Friday, 20 Sep 2024
AstroG.in

താലി പൊട്ടിയാല്‍ എന്താണ് പരിഹാരം?

ദാമ്പത്യബന്ധത്തിന്റെ  പവിത്രമായ പ്രതീകമാണ്താലി. കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിനും സുഖസമൃദ്ധമായ, സന്തോഷകരമായ ജീവിതത്തിനുമെല്ലാം ആയുര്‍ബലത്തോടെ ഭാര്യയും ഭര്‍ത്താവും ഉണ്ടാകണം. ഐശ്വര്യ സമൃദ്ധിയോടെയും പരസ്പര പ്രേമത്തോടെയും 100 വയസ്‌ വരെയും ജീവിക്കാന്‍ കഴിയട്ടെ എന്നതാണ് താലി ധരിക്കുമ്പോൾ ജപിക്കുന്ന മന്ത്രത്തിന്റെ അര്‍ത്ഥം. അതുകൊണ്ട് തന്നെ എപ്പോള്‍ ഭര്‍ത്താവും കുടുംബവും ഇല്ലാതാകുന്നോ അപ്പോള്‍ മാത്രമാണ് തലിയും ഇല്ലാതാകുന്നത്. പണ്ടുകാലത്ത്  ഭര്‍ത്താവിന്റെ ചിതയിൽ അഴിച്ചെടുത്ത താലി ദഹിപ്പിക്കുമായിരുന്നു. അത്ര പ്രാധാന്യം താലിക്ക് നമ്മുടെ വിശ്വാസത്തിലും ആചാരങ്ങളിലുമുണ്ട്.ഈശ്വരസന്നിധിയിൽ പൂജിച്ച് ധരിക്കുന്ന താലി നഷ്ടപ്പെടുകയോ, പൊട്ടിപ്പോവുകയോ ചെയ്യുന്നത് ദാമ്പത്യം തകരുന്നതിന്റെ  ദുസൂചനയായി കണക്കാക്കുന്നു. അതുകൊണ്ടാണ്  മറ്റ് ആഭരണങ്ങളെപ്പോലെ താലിമാല സ്ത്രീകള്‍ അഴിച്ചു വയ്ക്കാത്തത്. മന്ത്രപൂര്‍വ്വം അണിയുന്ന താലി ഒരിക്കലും കഴുത്തില്‍ നിന്ന് മാറ്റാന്‍ പാടില്ല എന്നാണ് വിശ്വാസം. യാദൃശ്ചികമായി താലി പൊട്ടിയാല്‍ തന്നെ ദേവിക്ക് അശ്വാരൂഢ മന്ത്രാര്‍ച്ചനയും ശിവന് മൃത്യുജ്ഞയാര്‍ച്ചനയും ചെയ്യുകയും ഉടന്‍ തന്നെ താലി നന്നാക്കി ധരിക്കുകയും വേണം. താലി ശരിയാക്കി  കിട്ടുവാന്‍ താമസം വന്നാല്‍ ഒരു മഞ്ഞള്‍ കഷണം ചരടില്‍ കെട്ടി കഴുത്തില്‍ അണിയണം. ഇക്കാലത്തും  താലിയെ സംബന്ധിച്ച ഇത്തരം ആചാരങ്ങള്‍ ഒരു പരിധിവരെ പാലിക്കുവാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കുന്നുണ്ട്. തിങ്കളാഴ്ച വ്രതം, ഉമാ മഹേശ്വര പൂജ, ദമ്പതികള്‍ക്ക് ഭക്ഷണം വസ്ത്രം ദാനം എന്നിവയെല്ലാം ദാമ്പത്യ ഭദ്രതക്ക് നല്ലതാണ്. ദമ്പതിമാരുടെ ആയുരാരോഗ്യത്തിന് മൃത്യുഞ്ജയാര്‍ച്ചന, ജലധാര, കൂവളമാല എന്നിവ നല്ലതാണ്.

– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

1 thought on “താലി പൊട്ടിയാല്‍ എന്താണ് പരിഹാരം?

Comments are closed.

error: Content is protected !!