Friday, 22 Nov 2024
AstroG.in

തിരുവാതിര വ്രതം നോറ്റാൽ നല്ല ദാമ്പത്യം

ദീര്‍ഘമംഗല്യത്തിനും നല്ല ഭര്‍ത്തൃലാഭത്തിനും സുഖസമൃദ്ധമായ ദാമ്പത്യത്തിനും ദാമ്പത്യ ക്ലേശങ്ങൾ  പരിഹരിക്കുന്നതിനും ഉത്തമ മാർഗ്ഗമാണ്  ധനുമാസത്തിലെ തിരുവാതിര വ്രതാചരണം. 

ശ്രീപാർവ്വതിയുടെയും  ശ്രീപരമേശ്വരന്റെയും അനുഗ്രഹത്തിന് തിരുവാതിര വ്രതമെടുക്കുന്നവർ അന്ന് രാവിലെയും വൈകിട്ടും ശിവ പാര്‍വ്വതി സാന്നിദ്ധ്യമുള്ള ക്ഷേത്രത്തില്‍  ദര്‍ശനം നടത്തണം. ശിവന് കൂവളമാല, ധാര, പിന്‍വിളക്ക്, ദേവിക്ക് നെയ് വിളക്ക്, ചുവന്ന പൂക്കൾ കൊണ്ടുള്ള മാല, കടുംപായസം തുടങ്ങിയ വഴിപാടുകളും ആ ദിവസം സാമ്പത്തിക ശേഷിക്കനുസരിച്ച്  ചെയ്യണം. വ്രതദിവസങ്ങളില്‍ രാവിലെയും വൈകിട്ടും ഓം നമഃശിവായ മന്ത്രം 108 തവണയു ഓംഹ്രീം നമഃ ശിവായ എന്ന മന്ത്രം 36 പ്രാവശ്യവും ജപിക്കണം. കഴിയുമെങ്കിൽ അന്ന്  ക്ഷേത്രത്തില്‍ വിവിധ പൂജകളിൽ പങ്കുചേരുന്നതും ഐശ്വര്യദായകമാണ്. തിരുവാതിരയുടെ പിറ്റേന്ന് മഹാദേവന്റെയോ ശ്രീപാര്‍വ്വതിയുടെയോ ക്ഷേത്രദര്‍ശനം നടത്തി വ്രതം മുറിക്കാം. മത്സ്യ മാംസാദികൾ ഒഴിവാക്കി കഴിയുമെങ്കിൽ ഉപവസിച്ച്, ഉറക്കമൊഴിഞ്ഞ് ശിവപാർവതിമാരെ പ്രാർത്ഥിച്ച് പ്രീതിപ്പെടുത്തിയാണ് വ്രതമെടുക്കുന്നത്.
വിശ്വനായകനായ ഭഗവാന്‍ ശ്രീമഹാദേവന്റെ തിരുനാളാണ് ധനു മാസത്തിലെ തിരുവാതിര. മഹാദേവന്റെയും  ശ്രീ പാര്‍വതിയുടെയും വിവാഹം നടന്നത് ഇതേ നാളിലാണെന്നും ഐതിഹ്യമുണ്ട്. 

ഉറക്കമൊഴിഞ്ഞ്, പാതിരാപ്പൂ ചൂടി, തിരുവാതിര കളിയും തിരുവാതിരപ്പുഴുക്കുമായി സ്ത്രീകളാണ്  ആഘോഷപൂർവം  തിരുവാതിര കൊണ്ടാടുന്നത്. എല്ലാ മാസവും തിരുവാതിര നാളുണ്ടെങ്കിലും ധനുമാസത്തിലെ തിരുവാതിരയ്ക്ക് പ്രത്യേകതകൾ  ഏറെയാണ്.  ധനുമാസത്തിലെ ശുക്ലപക്ഷത്തിലെ വെളുത്തവാവു ദിവസമാണ്  ആഘോഷങ്ങള്‍ നടക്കുക.  വിവാഹിതകളാണ് ചടങ്ങുകള്‍ക്ക്  നേതൃത്വം നൽകേണ്ടത്.  വിവാഹം കഴിഞ്ഞ് ആദ്യത്തെ തിരുവാതിര ആഘോഷിക്കുന്ന യുവതികൾ അതായത് പൂത്തിരുവാതിരക്കാർ ഉണ്ടെങ്കില്‍ അവർ  നേതൃത്വം നല്‍കണം.മംഗല്യവതികളായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനു വേണ്ടിയും കന്യകമാര്‍ നല്ല ജീവിതപങ്കാളിയെ കിട്ടാനുമാണ് വ്രതമനുഷ്ഠിക്കുന്നത്. അന്ന്  ശ്രീ പാര്‍വതി പോലും വ്രതം അനുഷ്ഠിക്കുമത്രേ.  ആദ്യമായി തിരുവാതിര വ്രതം നോറ്റതു ശ്രീകൃഷ്ണനെ ഭര്‍ത്താവായി കിട്ടാന്‍ ഗോപികമാരാണെന്നും വിശ്വാസമുണ്ട്.

