Friday, 20 Sep 2024
AstroG.in

തിങ്കൾ പ്രദോഷം ഐശ്വര്യദായകം; സന്താനസൗഭാഗ്യവും ധനവും ലഭിക്കും

മംഗള ഗൗരി
ശിവപാർവതി പ്രീതി നേടാൻ ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് തിങ്കൾ പ്രദോഷം. സോമപ്രദോഷം എന്ന് പ്രസിദ്ധമായ ഈ ദിവസം ശിവഭജന, ക്ഷേത്ര ദർശനം, വഴിപാടുകൾ ഇവ നടത്തുന്നത് ഐശ്വര്യപ്രദമാണ്. ഈ ദിവസം വ്രതമെടുത്താൽ സന്തതി, യശസ്സ്, ധനം, കീർത്തി, ദാരിദ്ര്യശമനം, പാപമുക്തി, ആയുരാരോഗ്യം, എന്നിവയെല്ലാമാണ് ഫലം. ദശാദോഷം, ജാതകദോഷം എന്നിവ കാരണമുള്ള ദുരിതകാഠിന്യം കുറയ്ക്കാനും ഉത്തമമത്രേ പ്രദോഷവ്രതാനുഷ്ഠാനം. എല്ലാ മാസവും വെളുത്തപക്ഷത്തിലും കറുത്തപക്ഷത്തിലും പ്രദോഷം വരും. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിനമാണ് പ്രദോഷാചരണം. ഇതിൽ തന്നെ അപൂർവമായി വരുന്ന ശനി പ്രദോഷവും തിങ്കൾ പ്രദോഷവും ഇരട്ടി ഫലസിദ്ധി ഉള്ളതിനാൽ അതിവിശേഷമാണ്. 2023 ആഗസ്റ്റ് 28 ന് തിങ്കളാഴ്ച പ്രദോഷമാണ്. ചിങ്ങത്തിലെ ശുക്ലപക്ഷ പ്രദോഷമാണിത്. ശിവപാർവതിമാര്‍ ഏറെ പ്രസന്നരാകുന്ന വേളയാണ് ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യ. ഈ സമയത്തെ ശിവപൂജ, ക്ഷേത്ര ദർശനം പുണ്യദായകമാണ്. അന്ന് വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ കഴിയുന്നത്ര ശിവമന്ത്രങ്ങൾ, കീർത്തനങ്ങൾ എന്നിവ ജപിക്കുകയോ കേൾക്കുകയോ വേണം. മൂലമന്ത്രം ഓം നമഃ ശിവായ, ശിവ അഷ്ടോത്തരം, ശിവ ഗായത്രി എന്നിവ ജപത്തിൽ പ്രധാനമാണ്. ശിവഭഗവാനെ ആപാദചൂഢം വർണ്ണിച്ച് വന്ദിക്കുന്ന ശങ്കരധ്യാന പ്രകാരം…. 11 ത്രയോദശി പ്രദോഷ വേളയിൽ ജപിച്ചാൽ അഭീഷ്ട സിദ്ധി ഉറപ്പാണ്.
പ്രദോഷസന്ധ്യയിൽ ക്ഷേത്ര ദർശനം കഴിഞ്ഞില്ലെങ്കിലും ശിവഭജനയും വഴി പാടുകളും മുടക്കരുത്. ശിവപുരാണം പാരായണം ചെയ്യുന്നത് വിശേഷമാണ്. ശിവാഷ്ടകം ശിവസഹസ്രനാമം, എന്നിവയും പ്രദോഷ ദിവസം ജപിക്കുന്നത് നല്ലതാണ്. പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതി ദേവിയെ പീഠത്തില്‍ ഇരുത്തി ശിവന്‍ നൃത്തം ചെയ്യും. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നുവെന്നാണ് പ്രദോഷ അനുഷ്ഠാനത്തെ പറ്റിയുള്ള ഒരു വിശ്വാസം .

