Saturday, 23 Nov 2024
AstroG.in

തിരുപ്പതി ദേവൻ കനിഞ്ഞാല്‍ അപ്രതീക്ഷിത ഭാഗ്യം; സ്വർഗ്ഗവാതിൽ ഏകാദശി ശ്രേഷ്ഠം

ശ്രീകുമാർ ശ്രീഭദ്ര
മഹാവിഷ്ണുവിന്റെ അവതാരമാണ് ബാലാജി എന്ന് അറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്‍. ഭക്തര്‍ക്ക് സകലസൗഭാഗ്യങ്ങളും നല്‍കുന്ന ഭഗവാന്‍ ദര്‍ശനം നല്‍കിയാല്‍ അത് കോടിപുണ്യമാണ്. സാമ്പത്തിക അഭിവൃദ്ധിക്കും ദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിനും തിരുപ്പതി ദര്‍ശനം ഉത്തമമാണ്. മംഗല്യസൗഭാഗ്യം ലഭിക്കുന്നതിനൊപ്പം ശനിദോഷശമനത്തിനും തിരുപ്പതി ക്ഷേത്രദര്‍ശനം ഉത്തമമാണ്. നാഗദോഷങ്ങള്‍ തീര്‍ക്കാനും കലിയുഗത്തിലെ മോക്ഷപ്രാപ്തിക്കും തിരുപ്പതിദര്‍ശനം വഴിയൊരുക്കും. ഭഗവാന്‍ അനുഗ്രഹിച്ചാല്‍ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യനുഭവങ്ങളുണ്ടാകുമെന്നാണ് വിശ്വാസം. ധനു മാസത്തിലെ വൈകുണ്ഠ ഏകാദശി നാളില്‍ തിരുപ്പതി ദേവനെ ഉപാസിച്ചാൽ സകല കാര്യസിദ്ധിയും സർവൈശ്വര്യവും എല്ലാ പാപങ്ങളില്‍ നിന്നും മുക്തിയും മരണാനന്തരം മോക്ഷപ്രാപ്തി ലഭിക്കുമെന്നുമാണ് ആചാര്യന്‍മാര്‍ പറയുന്നത്.

ഏകാദശികളിൽ ഏറെ ശ്രേഷ്ഠമാണ് ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ വൈകുണ്ഠഏകാദശി. സ്വർഗ്ഗവാതിൽ ഏകാദശി, മോക്ഷദ ഏകാദശി, മുക്കോടി ഏകാദശി തുടങ്ങിയ നാമങ്ങളിലും, അറിയപ്പെടുന്നു. തിരുപ്പതി ബാലാജി ക്ഷേത്രം, ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം, ഭദ്രാചലം സീതാരാമചന്ദ്ര സ്വാമി ക്ഷേത്രം, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമ ക്ഷേത്രം തുടങ്ങി എല്ലാ വൈഷ്ണവ ക്ഷേത്രങ്ങളിലും ഏറെ വിശേഷ പൂർവം കൊണ്ടാടുന്ന ഈ ദിവസം തിരുമല തിരുപ്പതി ശ്രീ വെങ്കടാചലപതിയുടെ ദർശനം നേടാൻ കഴിയുന്നത് മഹാപുണ്യമാണത്രേ. 2022 ജനുവരി 13 വ്യാഴാഴ്ചയാണ് വൈകുണ്ഠഏകാദശി.

ആറ് നിത്യപൂജകൾ
വൈഷ്ണവസമ്പ്രദായപ്രകാരമുളള പൂജരീതികളാണ് തിരുപ്പതി ക്ഷേത്രത്തില്‍ അവലംബിച്ചിരിക്കുന്നത്. ക്ഷേത്രാചാരപ്രകാരം ആറ് നിത്യപൂജകളാണ് വിധിച്ചിട്ടുളളത്. വെളുപ്പിന് 2.30 ന് നടക്കുന്ന പ്രത്യുഷ പൂജ, സൂര്യോദയത്തിന് ശേഷം നടക്കുന്ന ഉഷപൂജയായ പ്രാതകാല പൂജ, മധ്യാഹ്നപൂജ, സൂര്യാസ്തമയം തുടങ്ങുമ്പോഴുളള അപരാഹ്നപൂജ, പ്രദോഷസന്ധ്യയ്ക്ക് നടക്കുന്ന സന്ധ്യാകാലപൂജ, അത്താഴപൂജ തുടങ്ങിയവയാണവ. ഇതില്‍ പ്രത്യുഷപൂജയെ സുപ്രഭാതസേവ എന്നും പറയാറുണ്ട്. തലമുറകളായി വൈഷ്ണവപുരോഹിതരാണ് ഇവിടെ പൂജചെയ്യുന്നത്. അതില്‍ തന്നെ ഗോലപളളി, പെദ്ദിന്‍ത്തി, പൈദിപളളി, തിരുപ്പാദമ്മഗരി കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് ശ്രീകോവിലില്‍ പൂജചെയ്യാന്‍ അനുവാദമുളളത്. മറ്റുളളവര്‍ ഇവര്‍ക്ക് സഹായികളായി വര്‍ത്തിക്കുന്നു.

