തിങ്കളാഴ്ച വ്രതം മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ കുടുംബജീവിതത്തിനും ഉത്തമം
തരവത്ത് ശങ്കരനുണ്ണി
പാർവ്വതീസമേതനായ ശിവഭഗവാന്‍റെ ദിവസമാണ് തിങ്കളാഴ്ച. അന്ന് ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഇത് ഉത്തമ മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യ ദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യ പ്രശ്‌നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമാണ്. സോമവാര വ്രതാനുഷ്ഠാനം ശിവ കുടുംബപ്രീതിക്ക് കാരണമാകും എന്നതും പ്രത്യേകതയാണ്.
ഭഗവാന്‍റെ അർദ്ധപകുതി ശ്രീപാർവ്വതീദേവി ആയതിനാൽ, തിങ്കളാഴ്ച ദിവസം ശിവപാര്‍വ്വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. “നമ:ശിവായ ശിവായ നമഃ”എന്ന മൂലമന്ത്രം 108 പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്. ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും ഒരേ പ്രാധാന്യം നൽകി ജപിക്കാം. ഉമാമഹേശ്വരസ്തോത്രവും ജപിക്കണം. കൂടാതെ ശിവക്ഷേത്രത്തിൽ പാർവതീ ദേവിയെ ധ്യാനിച്ച് തുമ്പപ്പൂക്കളും (വെളുത്തപുഷ്പങ്ങൾ) ശ്രീ പരമേശ്വരനെ ധ്യാനിച്ച് കൂവളത്തിലയും നടയ്ക്കൽ സമർപ്പിക്കുന്നതും അത്യുത്തമമാണ്.
അന്ന് കഴിയുന്നത്ര തവണ “ഓം നമഃശിവായ” എന്ന പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ശ്രീ പാർവതീ ദേവിയുടെ മൂലമന്ത്രമായ ”ഓം ഹ്രീം ഉമായൈ നമഃ” ജപിക്കുന്നതും നന്ന്. തിങ്കളാഴ്ച ദിനം മുഴുവൻ ശിവപാർവ്വതീ സ്മരണയിൽ കഴിച്ചുകൂട്ടുന്നത് ശ്രേഷ്ഠം.
വ്രതാനുഷ്ഠാനം എങ്ങനെ ?
മാസത്തിൽ ഒരു തിങ്കളാഴ്ച എന്നക്രമത്തിലോ, കഴിയുന്നത് തിങ്കളാഴ്ച എന്ന രീതിയിലോ വ്രതം അനുഷ്ഠിക്കാം. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ, മത്സ്യമാംസാദികൾ വെടിഞ്ഞു വ്രതം ആരംഭിക്കണം. ഞായറാഴ്ച രാത്രിയിൽ അരിയാഹാരം ഒഴിവാക്കണം. ഗോതമ്പ് കൊണ്ടുള്ള ഭക്ഷണമോ പഴങ്ങളോ കഴിക്കാവുന്നതാണ്.
തിങ്കളാഴ്ച ദിനത്തിൽ സൂര്യോദയത്തിനു മുൻപ് കുളിച്ചു ശരീരശുദ്ധി വരുത്തി ഉമാസമേത ഭഗവാനെ ഭക്തിയോടെ ഭജിക്കണം. ഭസ്മവും കുങ്കുമവും ചേർത്ത് നെറ്റിയിൽ തൊടുന്നത് ശിവശക്തീ പ്രീതികരമാണ്. തുടർന്ന് ശിവക്ഷേത്ര ദര്‍ശനം നടത്തി പിന്‍വിളക്ക്, കൂവളമാല എന്നിവ സമർപ്പിക്കുന്നതും നന്ന്.
ഒരിക്കലൂണാണ് അഭികാമ്യം. രാവിലെയും വൈകിട്ടും പഴങ്ങൾ കഴിച്ചുകൊണ്ട് ഉച്ചക്ക് ക്ഷേത്രത്തിലെ നേദ്യചോറ് കഴിച്ചു വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥമോ തുളസിവെള്ളമോ സേവിച്ചു വ്രതം അവസാനിപ്പിക്കാം. വ്രതദിവസം ശിവപുരാണവും, ദേവിമാഹാത്മ്യവും പാരായണം ചെയ്യുന്നത് ഉചിതമാണ്. സന്ധ്യയ്ക്ക് 108 തവണ “ഓം നമഃശിവായ” ജപിക്കുന്നത് ശ്രേഷ്ഠമാണ്. എല്ലാ വ്രതത്തിനും ഭക്തിയോടൊപ്പം പ്രാധാന്യം ദാനത്തിനുമുണ്ട് എന്ന് മനസിലാക്കുക.
വഴിപാടുകൾ
ഉമാമഹേശ്വര പൂജ, സ്വയംവരപുഷ്പാഞ്ജലി എന്നിവ സമർപ്പിക്കുന്നത് വിവാഹ തടസ്സം നീങ്ങാൻ ഉത്തമമാണ്. ജലധാര സമർപ്പണം നന്ന്.
വിശേഷ വ്രത ദിനങ്ങൾ
തിങ്കളാഴ്ചയും രോഹിണിയും ചേർന്ന് വരുന്ന ദിവസം. സ്വയംവരപുഷ്പാഞ്ജലി നടത്തിയാൽ പെട്ടെന്നു ആഗ്രഹസിദ്ധി ലഭിക്കും. കറുത്തവാവും തിങ്കളാഴ്ചയുമായിവരുന്ന ദിനം “അമോസോമവാരം”. എന്ന് പറയുന്നു, ഇതും വിശേഷമായി വിശ്വസിക്കുന്നു.
തരവത്ത് ശങ്കരനുണ്ണി, പാലക്കാട്. +91 9847118340
Story Summary: Significance of Somavara Vritham