ഈ ദിവസം വിധി പ്രകാരം വ്രതമനുഷ്ടിക്കുന്നതിലൂടെ സകല പാപങ്ങളും നശിക്കും. വ്രതമെടുക്കുന്നവർ തലേന്ന് ഒരു നേരമേ അരിയാഹാരം കഴിക്കാവൂ. അന്ന് രാവിലെ പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്രദർശനം നടത്തി കൂവളത്തില കൊണ്ട് അർച്ചന, കൂവളമാല സമർപ്പണം, പിൻവിളക്ക്, ജലധാര എന്നിവ നടത്തുക.
പ്രദോഷപകൽ മുഴുവൻ ഉപവാസം വളരെ നല്ലത്. അതിന് കഴിയാത്തവർ ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്നുള്ള നേദ്യച്ചോറ് കഴിക്കാം. സന്ധ്യയ്ക്ക് മുൻപായി കുളിച്ച് ശിവക്ഷേത്രദർശനം നടത്തി പ്രദോഷപൂജ, ദീപാരാധന ഇവയിൽ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം കഴിക്കുക. അവിലോ, മലരോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും ചോറു വാങ്ങി കഴിക്കണം.

ആദിത്യദശാ കാലമുള്ളവര്‍ ഈ വ്രതമനുഷ്ടിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമായിരിക്കും. ജാതകത്തില്‍ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വരുന്നവര്‍ പ്രദോഷവ്രതം നോൽക്കുന്നത് കൂടുതൽ ഐശ്വര്യപ്രദവും കൂടുതല്‍ ഫലപ്രദവുമായിരിക്കും. ഈ വ്രതത്തെപ്പറ്റിയുള്ള മറ്റൊരു കഥ പലാഴി മഥനവുമായി ബന്ധപ്പെട്ടാണ്. ദേവന്‍മാരും അസുരന്‍മാരും ചേര്‍ന്ന് അമൃതിനായി മേരുപര്‍വ്വതവും നാഗരാജാവായ വാസുകിയേയും ഉപയോഗിച്ച് പാലാഴിയെന്ന മഹാസമുദ്രം കടഞ്ഞു. സര്‍വ്വ ദേവന്‍മാരുടെയും സാന്നിധ്യത്തിലാണ് ഇത് നടന്നത്.

പാലാഴി കടഞ്ഞ് അമൃത് നേടാനായെങ്കിലും ഇതിനിടെ വാസുകി അതിനിടെ വിഷം ഛർദ്ദിക്കാനൊരുങ്ങിയത് ഏവരേയും ഭയാകുലരാക്കി. ലോകത്തെ സര്‍വ്വ ചരാ ചരങ്ങളേയും നശിപ്പിക്കാന്‍ പോന്നതായിരുന്നു വിഷം. ഈ സങ്കടത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ ഭക്തർ ശിവനെ ധ്യാനിച്ചു. ലോകത്തിന്‍റെ നന്മ ആഗ്രഹിച്ച് ശിവന്‍ കൊടിയ കാളകൂട വിഷം ഏറ്റുവാങ്ങി ഭക്ഷിച്ചു. ആ വിഷം ഭഗാവാനെ പോലും നശിപ്പിക്കാൻ ശക്തിയുള്ളതാണെന്ന് മനസ്സിലാക്കിയ പാര്‍വ്വതി ദേവി വിഷം ഭഗവാന്‍റെ ഉള്ളിൽ ഇറങ്ങാതിരിക്കാന്‍ കണ്ഠത്തിൽ ശക്തിയായി പിടിച്ചു.
അങ്ങനെ ആ വിഷം ഭഗവാന്‍റെ കണ്ഠത്തില്‍ കട്ടയായി. അതോടെ കണ്ഠം നീല നിറമായി. ഭഗവാന്‍ ലോകരക്ഷയെന്ന കര്‍മ്മമാണ് സ്വരക്ഷ മറന്നും ചെയ്തെന്നാണ് വിശ്വാസം. അതിനു ശേഷം ഭഗവാന്‍ തന്‍റെ വാഹനമായ നന്ദിയുടെ ശിരസിൽ നിന്ന് ആനന്ദ നൃത്തമാടി. ഇതൊരു പ്രദോഷ ദിവസമായിരുന്നു എന്നാണ് വിശ്വാസം. ഈ ദിവസം തിരുനീലകണ്ഠം എന്ന മന്ത്രം ഉച്ചരിച്ച് വ്രതമെടുത്താല്‍ നിഷേധാത്മകമായ ചിന്തകള്‍ മാറി സ്വന്തം കര്‍മ്മം ചെയ്യാനുള്ള ശക്തി ലഭിക്കും. കര്‍മ്മമാണ് ഏറ്റവും വലുതെന്ന ചിന്തയാണ് ശിവഭഗവാനെ കൊടിയവിഷം പോലും കുടിക്കാന്‍ പ്രേരിപ്പിച്ചത്.

Story Summary: Importance of Soma Pradosha Vritham.


error: Content is protected !!