Saturday, 23 Nov 2024
AstroG.in

താരാദേവി പ്രസാദിച്ചാല്‍ വ്യാഴ ദോഷങ്ങൾ പരിഹരിക്കും

എസ്. ശ്രീനിവാസ് അയ്യര്‍

ജ്യോതിഷത്തില്‍ നവഗ്രഹദോഷശാന്തിക്കായി ‘ദശമഹാവിദ്യകളെ’ എക്കാലം മുതലാണ് ആരാധിച്ച് തുടങ്ങിയത് എന്ന് വ്യക്തമല്ല. ഏറ്റവും ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ ബൃഹജ്ജാതകത്തില്‍ ഗ്രഹപ്രീതിക്കായി സൂര്യന് അഗ്‌നിയേയും ചന്ദ്രന് ജലത്തെയും വ്യാഴത്തിന് ഇന്ദ്രനേയും ഭജിക്കാനാണ് ഗ്രന്ഥകാരനായ വരാഹമിഹിരന്‍ നിര്‍ദ്ദേശിക്കുന്നത്. പില്‍ക്കാല ജ്യോതിഷഗ്രന്ഥങ്ങളില്‍ ദേവതാസങ്കല്പം ഒരുപാട് വിപുലമായി. അങ്ങനെയാവണം മാതംഗി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, താര, ശ്രീകമല, കാളി, ഛിന്നമസ്താ, ധൂമാവതി, ഭൈരവി എന്നീ പത്ത് ദേവതകള്‍ അഥവാ ദശമഹാവിദ്യകള്‍ ആരാധിക്കപ്പെട്ടു തുടങ്ങിയത്.

വ്യാഴപ്രീതിക്കും ദോഷശാന്തിക്കും താരയെ ഭജിക്കുന്നവര്‍ ഇന്ന് ഏറെയുണ്ട്. തരണം ചെയ്യുന്നവള്‍, ക്ലേശ ദുരിതാദികളില്‍ നിന്നും രക്ഷിക്കുന്നവള്‍ ആണ് താര. താന്ത്രികഗ്രന്ഥങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്ന അമ്മ ദൈവമാണ് താര. വടക്ക് കിഴക്കന്‍ ഭാരതത്തിലും ബുദ്ധമത വിശ്വാസികളുടെ ഇടയിലും താരയെ ആരാധിക്കുന്നവരുണ്ട്. നമ്മുടെ പുരാണങ്ങളില്‍ ‘നീലസരസ്വതി’ എന്ന പേരിലും താര അറിയപ്പെടുന്നു. ഭക്തര്‍ക്കിടയില്‍ ‘നീലസരസ്വതി സ്‌തോത്രം’ പ്രചാരത്തിലുണ്ട്. വാക്കിന്റെ ഈശ്വരിയാണ് താര. വാക് പ്രവാഹത്തിന്റെ വിവിധ ഘട്ടങ്ങളിലൊന്നായ (പരാദി ചത്വാരി) പശ്യന്തിയുടെ അധിഷ്ഠാനദേവതയും താരയാണ്. താരാദേവി പ്രസാദിച്ചാല്‍ ജാതകന്‍ വാഗ്മിയും കവിയും ആയിമാറും.

താരയ്ക്ക് മൂന്ന് രൂപങ്ങളുണ്ട്; മൂന്ന് ഭാവങ്ങളും. സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ രൂപങ്ങളില്‍ താരയെ ആരാധിക്കുന്നു. ഒപ്പം സാത്വികം, രാജസം, താമസം എന്നീ ഭാവങ്ങളിലും. മൂന്ന് വ്യത്യസ്ത ധ്യാനങ്ങളും നിലവിലുണ്ട്. വെളുപ്പ്, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ ഗുണത്രയങ്ങൾ അനുസരിച്ച് താരയുടെ നിറം മാറുന്നു. ഭാവപ്പകര്‍ച്ച സംഭവിക്കുകയാണ്..