തിരുവാതിര വ്രതമെടുക്കുന്നവർ  ഉറക്കമൊഴിയുന്നതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്: അച്ഛന്റെ ഹിതത്തിന് വിരുദ്ധമായാണ് ദക്ഷരാജാവിന്റെ പുത്രി സതി ശിവനെ വിവാഹം കഴിച്ചത്. അതിനാൽ അദ്ദേഹം നടത്തിയ യാഗത്തിന് മകളെയും ഭര്‍ത്താവിനെയും ക്ഷണിച്ചില്ല. എങ്കിലും സതിയുടെ നിർബന്ധം കാരണം  യാഗത്തിനു പോകാന്‍ ശിവന്‍ ദേവിയെ അനുവദിച്ചു.  ക്ഷണിക്കാതെ പോയാല്‍ അപമാനിക്കപ്പെട്ടേക്കാം എന്നു മുന്നറിയിപ്പും നല്‍കി. 

അങ്ങനെ സംഭവിച്ചാല്‍  മടങ്ങിവരില്ലെന്നു പറഞ്ഞ് ദേവി യാഗത്തില്‍ പങ്കെടുക്കാന്‍ പോയി. എന്നാല്‍ യാഗസ്ഥലത്ത് ദക്ഷന്‍ ശിവനെ അപമാനിച്ചതു സഹിക്കാനാകാതെ സതീദേവി ദേഹത്യാഗം ചെയ്തു. പത്നിയെ നഷ്ടപ്പെട്ട ദു:ഖത്തില്‍ ക്ഷുഭിതനായ ശിവന്‍ അതങ്ങിയപ്പോൾ ഹിമാലയത്തില്‍ ചെന്ന് തപസാരംഭിച്ചു. അവിടെ സതീദേവി ഹിമവാന്റെ മകള്‍ പാര്‍വതിയായി പുനര്‍ജനിച്ചു. ശിവനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് തീരുമാനിച്ച് തപസാരംഭിച്ചു.

ആ സമയത്ത് താരകാസുരന്‍ എന്ന അസുരന്റെ ചെയ്തികളില്‍ വലഞ്ഞ ദേവന്മാർ ബ്രഹ്മാവില്‍ അഭയം പ്രാപിച്ചു. ശിവനും പാര്‍വതിക്കും ജനിക്കുന്ന പുത്രന്‍ താരകാസുരനെ വധിച്ച് നിങ്ങളെ രക്ഷിക്കുമെന്ന് ബ്രഹ്മാവ് വരം നല്‍കി. ദേവന്മാർക്ക് വേണ്ടി ശിവന്റെ തപസു മുടക്കാൻ ശ്രമിച്ച  കാമദേവനെ ശിവന്‍ തൃക്കണ്ണാല്‍ ഭസ്മമാക്കി. തന്റെ ഭര്‍ത്താവിനെ തിരികെ നല്‍കണമെന്ന ആവശ്യവുമായി കാമദേവന്റെ ഭാര്യ രതീദേവി ജലപാനം ഉപേക്ഷിച്ച് ശിവനെ തപസു ചെയ്തു. ഇതാണ്  തിരുവാതിര നാളില്‍ വ്രതമായിത്തീർന്നു. 2020 ജനുവരി 10 നാണ് തിരുവാതിര.

വേണു മഹാദേവ്

+ 91 9847475559

error: Content is protected !!