Sunday, 29 Sep 2024
AstroG.in

തിങ്കളാഴ്ച കുത്തിയോട്ട വ്രതം തുടങ്ങും; ദോഷ, ദുരിത മുക്തിക്ക് ആറ്റുകാൽ പൊങ്കാല

പി.എം ബിനുകുമാർ

ലക്ഷക്കണക്കിന് ഭക്തരെ ദോഷങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മോചിപ്പിച്ച് ആഗ്രഹസാഫല്യം നൽകുന്ന പൊങ്കാല മഹോത്സവത്തിൻ്റെ മൂന്നാം ദിവസമായ തിങ്കളാഴ്ച ബാലന്മാരുടെ കുത്തിയോട്ടം വ്രതം തുടങ്ങും. 12 വയസ്സിന് തഴെയുള്ള ബാലന്മാരാണ് കുത്തിയോട്ട വ്രതം നോൽക്കുന്നത്. ഫെബ്രുവരി 19 ന്
രാവിലെ 9:30 നാണ് കുത്തിയോട്ടവ്രതാരംഭം.

മഹിഷാസുര മർദിനിയുടെ മുറിവേറ്റ ഭടന്മാരായാണ് ഈ കുത്തിയോട്ട ബാലന്മാരെ സങ്കൽപിക്കുന്നത്. രാവിലെ പന്തീരടി പൂജകൾക്ക് ശേഷമാണ് കുത്തിയോട്ട വ്രതം
തുടങ്ങുന്നതിനുള്ള ഒരുക്കം ആരംഭിക്കുക. ഒൻപതാം ഉത്സവ നാളായ പൊങ്കാല ദിവസമാണ് കുത്തിയോട്ട വഴിപാട്. അതുവരെയുളള 7 നാൾ കുത്തിയോട്ട നേർച്ചക്കാരായ ബാലന്മാർ വ്രതം നോറ്റ് ക്ഷേത്രത്തിൽ തന്നെ കഴിയും. കുത്തിയോട്ടം നടത്തുന്ന ബാലന്മാർ ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനോടെ ക്ഷേത്ര നടയിൽ നിൽക്കും. മേൽശാന്തിയോട് ‘ഞാൻ പള്ളിപലകയിൽ പള്ളിപ്പണം അർപ്പിക്കട്ടെ’ എന്നു ചോദിക്കുകയും ‘അർപ്പിച്ചുകൊള്ളൂ’ എന്ന് അദ്ദേഹം മറുപടി പറയുകയും, ഏഴ് വെള്ളി നാണയങ്ങൾ പള്ളി പലകയിൽ സമർപ്പിച്ച് നമസ്‌കരിക്കുകയും ചെയ്യുന്നു. മേൽശാന്തിയിൽ നിന്നും പ്രസാദം സ്വീകരിച്ച് വന്ദിക്കുന്നു. പള്ളിപ്പണ സമർപ്പണ ശേഷം ക്ഷേത്രപ്രദക്ഷിണവും, നമസ്‌കാരവും നടത്തും. അഞ്ച് പ്രദക്ഷിണം ചെയ്യുന്നു. ആദ്യ നാൾ 3 നമസ്‌കാരം നടക്കും. ഏഴു ദിവസം കൊണ്ട് തിരുമുമ്പിൽ 1008 നമസ്‌കാരം ഓരോ കുത്തിയോട്ട ബാലന്മാരും നടത്തണം എന്നാണ് വിധി. കുത്തിയോട്ട നേർച്ചക്കാർ കർശനമായ ചിട്ടകൾ പാലിക്കേണ്ടതാണ്. ഏഴ് ദിവസം ക്ഷേത്രത്തിൽ താമസിക്കുന്ന കുട്ടികളെ ദിവസവും വന്നുകാണാൻ മാതാപിതാക്കൾക്ക് അനുവാദമുണ്ട്. പുറത്തുനിന്നുള്ള ആഹാരം കൊടുക്കാനും അവരെ സ്പർശിക്കാനും പാടില്ല. ദിവസവും അഞ്ചുനേരത്തെ കുളി ഉണ്ട്. മൂന്നു നേരത്തെ കുളിയിൽ തല തോർത്തരുത്. ദിനചര്യ മാറ്റത്തിലൊന്നും നേർച്ചക്കുട്ടികൾക്ക് അസുഖങ്ങളോ മറ്റ് വിഷമങ്ങളോ ഉണ്ടാകാറില്ല.