ജ്യോതിഷം താരയെ എങ്ങനെയാണ് നോക്കി കാണേണ്ടത് എന്ന് ‘അനുഷ്ഠാന വിജ്ഞാനകോശ’ ത്തില്‍ മനീഷിയായ ഡോ. കെ. ബാലകൃഷ്ണവാര്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലഗ്‌നം, 4, 5, 9 എന്നിവ ജാതകത്തിലെ സാത്വികഭാവങ്ങള്‍. ഒരാളുടെ ഗ്രഹനിലയില്‍ വ്യാഴം ഈ ഭാവങ്ങളിലാണെങ്കില്‍ ആ വ്യക്തി സൃഷ്ടികാരിണിയായ, സാത്വികരൂപിണിയായ താരയെ ഉപാസിക്കണം. വെള്ള വസ്ത്രമുടുത്ത് അരയന്നത്തില്‍ ഇരിക്കുന്ന താരയ്ക്ക് നാലുമുഖങ്ങളും എട്ട് കൈകളുമുണ്ട്. ശബ്ദസമുദ്രമായ ആകാശത്തിലാണ് വാസം.

2, 7, 10, 11 എന്നീ ഭാവങ്ങള്‍ രാജസങ്ങളാണ്. ഒരാളുടെ ഗ്രഹനിലയില്‍ വ്യാഴം ഈ ഭാവങ്ങളിലാണെങ്കില്‍ സ്ഥിതികാരണിയും രാജസരൂപിണിയുമായ താരാദേവിയെ വേണം സമാശ്രയിക്കുവാന്‍. ചുവന്നപട്ടുടുത്ത് ചുവന്ന സിംഹാസനത്തിലാണ് ദേവിയുടെ ഇരുപ്പ്. ഒരു മുഖമേയുള്ളു. എന്നാല്‍ നാലുതൃക്കൈകളുണ്ട്. ശ്വേതദീപിലാണ് താമസം.

പന്ത്രണ്ട് ഭാവങ്ങളില്‍ 3, 6, 8, 12 എന്നിവ താമസ ഭാവങ്ങള്‍. വ്യാഴം ഗ്രഹനിലയില്‍ ഇവകളിൽ ഒന്നിലാണെങ്കില്‍ സംഹാരരൂപിണിയും തമോഗുണാത്മികയുമായ ശ്രീ താരയെ ആരാധിക്കണം. കറുത്ത വസ്ത്രമുടുത്ത് തോണിയിലിരിക്കുന്ന താരയ്ക്ക് ഒമ്പത് മുഖങ്ങളുണ്ട്. പതിനെട്ട് കൈകളും. രക്തസമുദ്രത്തിലാണ് ദേവി കുടികൊള്ളുന്നത്.

താരയ്ക്ക് ഇപ്രകാരമുളള മൂന്ന് ധ്യാനങ്ങളും മൂലമന്ത്രവും ഗായത്രിയും അഷ്ടോത്തര സഹസ്രനാമാദികളും ഉണ്ട്. അവയെല്ലാം തന്നെ ശക്തങ്ങളാകയാല്‍ വിധിയാംവണ്ണം പഠിക്കുകയും ഉപാസിക്കുകയും വേണം. മാത്രവുമല്ല, വ്യാഴപ്രീതിക്ക് അല്ലെങ്കിൽ വ്യാഴ ദോഷശാന്തിക്ക് ഏതു ദേവനെ, ദേവിയെ, ദേവതാഭാവത്തെ ഭജിക്കണമെന്ന് സ്വയം തീരുമാനിക്കരുത്. കുടുംബജ്യോത്സനെയോ പുരോഹിതനെയോ സമീപിക്കുകയും അവരുടെ ഉപദേശപ്രകാരം മന്ത്രദീക്ഷ കൈക്കൊള്ളുകയും വേണം. അതിനുമേലാവണം ജപധ്യാനപൂജാദികള്‍ നിര്‍വഹിക്കാന്‍. ഈ ലേഖകന്റെ നവഗ്രഹ പുസ്തകങ്ങളില്‍ ഇത്തരം പല അപൂര്‍വവിഷയങ്ങളും പര്യാലോചനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. കൂടുതല്‍ വായിക്കാനും മറ്റു നാളുകളെക്കുറിച്ചറിയാനും ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക…
https://avanipublicationstvm.blogspot.com/

എസ്. ശ്രീനിവാസ് അയ്യര്‍,
+91 98460 23343
അവനി പബ്ലിക്കേഷൻസ്, തിരുവനന്തപുരം

Story Summary: Significance of Thara Devi Bhajanam for Removing Vyazha Dosham

error: Content is protected !!