Saturday, 23 Nov 2024
AstroG.in

തടസം തീരാനും പുരോഗതിക്കും മാസം തോറും ജന്മനാളിൽ ഗണപതി ഹോമം

ജ്യോതിഷരത്നം വേണു മഹാദേവ്

എല്ലാ മാസവും ജന്മനക്ഷത്രത്തിന് ഗണപതി ഹോമം നടത്തുന്നത് ജീവിതത്തിൽ പുരോഗതി ഉണ്ടാകുന്നതിനും സകലദോഷ പരിഹാരത്തിനും നല്ലതാണ്. ഏറ്റവും ചെറിയ രീതിയിലും വളരെ വിപുലമായും ഗണപതി ഹോമം നടത്താം.

നാളികേരത്തിന്‍റെ എണ്ണം കൂട്ടിയാണ് വിപുലമായി ഗണപതി ഹോമം ചെയ്യുന്നത്. 108, 336, 1008 ക്രമത്തിലാണ് നാളികേര സംഖ്യ കൂട്ടുന്നത്. ഹോമത്തിന്‍റെ അവസാനം 24 മോദകവും 24 എള്ളുണ്ടയും ചേര്‍ത്ത് ഹോമിച്ചാല്‍ പരിപൂര്‍ണ്ണ ഫലസിദ്ധി ലഭിക്കും.

എട്ട് നാളികേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്താണ് നിത്യവും ക്ഷേത്രങ്ങളിൽ അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തുന്നത്. ഉണങ്ങിയ നാളികേരമാണ് ഹോമത്തിന് ഉപയോഗിക്കുക. തേങ്ങ, ശര്‍ക്കര, തേന്‍, കരിമ്പ് , അപ്പം, അട, മലര്‍, പഴം, എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. തന്ത്ര ഗ്രന്ഥത്തിൽ പറയുന്നത് കരിമ്പ്, മലർപ്പൊടി, പഴം, അവൽ, എള്ള്, മോദകം നാളികേരം, മലർ എന്നിവയാണ്.

വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കാനാണ് ഗണപതി ഹോമം നടത്തുന്നത്. തീരെ കുറഞ്ഞ ചെലവില്‍ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം.

ഏതു കർമ്മം ആരംഭിക്കുന്നതിനു മുന്‍പും ഗണപതിയെ വന്ദിക്കുന്നതാണ് ഗണപതി ഹവനം. ഗണപതി സ്മരണയോടെ ചെയ്യുന്ന പ്രവൃത്തികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കാം എന്നാണ് അനുഭവം. സിദ്ധി, ബുദ്ധി, ഐശ്വര്യം ഇവയെല്ലാം നല്‍കുന്ന അഭീഷ്ടദായകനാണ് ഗണേശൻ. ഗണപതി വന്ദനത്തിന്റെ ഭാഗമായി ഗണപതിക്കൊരുക്ക് പതിവാണ്. പടുക്ക വയ്ക്കുക എന്നും ഇത് അറിയപ്പെടുന്നു. ഗൃഹപ്രവേശത്തിനും മുൻപും പുതിയ സംരംഭങ്ങൾ ആരംഭിക്കുമ്പോഴും കേതു ദോഷം കാരണം മംഗല്യം വൈകുമ്പോഴും ഗണപതി ഹോമം പതിവാണ്.

വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമം നടത്തുക പതിവുണ്ട്. ആചാരങ്ങൾ പാലിക്കുന്ന വീടുകളിൽ നിത്യാനുഷ്ഠാന ഭാഗമായി ഒറ്റ നാളികേരം കൊണ്ട് ഗണപതി ഹോമം നടത്താറുണ്ട്. വിഘ്ന നിവാരണം, വിവാഹഭാഗ്യം, സന്താന ഭാഗ്യം, കാര്യസിദ്ധി, കലഹ മോചനം, വശ്യം, ദാമ്പത്യദുരിത മുക്തി തുടങ്ങി സകല അവശ്യങ്ങൾക്കും ഭക്തർ ഗണപതി ഭഗവാനെ ആശ്രയിക്കാറുണ്ട്. ഇതിൽ ഒരോ ആവശ്യത്തിനും ഒരോ ദ്രവ്യങ്ങളാലാണ് ഗണപതി ഹോമം നടത്തുന്നത്. വിവിധ ആവശ്യങ്ങൾക്ക് ഹോമിക്കേണ്ട ദ്രവ്യങ്ങൾ:

വിവാഹസിദ്ധി: ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയം‌വര മന്ത്രാര്‍ച്ചനയോടെ ഹോമിക്കണം. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും.

കാര്യസിദ്ധി: ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണ നെയ് ഹോമിക്കണം.

ഐശ്വര്യം: കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കണം.

സന്താനഭാഗ്യം: സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഹോമിക്കണം.

ഭൂമിലാഭം: താമര മൊട്ടില്‍ വെണ്ണ പുരട്ടി ഹോമിക്കണം.

പിതൃപ്രീതി: എള്ളും അരിയും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തണം.

ദാമ്പത്യകലഹം തീരാന്‍: ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും ജന്മനക്ഷത്ര ദിവസങ്ങളിൽ സംവാദ സൂക്തം ചൊല്ലി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളികേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.

വശ്യം: മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിക്കണം. ത്രയംബക മന്ത്രം കൊണ്ടാണ് കറുക ഹോമിക്കുക. സ്വയംവര മന്ത്രം കൊണ്ട് തെച്ചി ഹോമിക്കും. അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കുന്നു.

ശത്രുദോഷം: ഉച്ഛിഷ്ടഗണപതിമന്ത്രം ജപിച്ച് വേപ്പിൻ ചമത ഹോമിച്ചാൽ ശത്രു ദോഷം തീരും.

സമ്പത്ത് : ലക്ഷ്മീവിനായക മന്ത്രം ജപിച്ച് ഗണപതി ഹോമം നടത്തിയാൽ സമ്പത്ത് വർദ്ധിക്കും.

ആയുർവർദ്ധന: മൃത്യുഞ്ജയ ഹോമദ്രവ്യങ്ങൾ കൊണ്ട് ഗണപതി ഹോമം നടത്തിയാൽ ആയുർ ദോഷങ്ങൾ പരിഹരിക്കും.

ജ്യോതിഷരത്നം വേണു മഹാദേവ്, +91 984 747 5559

Copyright 2021  © neramonline.com. All rights reserved.

error: Content is protected !!