തടസ്സങ്ങൾ അകറ്റി എല്ലാ മോഹങ്ങളും സഫലമാക്കുന്ന ഗണേശ മന്ത്രങ്ങൾ
ഡോ.രാജേഷ് പുല്ലാട്ടിൽ
ഗണപതിഭഗവാനെ പൂജിക്കാതെ ആരംഭിക്കുന്ന ഒരു കർമ്മത്തിനും പൂർണ്ണ ഫലപ്രാപ്തിയുണ്ടാകില്ല. എന്നാൽ ഗണപതി ഭഗവാൻ പ്രസാദിച്ചാലാകട്ടെ എല്ലാ തടസ്സങ്ങളും ഒഴിഞ്ഞു പോകുമെന്ന് മാത്രമല്ല എല്ലാ മോഹങ്ങളും സഫലമാകുകയും ചെയ്യും. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയെ നയിക്കുന്നത് കൊണ്ടാണ് ഭഗവാൻ ഗണനായകനായത്. ആനയുടെ മുഖമുള്ളതിനാൽ ഗജാനനൻ എന്നും ഗജമുഖനെന്നും വിളിക്കുന്നു. വിഘ്നങ്ങൾ ഇല്ലാതാക്കുന്നത് കൊണ്ട് വിഘ്നേശ്വരനായി. വലിയ ഉദരമുള്ളതിനാൽ ലംബോദരനായി.
ഇതു കൂടാതെ അനേകം നാമങ്ങൾ ഭഗവാന് ഗണേശ പുരാണത്തിൽ പറയുന്നുണ്ട്. അതിലെ 21 നാമങ്ങൾ കോർത്ത ഗണേശ ഏകവിംശതി നാമാവലി നിത്യവും പ്രഭാതത്തിൽ ജപിച്ചാൽ എല്ലാ കർമ്മ വിഘ്നങ്ങളും അകലും. ശുഭകാര്യങ്ങളും യാത്രകളും തുടങ്ങുമ്പോൾ ഈ നാമങ്ങള്‍ ജപിക്കുകയോ സ്മരിക്കുകയോ വേണം. എങ്കിൽ ഗണേശാനുഗ്രഹത്താല്‍ സര്‍വകാര്യങ്ങളും മംഗളകരമാകും; ആഗ്രഹ സാഫല്യമുണ്ടാകും.
എല്ലാത്തിനും മുൻപേയുള്ള മഹാഗണപതി ഭക്തരെ അനുഗ്രഹിക്കുന്നതിനാണ് പാർവ്വതീ – പരമേശ്വര പുത്രനായി അവതരിച്ചത്. ശിവ പാർവ്വതിമാർ ആനയുടെ രൂപം ധരിച്ച് ലീലയാടിയപ്പോഴാണ് ഗണപതി ഭഗവാൻ ജനിച്ചതെന്ന് ഐതിഹ്യമുണ്ട്. വിഷ്ണു ഭഗവാൻ തന്നെ ഗണപതിയായി അവതരിച്ചു എന്ന് മറ്റൊരു കഥ. ദേവി കാർത്തികേയനെ ലാളിക്കുന്നത് കണ്ടപ്പോൾ പാർവ്വതീ പുത്രനാകാൻ വിഷ്ണു ആശിച്ചത്രേ. പത്മനാഭന്റെ ഈ ആഗ്രഹം സാധിച്ചു കൊടുക്കാൻ മഞ്ഞൾ കുഴച്ച് ദേവി അതിസുന്ദരനായ ഒരു ബാലന് ജീവനേകി. ഈ ബാലനെ കാവൽ നിറുത്തി പാർവ്വതി കുളിക്കാൻ പോയ സമയത്ത് മഹാദേവൻ വന്നു. ആളറിയാതെ ബാലൻ ശിവനെ
തടഞ്ഞു നിറുത്തി. ക്ഷിപ്രകോപിയായ ശിവൻ ത്രിശൂലം കൊണ്ട് ബാലന്റെ ശിരസറുത്തു. സങ്കടപ്പെട്ട് കരഞ്ഞ ദേവിയിൽ നിന്നും കാര്യം ഗ്രഹിച്ച ശ്രീപരമേശ്വരൻ
ആനയുടെ ശിരസ് ചേർത്ത് മകന് പുനർജന്മം നൽകി ഗണപതിയെന്ന് പേരിട്ട് തന്റെ ഭൂതഗണങ്ങളുടെ നായകനാക്കി.
വിഷ്ണുവിന്റെ അവതാരമെന്ന സങ്കല്പമാണ് വൈഷ്ണവ ഗണപതിക്ക് പിന്നിലുള്ളത്. അത്തത്തിനു പുറമെ വൈഷ്ണവ നക്ഷത്രമായ തിരുവോണവും ഗണപതിയുടെ ജന്മനക്ഷത്രമായി കണക്കാക്കുന്നതിന് കാരണം ഇതാണ്. നവഗ്രഹങ്ങളിൽ കേതുവിന്റെ അധിപൻ ഗണപതിയാണ്. കേതു ദോഷങ്ങൾ തീർക്കാൻ ഗണപതിയെ പുജിക്കണം. അത്തം, തിരുവോണം, ചതുർത്ഥി, വെള്ളിയാഴ്ച എന്നീ ദിവസങ്ങളാണ് ഗണേശ പൂജയ്ക്ക് ഉത്തമം. ഈ ദിവസങ്ങളിലും ഭക്തരുടെ ജന്മനക്ഷത്ര ദിവസവും ഗണപതി ഹോമം നടത്തിയാൽ തടസങ്ങളെല്ലാം അകന്നു പോകും. അത്തം, തിരുവോണം നക്ഷത്രങ്ങളിൽ ജനിച്ചവരും കേതു നക്ഷത്രാധിപനായ അശ്വതി, മകം, മൂലം നക്ഷത്രക്കാരും പതിവായി ഓം ഗം ഗണപതയേ നമഃ തുടങ്ങിയ ഇഷ്ട മന്ത്രങ്ങൾ കൊണ്ട് പതിവായി ഗണേശനെ ആരാധിച്ചാൽ എല്ലാ ദോഷങ്ങളും തീരും.
ഗണേശ ഏകവിംശതി നാമാവലി
ഓം ഗണം ജയായ നമഃ
ഓം ഗണപതയേ നമഃ
ഓം ഹേരംബായ നമഃ
ഓം ധരണീധരായ നമഃ
ഓം മഹാഗണപതയേ നമഃ
ഓം ലക്ഷ്യപ്രദായ നമഃ
ഓം ക്ഷിപ്രപ്രസാദനായ നമഃ
ഓം അമോഘ സിദ്ധയേ നമഃ
ഓം അമിതായ നമഃ
ഓം മന്ത്രായ നമഃ
ഓം ചിന്താമണയേ നമഃ:
ഓം നിധയേ നമഃ
ഓം സുമംഗളായ നമഃ
ഓം ബീജായ നമഃ
ഓം ആശാപൂരകായ നമഃ
ഓം വരദായ നമഃ
ഓം ശിവായ നമഃ
ഓം കാശ്യപായ നമഃ
ഓം നന്ദനായ നമഃ
ഓം വാചാ സിദ്ധായ നമഃ
ഓം ഢും ഢി വിനായക നമഃ
ഡോ.രാജേഷ് പുല്ലാട്ടിൽ, +91 90377 48752
Story Summary: Significance of 21 Ganesha Mantra Recitation