Saturday, 23 Nov 2024
AstroG.in

തടസവും ദുരിതവും ദോഷവും അകറ്റാൻ ചിട്ടകൾ വേണ്ടാത്ത 9 മന്ത്രങ്ങൾ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും തടസം, എന്നും എപ്പോഴും ദുരിതം, എത്ര കഷ്ടപ്പെട്ടാലും ഉയര്‍ച്ച ഉണ്ടാകാതിരിക്കുക ഇതെല്ലാമാണ് പൊതുവേ ശത്രുദോഷത്തിന്റെ പ്രധാന സൂചനകൾ. എന്നാൽ ഇതേ ലക്ഷണങ്ങള്‍ മറ്റ് കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. അതിനാൽ ഉത്തമനായ ഒരു ജ്യോതിഷനെ കൊണ്ട് ജാതകം പരിശോധിച്ച് ദോഷത്തിന്റെ കാഠിന്യവും ഗൗരവവും മനസിലാക്കണം. ചിലർക്ക് ഇങ്ങനെ ജ്യോതിഷനെ കാണാനും ആ രീതിയിൽ പെട്ടെന്ന് പരിഹാരം നിശ്ചയിക്കാനും സൗകര്യവും സാഹചര്യവും ലഭിച്ചെന്ന് വരില്ല. അവർ ഉടൻ തന്നെ ഹനുമാന്‍ സ്വാമിയെ അഭയം പ്രാപിക്കണം. ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിച്ച് വെറ്റിലമാല ചാര്‍ത്തുന്നതിലൂടെ കുറെയൊക്കെ ദോഷങ്ങള്‍ മാറും. നരസിംഹമൂർത്തി, അയ്യപ്പന്‍, ശിവന്‍, മഹാവിഷ്ണു, ദുര്‍ഗ്ഗ, ഭദ്രകാളി, ഗണപതി, സുബ്രഹ്മണ്യന്‍, ഗരുഡന്‍ തുടങ്ങിയ മൂർത്തികളെയും ശത്രുദോഷ പരിഹാരത്തിന് പ്രാർത്ഥിക്കാവുന്നതാണ്. ശത്രുദോഷമകറ്റാന്‍ ചിട്ടകളൊന്നും ആവശ്യമില്ലാത്ത ചില ജപങ്ങളുണ്ട്. അതിൽ 9 ജപങ്ങൾ ഇവിടെ :

നരസിംഹം
ഓം നമോഭഗവതേ നരസിംഹായ നമഃ
(64 വീതം 2 നേരം 64 ദിനം)

അയ്യപ്പന്‍
ഓം ആര്യായനമഃ
(36 വീതം 2 നേരം 41 ദിനം)

മഹാദേവൻ
ഓം നമഃശിവായ
(108 വീതം 2 നേരം 51 ദിനം)

ദുര്‍ഗ്ഗ
ഓം ജയദുര്‍ഗ്ഗായൈ നമഃ
( 36 വീതം 2 നേരം 48 ദിനം)

ഭദ്രകാളി
ഓം രക്തായൈനമഃ
(108 വീതം 2 നേരം 12 ദിനം)

ഗരുഡന്‍
ഓം വൈനതേയായ നമഃ
(64 വീതം 2 നേരം 64 ദിനം)

ഗണപതി
ഏകദന്തായ വിദ്മഹേ വക്രതുണ്ഡായ ധീ
മഹി തന്നോ ദന്തി പ്രചോദയാത്
(108 വീതം 2 നേരം 57 ദിവസം)

സുബ്രഹ്മണ്യന്‍
ഓം വിശാഖായ നമഃ
(48 വീതം 2 നേരം 64 ദിനം)

മഹാവിഷ്ണു
ഓം നമോ ഭഗവതേ ഗോവിന്ദായ നമഃ
(54 വീതം 2 നേരം 64 ദിനം)
ശത്രുദോഷശാന്തിക്ക് സഹായിക്കുന്ന ശക്തമായ മറ്റ് ചില മന്ത്രങ്ങൾ ഉണ്ട്. നരസിംഹ മന്ത്രം, ഹനുമദ് മന്ത്രം, ആഞ്ജനേയ മഹാമന്ത്രം, ശൂലിനിമന്ത്രം, ലഘുസുദര്‍ശനമന്ത്രം എന്നിവയാണ് അതിൽ പ്രധാനം. നരസിംഹമന്ത്രം നിത്യവും 12 പ്രാവശ്യം എങ്കിലും ചൊല്ലുക. ശത്രുനാശം ഉണ്ടാകും. ഹനുമദ് മന്ത്രം 48 വീതം 2 നേരം ചൊല്ലുക, ശത്രുദോഷമകലും. ആഞ്ജനേയമഹാമന്ത്രം 84 വീതം 2 നേരം ജപിക്കണം; ദൃഷ്ടിദോഷം, ശത്രുദോഷം എന്നിവ പൂര്‍ണ്ണമായും മാറും. ലഘുസുദര്‍ശനമന്ത്രം 108 വീതം 84 ദിവസം ജപിക്കുക. പ്രാക്ക് ദോഷങ്ങള്‍, ദൃഷ്ടിദോഷം, ശത്രുദോഷം എന്നിവയെല്ലാമകലും. നിത്യജപത്തിനും നല്ലതാണ്. ശൂലിനിമന്ത്രം 144 വീതം 2 നേരം ജപിക്കാം, ശത്രുദോഷം നീങ്ങും. ആശങ്കകളും ഭയവും അകലും.

