Tuesday, 3 Dec 2024
AstroG.in

തടസമകറ്റാൻ പഴമാല, ഐശ്വര്യത്തിന് താമര മാല; കൊട്ടാരക്കര ഗണപതിക്ക് വിശേഷ വഴിപാടുകൾ

മംഗള ഗൗരി
കേരളത്തിലെ ഗണപതിക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. രേഖകളിൽ ഈ ക്ഷേത്ര നാമം മണികണ്ഠേശ്വരം ശിവക്ഷേത്രമെന്നാണ്. പ്രധാനദേവത ശിവനാണെങ്കിലും പ്രാധാന്യം ഗണപതിക്കാണ്. പുത്രന്റെ ദാരുണാന്ത്യ ശേഷം അലഞ്ഞു തിരിഞ്ഞ പെരുന്തച്ചൻ ഇവിടെയുമെത്തി. ആ
അവസരത്തിൽ കണ്ട ഒരു പ്ലാവിൻ വേരിൽ അദ്ദേഹം 2 കൊമ്പുള്ള ഒരു ഗണപതി വിഗ്രഹം കൊത്തിയെടുത്തു. ഇത് ശിവ ക്ഷേത്രത്തിന്റെ അഗ്‌നികോണിൽ പ്രതിഷ്ഠിച്ചതോടെ മണികണ്ഠേശ്വരം ക്ഷേത്രം ഏറെ പ്രസിദ്ധിയിലേക്ക് ഉയർന്നു. കേതു ദോഷം ശമിപ്പിക്കാൻ സവിശേഷ സിദ്ധിയുള്ള ഗണപതിയെയാണ് പെരുന്തച്ചൻ ഇവിടെ പ്രതിഷ്ഠിച്ചത്. ആയിരത്തി നാന്നൂറോളം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന് എന്നാണ് വിശ്വാസം.

ഉണ്ണിയപ്പം വഴിപാടിലൂടെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ ഗണപതിയെ ദർശിച്ച് കഴിവിനൊത്ത വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ വിവാഹതടസം, ഔദ്യോഗിക പ്രതിസന്ധി, ശത്രുദോഷം വിദ്യാതടസം എന്നിവ മാറിക്കിട്ടും. എല്ലാ ദോഷങ്ങൾക്കും ശാന്തിയും ലഭിക്കും. ധനാഭിവൃദ്ധിയും ഉണ്ടാകും. വിഘ്‌നനിവാരണത്തിന് പഴമാല ചാർത്താണ് ഇവിടുത്തെ പ്രധാന വഴിപാട്. ഐശ്വര്യാഭിവൃദ്ധിക്ക് താമരമൊട്ട് മാല ചാർത്തണം. കേതുദോഷശാന്തിക്ക് കറുകമാല ചാർത്തുകയാണ് വേണ്ടത്. ചിങ്ങത്തിലെ വിനായക ചതുർത്ഥി ദിവസം മാത്രമാണ് കൊട്ടാരക്കര ഗണപതിയെ പുറത്തെഴുന്നള്ളിക്കുന്നത്. അന്ന് മാത്രമേ മോദകം വഴിപാട് നടത്താറുള്ളു. അഷ്ട ദ്രവ്യ ഗണപതി ഹോമമാണ് മറ്റൊരു പ്രധാന വഴിപാട്. മേടമാസത്തിലെ തിരുവാതിരയാണ് ഉത്സവം. പുനപ്രതിഷ്ഠാവാർഷികം. തൈപ്പൂയം, മണ്ഡലപൂജ എന്നിവയും ആഘോഷിക്കുന്നു.

മംഗള ഗൗരി

Story Summary : Kottarakkara Maha Ganapathy Temple, Special offerings


error: Content is protected !!