ആഗ്രഹങ്ങളും സാധിച്ച ശേഷം ശിവലോക പ്രാപ്തി നേടാം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷ പൂജ നടത്തുന്നത്. മാസത്തില്‍ കുറഞ്ഞത് രണ്ട് ത്രയോദശി തിഥി വരും. അതിനാൽ കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും 2 പ്രദോഷ വ്രതം ആചരിക്കാം. ചിലർ കറുത്തപക്ഷ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കാറുണ്ട്. പുണ്യക്രിയകള്‍ക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് പ്രദോഷം. തിങ്കൾ പ്രദോഷവും, ശനി പ്രദോഷവും ശ്രേഷ്ഠമാണ്. ഇതിന് ഇരട്ടിഫല സിദ്ധിയുണ്ട്.

2022 ജൂൺ 12 ഞായറാഴ്ച ഇടവത്തിലെ ശുക്ലപക്ഷ പ്രദോഷ വ്രതമാണ്. ഇത് നോറ്റാൽ ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, സത്കീർത്തി, സന്തുഷ്ട കുടുംബം, വിവാഹലബ്ധി, സന്താനസൗഭാഗ്യം തുടങ്ങി സർവ്വൈശ്വര്യങ്ങളും ലഭിക്കും. മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണ് പ്രദോഷം. പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടുന്നു എന്നാണ് സങ്കല്പം. ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതുന്നു. മഹാലക്ഷ്മി ഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കുന്നു. അങ്ങനെ പ്രദോഷ സന്ധ്യാ സമയത്ത് കൈലാസത്തില്‍ മുപ്പത്തി മുക്കോടി ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ട്. അതിനാൽ ഈ തിഥിയിലെ പ്രദോഷ സന്ധ്യാവേളയില്‍ ശിവ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ സന്തോഷവതിയായ പരാശക്തിയുടെയും മഹാദേവന്റെയും മാത്രമല്ല എല്ലാ ദേവീദേവന്മാരുടെയും കടാക്ഷവും അനുഗ്രഹവും ലഭിക്കും.

മനസും ശരീരവും ഒരുപോലെ ശുദ്ധമാക്കി പ്രദോഷവ്രതം അനുഷ്ഠിക്കണം. ദുഷിച്ച കൂടുകെട്ടുകൾ, ലഹരി വസ്തുക്കൾ, മത്സ്യമാംസാദികൾ, പരദ്രോഹചിന്ത ഇവ പാടില്ല. വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ആരെയും ദ്രോഹിക്കരുത്. മനസ് ഈശ്വര ചിന്തയിൽ ഏകാഗ്രമാക്കി കഴിയണം. സ്ത്രീപുരുഷബന്ധം പാടില്ല. പുകവലി, വെറ്റില മുറുക്ക് ഇതൊന്നും പാടില്ല. പ്രദോഷത്തിന്റെ തലേന്ന് ഒരിക്കലെടുക്കണം. പ്രദോഷ ദിവസം ഉപവാസമായി വ്രതം അനുഷ്ഠിക്കണം. രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം പ്രദോഷ പൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പ്രദോഷ പുജയിൽ പങ്കെടുത്ത് ഭഗവാന് കരിക്ക് നേദിക്കണം. പഞ്ചാക്ഷരീമന്ത്രം 108 തവണയോ ജപിക്കണം. അന്ന് ബ്രാഹ്മമുഹൂർത്തിൽ കൂടി ജപിച്ചാൽ അത്യുത്തമം. പഞ്ചാക്ഷരീസ്തോത്രം, ശിവ സഹസ്രനാമം, ശിവപുരാണപാരായണം, ശിവാഷ്ടകം, മറ്റ് ശിവ സ്തുതികൾ, ഭജനകൾ എന്നിവയും ഭക്തിപൂർവ്വം ചൊല്ലുക. പ്രദോഷപൂജ, ദീപാരാധന ഇവയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും അവിലോ, മലരോ, പഴമോ കഴിച്ച് പാരണ വിടുക. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാം. മാസംതോറുമുള്ള ഏതെങ്കിലും ഒരു പ്രദോഷമെങ്കിലും അനുഷ്ഠിച്ചാൽ ശത്രു ദോഷ, ശാപദോഷങ്ങൾ അടക്കമുള്ള എല്ലാവിധ ദുരിതങ്ങളും ശമിക്കും. ശത്രുവില്‍ നിന്ന് മോചനമേ ആഗ്രഹിക്കാവൂ ; ശത്രുനാശത്തിന് പ്രാര്‍ത്ഥിക്കരുത്. ദാരിദ്ര്യദു:ഖങ്ങൾ ശമിക്കുന്നതിനും സത്കീര്‍ത്തിക്കും സന്താനലബ്ധിക്കും രോഗശാന്തിക്കും എല്ലാവിധത്തിലെ ഉന്നതിക്കും ഐശ്വര്യത്തിനും പ്രദോഷവ്രതം ഏറ്റവും ഉത്തമമാണ്. ഗൃഹസ്ഥാശ്രമ ജീവിതത്തിലെ ബാധ്യതകൾ തീര്‍ന്നവര്‍ മാത്രമേ മോക്ഷപ്രാപ്തിക്ക് പ്രാര്‍ത്ഥിക്കാവൂ.

ജാതകത്തില്‍ ആദിത്യദശ വരുമ്പോൾ പ്രദോഷവ്രതം അനുഷ്ഠിച്ചാല്‍ ഉദ്ദിഷ്ടകാര്യം അതിവേഗം സാധിക്കും. ജാതകത്തില്‍ ഇഷ്ടദേവന്‍ ആദിത്യനാണെങ്കില്‍ പ്രദോഷവ്രതം നോൽക്കുന്നത് ഏറെ ഐശ്വര്യപ്രദമാണ്. ദീര്‍ഘായുസും സമ്പത്തും ലഭിക്കും. ജീവിതാവസാനം സായൂജ്യവും കരഗതമാകും. ജാതകത്തില്‍ ആദിത്യന്‍ അനിഷ്ടഷസ്ഥാനത്തു നില്‍ക്കുന്നവര്‍ക്ക് പ്രദോഷവ്രതാചരണം മൂലം അരിഷ്ടതകള്‍ ഒഴിഞ്ഞു പോകും.
ജോതിഷി പ്രഭാസീന സി പി,

+91 9961442256

Story Summary: Significance of Pradosha Viratham

error: Content is protected !!