Saturday, 23 Nov 2024
AstroG.in

തിങ്കൾ പ്രദോഷം സമ്പത്ത്, സന്താനസൗഖ്യം, ഐശ്വര്യം തുടങ്ങി എല്ലാം സമ്മാനിക്കും

മംഗള ഗൗരി
ശിവപാർവ്വതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് അതിവിശേഷമാണ്. കറുത്തപക്ഷത്തിലെയും വെളുത്തപക്ഷത്തിലെയും പ്രദോഷം നോൽക്കണം. പുലർച്ചെ കുളിച്ച് ശിവക്ഷേത്ര ദർശനം, കൂവളപ്രദക്ഷിണം ചെയ്ത് വ്രതം തുടങ്ങാം.
കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടിവരുന്ന പ്രദോഷം ഏറെ പുണ്യദായകമാണ്. അതുപോലെ തിങ്കളാഴ്ച വരുന്ന സോമപ്രദോഷത്തിനും വൈശിഷ്ട്യമേറും. 2024 മേയ് 20 ന് ഇടവമാസത്തിലെ ശുക്ലപക്ഷ തിങ്കൾ പ്രദോഷമാണ്. ഈ വർഷം ഇനി തിങ്കൾ പ്രദോഷമില്ല.

പ്രദോഷ സന്ധ്യയിൽ എല്ലാദേവതകളുടെയും സാന്നിദ്ധ്യം ശിവപൂജ നടത്തുന്നിടത്ത് ഉണ്ടാകും. അതിനാൽ ഈ നേരത്തെ ആരാധനയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ദാരിദ്ര്യ ദു:ഖശമനം, കീർത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്സ്, ക്ഷേമം, ഐശ്വര്യം എന്നിവ പ്രദാനം ചെയ്യാൻ കഴിയുന്നവരാണ് ശിവപാർവതിമാർ. ഈ സമയത്ത് ഭഗവാനെയും ഭഗവതിയെയും വ്രതം നേറ്റ് പ്രീതിപ്പെടുത്തുന്നവർക്ക് സമ്പത്ത്, സന്താനസൗഖ്യം ,
ഐശ്വര്യം തുടങ്ങി എല്ലാ ഭൗതിക അഭിവൃദ്ധിയും ലഭിക്കും.

ആദിത്യദശാകാലമുള്ളവർ ഈ വ്രതമനുഷ്ഠിക്കുന്നത് കൂടുതൽ ഐശ്വര്യപ്രദമായിരിക്കും. ജാതകത്തിൽ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാൽ അവർ പതിവായി പ്രദോഷം അനുഷ്ഠിക്കുന്നത് ഐശ്വര്യപ്രദവും കൂടുതൽ ഫലപ്രദവുമായിരിക്കും.

ത്രയോദശി പ്രദോഷസന്ധ്യയിൽ കൈലാസത്തില്‍ ശ്രീ മഹാദേവന്‍ ആനത്തോലുടുത്ത് ശ്രീപാർവതിയെ രത്‌നപീഠത്തിലിരുത്തി ആനന്ദനടനം ആടുന്നു എന്നാണ് വിശ്വാസം. ഈ വേളയില്‍ വാണീഭഗവതി വീണ വായിക്കും. ബ്രഹ്മാവ് താളം പിടിക്കും. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതും. മഹാലക്ഷ്മി ഗീതം ആലപിക്കും. വിഷ്ണു മൃദംഗം വായിക്കും. നന്ദിയും ഭൃംഗിയും നടനം ചെയ്യും. സ്തുതിപാഠകര്‍ സ്തുതിഗീതം ആലപിക്കും. ഗന്ധര്‍വ യക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ ഭഗവാനെ സേവിച്ചു നില്‍ക്കും. ഇതാണ് പ്രദോഷ സന്ധ്യാ വർണ്ണന. ഈ സമയം എല്ലാ ദേവതകളുടെയും സാന്നിദ്ധ്യം അവിടെ ഉണ്ടെന്ന് ചുരുക്കം. അതിനാൽ ശിവപാർവ്വതിമാർ ഏറ്റവും പ്രസന്നരാകുന്ന ത്രയോദശി പ്രദോഷവേളയിൽ വ്രതമെടുത്ത് പ്രാര്‍ത്ഥിക്കുന്നവർക്ക് ശിവ പാർവതി പ്രീതി മാത്രമല്ല എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും.

സൂര്യാസ്തമയത്തിന് മുൻപും പിൻപുമായി ഒന്നര മണിക്കൂർ വീതമുള്ള 3 മണിക്കൂറാണ് പ്രദോഷ വേള
ശനിയാഴ്ച വരുന്ന ശനി പ്രദോഷവും തിങ്കൾ പ്രദോഷവുമാണ് ഏറെ പ്രധാനം. വ്രതത്തിന്
തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം ഉപവസിക്കണം. അന്ന് രാവിലെയും വൈകിട്ടും കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി മറ്റ് തടസങ്ങൾ ഇല്ലെങ്കിൽ പ്രദോഷ പൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. അതിന് കഴിയുന്നില്ലെങ്കിൽ വ്രതമെടുത്ത് വീട്ടിലിരുന്ന് പഞ്ചാക്ഷരീമന്ത്രം കുറഞ്ഞത് 108 തവണ ജപിക്കണം. ശങ്കരധ്യാന പ്രകാരം, ഉമാ മഹേശ്വര സ്തോത്രം പഞ്ചാക്ഷരീ സ്തോത്രം, പ്രദോഷ
സ്തോത്രം, ശിവസഹസ്രനാമം, ശിവപുരാണം തുടങ്ങിയവയും ചൊല്ലാം. ക്ഷേത്രത്തിൽ പോകാൻ കഴിയുമെങ്കിൽ സന്ധ്യയ്ക്ക് മുൻപ് ദർശനം നടത്തി കരിക്ക് നേദിച്ച് പൂജയിൽ പങ്കെടുക്കണം. ദീപാരാധന കഴിഞ്ഞ് നിവേദ്യം വാങ്ങി കഴിച്ച് ഉപവാസം നിറുത്താം. വ്രതം അനുഷ്ഠിക്കുന്നവര്‍ ഫലമൂലാദികൾ ദാനം ചെയ്യുന്നത് നല്ലതാണ്. ഒരു പ്രദോഷമെങ്കിലും ഒരു മാസം എടുക്കുന്നതിലൂടെ ദുരിതശമനം ഉറപ്പാണ്. 11 പ്രദോഷ ദിവസം തുടർച്ചയായി ശങ്കരധ്യാനപ്രകാരം ജപിക്കുകയോ കേൾക്കുകയോ ചെയ്താൽ സർവ്വാഭീഷ്ട സിദ്ധിയാണ് ഫലം പറയുന്നത്. മണക്കാട് ഗോപൻ ആലപിച്ച ശങ്കരധ്യാന പ്രകാരം കേൾക്കാം :


Story Summary: Significance of Sukla Paksha Pradosha Viratham on 2024 May 20 Monday

Copyright 2024 Neramonline.com. All rights reserved

error: Content is protected !!