നരസിംഹ മന്ത്രം
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം
(നിത്യവും 12 തവണ )

ഹനുമദ് മന്ത്രം
ഓം ഹം ഹനുമതേ നമഃ
(48 വീതം 2 നേരം)

ആഞ്ജനേയമഹാമന്ത്രം
ഓം നമോ ഭഗവതേ
ആഞ്ജനേയായ മഹാബലായ
വീരായ ഹം ഹനുമതേ
മഹാവീരാത്മനേ നമഃ
(84 വീതം 2 നേരം)

ലഘുസുദര്‍ശനമന്ത്രം
ഓം സഹസ്രാരഹും ഫട്
(108 വീതം 84 ദിവസം)

ശൂലിനിമന്ത്രം
ഓം ഹ്രീം ജ്വലജ്വല ശൂലിനി
ദുഷ്ട ഗ്രഹഹം ഫട്
(നിത്യവും 144 വീതം 2 നേരം)

പല കാരണങ്ങൾ കൊണ്ടും ശത്രുദോഷമുണ്ടാകാം. പ്രത്യക്ഷമായ എതിർപ്പും പരോക്ഷമായ എതിർപ്പും. സ്നേഹഭാവത്തിൽ അടുത്ത് കൂടി നിന്നുള്ള ശത്രുതയും അസൂയയും കുശുമ്പും ശാപവുമെല്ലാം കാരണം ശത്രുദോഷം സംഭവിക്കാം. സൗഹൃദത്തിൽ പറ്റിക്കൂടി നിൽക്കുന്ന ശത്രുക്കളാണ് ഏറ്റവും അപകടകാരികൾ. ജാതകം വിശദമായി പരിശോധിച്ച് ഇതെല്ലാം കണ്ടെത്തുകയും പരിഹാരകര്‍മ്മം ചെയ്യുകയുമാണ് കടുത്ത ശത്രുദോഷങ്ങൾക്കുള്ള ശരിയായ പോംവഴി. ക്ഷേത്രങ്ങളിൽ പൊതുവേ നടത്തുന്ന പ്രധാന ശത്രുസംഹാരകര്‍മ്മം രക്തപുഷ്പാഞ്ജലിയാണ്. സുദര്‍ശനഹോമവും നരസിംഹഹോമവും ഇതിന് പരിഹാരമാണ്. കടുത്ത ശത്രുദോഷം മാറാന്‍ പ്രത്യുംഗിരാഹോമം നല്ല കർമ്മികളെക്കൊണ്ട് ചെയ്യിച്ചാൽ ഫലം ലഭിക്കും.

ശത്രുദോഷം മാറാൻ ചരട് ജപിച്ചു കെട്ടുന്നത് തല്‍ക്കാലശാന്തിയാണ്. എന്നാൽ വിധി പ്രകാരം പ്രാവീണ്യമുള്ളവർ നിഷ്ഠയോടെ തയ്യാറാക്കുന്ന യന്ത്രം ധരിക്കുന്നത് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യും. ശത്രുദോഷം മാറ്റാന്‍ ഏതു ദേവതയെയും പ്രാര്‍ത്ഥിക്കാം. ഇതിൽ പ്രധാനം നരസിംഹം, ഭദ്രകാളി,ഹനുമാന്‍, ശിവന്‍ എന്നിവരാണ്. എന്തായാലും ശത്രുക്കളുടെ നാശത്തിനല്ല ഇതിലൂടെ നമ്മൾ പ്രാർത്ഥിക്കുന്നത്; അവരിലെ ശത്രു ഭാവത്തിന്റെ നാശത്തിനാണ്.

സംശയ നിവാരണത്തിന് ബന്ധപ്പെടാം:

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

2 thoughts on “തടസവും ദുരിതവും ദോഷവും അകറ്റാൻ ചിട്ടകൾ വേണ്ടാത്ത 9 മന്ത്രങ്ങൾ

  1. Thirumeni, namaskaram, Lalithtaha Sahasranamam manthropadesam illathe japickan padundo?

    1. മന്ത്രോപദേശംനേടി ജപിക്കുന്നതാണ് നല്ലത്. അപ്പോൾ മന്ത്രം ഉച്ചാരണം തെറ്റാതെ ജപിക്കാൻ സാധിക്കും.

Comments are closed.

error: Content is protected !!