ഞായറാഴ്ച വൈകാശി വിശാഖം;
ഈ മന്ത്രങ്ങൾ സർവ്വദോഷ സംഹാരി
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
പരമശിവന്റെ തൃക്കണ്ണിലെ അഗ്‌നിയിൽ നിന്നും അവതരിച്ച മൂർത്തിയായ ശ്രീ മുരുകന്റെ അവതാര ദിനമാണ് വൈകാശി വിശാഖം. ഇത്തവണ ഇത് ജൂൺ 12 ഞായറാഴ്ചയാണ്. സുബ്രഹ്മണ്യൻ, ശരവണൻ, ഷൺമുഖൻ, വേലായുധൻ, ആണ്ടവൻ, കാർത്തികേയൻ, ജ്ഞാനപ്പഴം, ഗുഹൻ, ശിവകുമാരൻ ഇങ്ങനെ പല പേരുകളിൽ പൂജിക്കുന്ന ശിവപാർവ്വതീ പുത്രൻ ധീരനും അജയ്യനുമായ ദേവസേനാപതിയാണ്. ഗണപതി ഭഗവാന്റെ ഇളയ സഹോദരനും, ഇന്ദ്രന്റെ മരുമകനുമായ മുരുകനാണ് അഗസ്ത്യമുനിയെ തമിഴ് വ്യാകരണം പഠിപ്പിച്ചത്. പിതാവായ ശിവന് പ്രണവ മന്ത്രപ്പൊരുൾ ഉപദേശിച്ചവൻ എന്ന് വരെ വേലായുധനെ ഭക്തർ വാഴ്ത്തുന്നു.
സ്കന്ദഷഷ്ഠി, തൈപ്പൂയം എന്നിവ പോലെയുള്ള ശ്രീ മുരുകന്റെ ഒരു സുപ്രധാന ആണ്ടു വിശേഷമാണ് ഇടവമാസത്തിലെ വൈകാശി വിശാഖ മഹോത്സവം. ഇടവത്തിലെ വിശാഖം നക്ഷത്രം ദിവസം യഥാവിധി മുരുകനെ പൂജിച്ച് പ്രാർത്ഥിച്ചാൽ ഏറ്റെടുക്കുന്ന ഏത് പ്രവൃത്തിയിലും വിജയം സുനിശ്ചിതമെന്നാണ് വിശ്വാസം. ഈ ദിവസം മുരുകന് പഴം, അപ്പം എന്നിവ സമർപ്പിച്ച് പ്രാർത്ഥിച്ചാൽ നിത്യജീവിതം സന്തോഷകരമാകും. ദു:ഖദുരിതങ്ങളെല്ലാം വാതിൽപ്പടിക്ക് പുറത്തു നിൽക്കും. മുരുകനിൽ ത്രിമൂർത്തികളും അടങ്ങുന്നു എന്ന് പറയാറുണ്ട്. മുകുന്ദൻ, രുദ്രൻ, കമലോത്ഭവൻ എന്നീ ത്രിമൂർത്തികളുടെ നാമത്തിന്റെ ഏകരൂപമാണ് മുരുകൻ. അതുകൊണ്ട് മുരുകനെ തൊഴുത് പ്രാർത്ഥിച്ചാൽ ത്രിമൂർത്തികളെയും വണങ്ങിയ ഫലം കിട്ടുന്നു.
അതാത് ദൈവങ്ങളുടെ അവതാര ദിവസം വഴിപാട് നടത്തിയും മന്ത്രങ്ങളും സ്തോത്രങ്ങളും ജപിച്ചും അവരെ പ്രീതിപ്പെടുത്തിയാൽ ദുരിതങ്ങൾ അകന്ന് ഭയരഹിതമായ ജീവിതം ലഭിക്കുമെന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ മുരുകന്റെ ജന്മനക്ഷത്രമായ വൈകാശി വിശാഖ സുദിനത്തിൽ വ്രതമനുഷ്ഠിച്ച് ഭഗവാനെ പ്രാർത്ഥിച്ചാൽ സമൃദ്ധിയും സന്തോഷവും നിറഞ്ഞ ജീവിതം ലഭിക്കും. ഈ ദിവസം ശ്രീ മുരുകന്റെ ക്ഷേത്രത്തിൽ ഇരുന്ന് സ്‌കന്ദഷഷ്ഠി കവചം പാരായണം ചെയ്താൽ കാര്യവിജയം ലഭിക്കും.
വൈകാശി വിശാഖ വ്രതം നോൽക്കുന്നവർ തലേന്ന് ഒരിക്കലെടുക്കണം. വ്രതദിവസം അതിരാവിലെ എഴുന്നേറ്റ് സ്‌നാനം കഴിഞ്ഞ് ആദ്യം ഗണപതിയെ വന്ദിക്കണം. ശേഷം മുരുകന്റെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കത്തിച്ചു വച്ച് മുരുക സ്‌തോത്രങ്ങളും
മന്ത്രങ്ങളും ജപിച്ച് പ്രാർത്ഥിക്കണം. ഈ ദിവസം ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുന്നതും അത്യുത്തമമാണ്. പഞ്ചാമൃതാഭിഷേകം, ഇളനീർ അഭിഷേകം എന്നിവയെല്ലാം നല്ലതാണ്. ഈ ദിവസം അന്നദാനം നടത്തുന്നത് അഭിവൃദ്ധിയേകും. കൂടാതെ നിത്യവും മുരുകനെ ധ്യാനിച്ച് പ്രാർത്ഥിച്ചാൽ ഏത് ദുർഘടവസ്ഥയേയും അതി ജീവിക്കാനുള്ള ശക്തിയും ധൈര്യവും ലഭിക്കുന്നു.
ഓം വചത്ഭുവേ നമഃ, ഓം ശരവണ ഭവ എന്നീ മുരുക സർവ്വദോഷ സംഹാരിയാണെന്നാണ് വിശ്വാസവും അനുഭവവും. ജീവിതവിജയത്തിന് ഈ മന്ത്രങ്ങൾ
നിത്യവും ജപിക്കുന്നത് ഉത്തമമാണ്.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
- 91 9847575559
Story Summary: Vikashi Vishakham Vritham and Worshipping