ഒൻപതാം ഉത്സവ ദിവസമായ ഫെബ്രുവരി 25 ഞായറാഴ്ച രാവിലെ 10.30 നാണ് പൊങ്കാല അടുപ്പിൽ തീ പകരുന്നത്. തോറ്റം പാട്ടുകാർ പാണ്ഡ്യരാജാവിന്റെ വധം പാടിക്കഴിയുമ്പോൾ ശംഖനാദം മുഴങ്ങും. ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് പണ്ടാര അടുപ്പിൽ കൊളുത്താനുള്ള ദീപം പകർന്ന് മേൽശാന്തിക്ക് ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിക്ക് നൽകും. അദ്ദേഹം അത് തിപ്പള്ളിയിലെ അടുപ്പിൽ കൊളുത്തിയിട്ട് സഹമേൽശാന്തിമാർക്ക് നൽകും. അവരാണ് പണ്ടാര അടുപ്പിൽ തീ പകരുക. ഇതേ സമയം ലക്ഷക്കണക്കിന് ഭക്തരുടെ പൊങ്കാല അടുപ്പുകളിൽ അഗ്നിജ്വലിക്കും. ആശ്രയിക്കുന്ന മക്കളെ ഒരിക്കലും കൈവിടാത്ത ആറ്റുകാലമ്മയുടെ ഇഷ്ടവഴിപാടായ പൊങ്കാല തിളച്ചു തൂവും. ഉച്ച തിരിഞ്ഞ് 3.30 ന് നിവേദ്യം നടക്കുന്നതോടെ ലക്ഷക്കണക്കിന് ഭക്തരുടെ ഒരാണ്ടത്തെ പ്രാർത്ഥനകൾ സഫലമാകും.

കുത്തിയോട്ട ദിവസം കുട്ടികൾ പട്ടുടുത്ത് കിരീടംവച്ച് കണ്ണെഴുതി പൊട്ടുകുത്തി അണിഞ്ഞൊരുങ്ങും. ഈ കുട്ടികളെ അഞ്ചു പേരടങ്ങിയ സംഘമായി തിരിച്ച് ഓരോ സംഘത്തിനും നിശ്ചയിച്ചിട്ടുള്ള താളമേളങ്ങളോടെ അമ്മയുടെ തിരുമുമ്പിലെത്തിക്കുമ്പോൾ അവർ പ്രദക്ഷിണം വച്ചുതൊഴുത് പൂച്ചെണ്ടുമായെത്തും. ശേഷം ബാലന്മാരെ ചൂരൽ കുത്തുന്നു. വെള്ളിയിലുണ്ടാക്കിയ ചെറിയ ഒരുതരം കൊളുത്തുകൾ വാരിയെല്ലിന് താഴെ കുത്തുന്നതാണ് ഈ ചടങ്ങ്. ചൂരൽ കുത്തു കഴിഞ്ഞ് ദേവീപ്രസാദമായ പൂമാലയും ചാർത്തി, പൊങ്കാല നാളിലെ ആറ്റുകാലമ്മയുടെ പുറത്തെഴുന്നള്ളത്തിന് ഇവർ അകമ്പടി സേവിക്കും. മഹിഷാസുരമർദ്ദിനിയായ ജഗദംബയുടെ മുറിവേറ്റ ഭടന്മാരായിട്ടാണ് ബാലന്മാരെ സങ്കൽപ്പിക്കുന്നത്. ഘോഷയാത്ര കഴിഞ്ഞ് തിരികെ വന്ന് ചൂരലഴിക്കും വരെ ഇവർ ഭഗവതിയുടെ ഭടന്മാരാണ്. വഴി നീളെ സ്വീകരണം ഏറ്റുവാങ്ങി ആറ്റുകാൽ അമ്മയെ സഹോദരനായ മണക്കാട് ശ്രീധർമ്മ ശാസ്ത്രാ ക്ഷേത്രത്തിൽ എത്തി അവിടെ കുറച്ചു വിശ്രമിച്ച് ഇറക്കി പൂജയും മറ്റ് വിശേഷാൽ പൂജകളും നടത്തും. പിറ്റേന്ന് പുലർച്ചെയാണ് തിരിച്ചെഴുന്നള്ളത്ത്. രാവിലെ 8 മണിക്ക് ദേവിയെ അകത്തെഴുന്നള്ളിച്ച് പ്രത്യേക ദീപാരാധന നടത്തും. അമ്മയുടെ ശക്തി ആവാഹിച്ച് തിടമ്പ് ശിരസ്സിലേറ്റി വന്ന കൊമ്പനാന 3 തവണ അമ്മേ….. എന്ന ശബ്ദമുണ്ടാക്കി നമസ്‌കരിക്കുന്നത് ആറ്റുകാലിലെ പ്രത്യേകതയാണ്. അതുവരെ വ്രതശുദ്ധിയോടെ അമ്മയുടെ തിരുമുമ്പിൽ കഴിഞ്ഞ ബാലന്മാർ ക്രമപ്രകാരം ചൂരൽ അഴിച്ച് വ്രതം പൂർത്തിയാക്കുന്നു. പത്താം ഉത്സവ ദിവസം രാത്രി 9.45 ന് കാപ്പഴിക്കും. രാത്രി 12.30 ന് കുരുതി തർപ്പണത്തോടെ മഹോത്സവത്തിന് സമാപനമാകും.