വിശേഷ പൂജകൾ നിരവധി
നിത്യവുമുളളതും, ആഴ്ചയിലൊരിക്കല്‍ മാത്രം അനുഷ്ഠിച്ചുപോരുന്നവയും, വര്‍ഷത്തിലൊരിക്കല്‍ അനുഷ്ഠിക്കുന്നവയുമായ പൂജകളും ആചാരങ്ങളുമുളള ദേവസ്ഥാനമാണ് തിരുപ്പതി. സുപ്രഭാതസേവ, തോമലസേവ, അര്‍ച്ചന, കല്യാണോത്സവം, ഡോലോത്സവം (ഊഞ്ഞാല്‍ സേവ), ആര്‍ജ്ജിത ബ്രഹ്മോത്സവം, ആര്‍ജ്ജിതവസന്തോത്സവം, സഹസ്രദീപാലങ്കാരസേവ, ഏകാന്തസേവ എന്നിവയാണ് നിത്യാചാരങ്ങള്‍. വിശേഷപൂജ – തിങ്കളാഴ്ച , അഷ്ടദള പാദപത്മാരാധന – ചൊവ്വാഴ്ച, സഹസ്രകലശാഭിഷേകം – ബുധനാഴ്ച, തൃപ്പാവാട സേവ – വ്യാഴാഴ്ച, നഗ്‌നപാദദര്‍ശനം വെള്ളിയാഴ്ച. ഈ ദിവസം ഭഗവാന്റെ നഗ്‌നപാദങ്ങള്‍ ദര്‍ശിക്കാം. മറ്റ് ദിവസങ്ങളില്‍ പാദങ്ങള്‍ തുളസീപത്രങ്ങളാല്‍ പൊതിഞ്ഞിരിക്കും. ജ്യേഷ്ഠാഭിഷേകം, അണിവര്‍ അസ്ഥാനം , പവിത്രേത്സവം, കോവില്‍ ആല്‍വാര്‍ തിരുമഞ്ജനം എന്നിവയാണ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആചാരങ്ങള്‍.

പ്രസാദം തിരുപ്പതി ലഡ്ഡു
തിരുപ്പതി ലഡ്ഡുവാണ് പ്രധാന പ്രസാദം. വലിപ്പത്തിലും സ്വാദിലും ഈ ലഡ്ഡു വിശേഷമാണ്. തൈര്‌ സാദം, മഞ്ഞള്‍ ചോറ് (പുലിഹോര), വട, ചക്കരപൊങ്കല്‍, അപ്പം, പായസം, ജിലേബി, മുറുക്ക്, ദോശ, കേസരി, മല്‍ഹോര, വെണ്‍പൊങ്കല്‍ തുടങ്ങിയവയാണ് ഇവിടെ ലഭിക്കുന്ന മറ്റ് പ്രസാദങ്ങള്‍.

മുടിയെടുക്കല്‍ ഐതിഹ്യം
മുടിയെടുക്കലാണ് തിരുപ്പതിയിലെ പ്രധാന നേര്‍ച്ച. ഉദ്ദിഷ്ടകാര്യസിദ്ധിയാണ് ഫലം. ഈ നേര്‍ച്ചയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ തിരുപ്പതി ബാലാജിയുടെ ശിരസ് ഒരു ഇടയന്റെ തലയുമായി കൂട്ടിമുട്ടുകയും ഭഗവാന്റെ തലയില്‍ കുറച്ചുഭാഗത്തെ മുടി നഷ്ടപ്പെട്ടു. ഇത് ഗന്ധര്‍വ്വരാജകുമാരിയായ നീല ദേവി കാണുകയും തന്റെ മുടിമുറിച്ചെടുത്ത് ആ ഭാഗത്ത് ചേര്‍ക്കുകയും ചെയ്തു. അവരുടെ ത്യാഗത്തില്‍ പ്രസന്നനായ ഭഗവാന്‍ തനിക്ക് ഭക്തര്‍ സമര്‍പ്പിക്കുന്ന മുടിക്ക് മുഴുവന്‍ ദേവിയായിരിക്കും അവകാശിയെന്ന് വരമേകി. തിരുപ്പതിയിലെ ഏഴ് ദിവ്യ മലകളിലൊന്നിന് നീലാദ്രിയെന്ന് പേരുനല്‍കുകയും ചെയ്തു. ഇന്ന് തിരുപ്പതിയിലെ കാണിക്കവഞ്ചിയില്‍ നിന്നുളള വരുമാനം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം തലമുണ്ഡനം ചെയ്ത മുടി ലേലം ചെയ്ത് ലഭിക്കുന്ന വരുമാനത്തിനാണ്.

ശ്രീകുമാർ ശ്രീഭദ്ര,
+91 94472 23407

Story Summary: Importance of Vaikunta Ekadeshi in Thirupati Balaji Temple

Copyright 2022 Neramonline.com. All rights reserved


error: Content is protected !!