ഉത്സവകാലത്ത് ഏഴാം ഉത്സവവും പത്താം ഉത്സവവും ഒഴികെ എല്ലാ ദിവസവും പുലർച്ചെ 4.30 ന് ഭഗവതിയെ പള്ളി ഉണർത്തും. 5 മണിക്കാണ് നിർമ്മാല്യ ദർശനം. ഓരോരോ പൂജകൾക്കൊപ്പം ഉച്ചയ്ക്ക് 12 .30 വരെ ദർശനം ലഭിക്കും. ഒരു മണിക്ക് നട അടയ്ക്കും. വൈകിട്ട് 5 ന് വീണ്ടും തുടങ്ങുന്ന ദർശനം രാത്രി ഒരു മണി വരെ തുടരും. ഇടയ്ക്ക് പൂജകൾക്കായി നിയന്ത്രണം കാണും. ഏഴാം ഉത്സവമായ ഫെബ്രുവരി 23 ന് രാവിലെ 7 മണി മുതലാണ് ദർശനം.

ചുടുകട്ട കൊണ്ട് അടുപ്പുതീർത്ത് അതിൽ കൊതുമ്പ് , ചൂട്ട് എന്നിവകളാൽ അഗ്‌നിതെളിച്ച് മൺകലം വച്ച് അരി, ശർക്കര, നാളികേരം എന്നിവ കൊണ്ട് നിവേദ്യമുണ്ടാക്കി സ്ത്രീകൾ സ്വയം ദേവിക്ക് സമർപ്പിക്കുന്ന പൊങ്കാല വ്രതനിഷ്ഠയോടെയുളള ആത്മസമർപ്പണമാണ്.

വ്രത ദിവസങ്ങളിൽ വീട്ടിൽ മത്സ്യമാംസാദികൾ വർജ്ജിക്കണം. സാധാരണ വ്രത നിയമങ്ങൾ എല്ലാം പാലിക്കണം. പൊങ്കാല ദിവസം പൊങ്കാല തിളച്ച ശേഷമേ ജലപാനം പോലും പാടുള്ളൂ. കരിക്കോ, പഴമോ, കഴിച്ച് വ്രതം അവസാനിപ്പിക്കാം. പൊങ്കാല സമർപ്പിച്ചാൽ ആഗ്രഹസിദ്ധി, വിവാഹലബ്ധി, രോഗശമനം, ഉദ്യോഗലബ്ധി, കുടുംബഭദ്രത, സന്താനാഭിവൃദ്ധി തുടങ്ങി എല്ലാ സൗഭാഗ്യങ്ങളും ലഭിക്കും.

  • പി.എം ബിനുകുമാർ +919446750927

Story Summary: Attukal Ponkala Festival and Kuthiyottam Vritham


error: Content is protected !!