Friday, 22 Nov 2024
AstroG.in

തിരുവില്വാമല ഏകാദശി നോറ്റാൽ ശത്രുക്കളും വെല്ലുവിളികളും ഒഴിയും

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം ഏകാദശി മഹോത്സവത്തിന് ഒരുങ്ങി. ഫാൽഗുന (കുംഭം – മീനം) മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ വിജയ ഏകാദശിയാണ് തിരുവില്വാമല ഏകാദശിയായി കൊണ്ടാടുന്നത്. ഈ ഫെബ്രുവരി 17 വെള്ളിയാഴ്ചയാണ് ഇത്തവണ തിരുവില്വാമല ഏകാദശി. ഫെബ്രുവരി 16ന് രാത്രി 9:29 മുതല്‍ 17 ന് രാവിലെ 7:59 വരെയാണ് ഹരിവാസര വേള.

രാമനെ തൊഴുതാൽ മോക്ഷം
തൃശ്ശൂരിൽ തലപ്പിള്ളിയിലാണ് ചിരപുരാതനമായ തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം. ശ്രീരാമചന്ദ്രനും അനന്തശേഷ നാഗത്തിന്റെ അവതാരമായ അനുജൻ ലക്ഷ്മണനുമാണ് മുഖ്യപ്രതിഷ്ഠകൾ. കേരളത്തിലെ പ്രധാന ശ്രീരാമക്ഷേത്രങ്ങളിലൊന്നും അപൂർവ്വം ലക്ഷ്മണ ക്ഷേത്രങ്ങളിലൊന്നുമാണിത്. നാലമ്പലത്തിൽ ഒരേ പ്രാധാന്യത്തോടെ അനഭിമുഖമായി രണ്ട് ചതുര ശ്രീകോവിലുണ്ട്. മുന്നിലെ ശ്രീകോവിലിൽ ശ്രീരാമനും പിന്നിൽ ലക്ഷ്മണനും വാഴുന്നു. ചതുർബാഹുവായി ശംഖചക്രഗദാ പത്മധാരിയായി നിൽക്കുന്ന വിഷ്ണു രൂപത്തിലുള്ളതാണ് രണ്ടു വിഗ്രഹവും. പടിഞ്ഞാറ് ദർശനമായ ശ്രീരാമവിഗ്രഹമാണ് വലുത്. ഈ നടയിൽ ആദ്യം തൊഴുതാൽ മോക്ഷം ലഭിക്കുമെന്നും കിഴക്കേ നടയിൽ ആദ്യം തൊഴുതാൽ ഭൗതികമായ ഐശ്വര്യങ്ങൾ കരഗതമാകുമെന്നും വിശ്വസിക്കുന്നു. ഗണപതിക്കും ഹനുമാനും അയ്യപ്പനും ഇവിടെ ഉപദേവതാ ക്ഷേത്രങ്ങൾ കാണാം. ക്ഷേത്രത്തിന് തെക്കായി ഒരു കുഴിയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇവിടത്തെ അയ്യപ്പനെ കുണ്ടിൽ അയ്യപ്പൻ എന്നും ഭക്തർ വിളിച്ചു വരുന്നു. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴ ക്ഷേത്രത്തിന് 3 കിലോമീറ്റർ വടക്ക് ഒഴുകുന്നു. ക്ഷേത്രം കുന്നിന്റെ മുകളിലായതിനാൽ താഴോട്ട് നോക്കിയാൽ പുഴ കാണാം.

രാമ മന്ത്രവുമായി കുംഭാര സേവ
തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രത്തിലെ ഏറ്റവും പ്രധാന ഉത്സവം കുംഭമാസത്തിലെ കറുത്ത പക്ഷ ഏകാദശിയാണ്. വില്വാദ്രിനാഥനിൽ ശൈവചൈതന്യവും കുടിയിരിക്കുന്നതു കാരണമാണ് കറുത്തപക്ഷത്തിലെ ഏകാദശി ഇവിടെ ആഘോഷിക്കുന്നത്. തൃപ്രയാർ ഏകാദശിയും കൃഷ്ണ പക്ഷത്തിലാണ്. തിരുവില്വാമല ഏകാദശി ഉത്സവത്തിന് അഷ്ടമിനാളിൽ ചുറ്റുവിളക്ക് തുടങ്ങും. തുടർന്ന് നാലു ദിവസങ്ങളിൽ ഈ ദേശമാകെ മഹോത്സവമാണ്. സദ്യ, നാഗസ്വരം, തായമ്പക, കേളി, സംഗീതോത്സവം തുടങ്ങിയവയെല്ലാം ഉണ്ടാകും. ദശമി നാളിൽ പൂജ, ദീപാരാധന സമയങ്ങൾ ഒഴികെ എല്ലാ സമയവും ക്ഷേത്രനട തുറന്നിരിക്കും. നിളയിൽ നിന്ന് പുറപ്പെടുന്ന കുംഭാര സേവകർ രാമമന്ത്ര ജപങ്ങളുമായി ഉച്ചയ്ക്കു മുൻപ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നതോടെ ഏകാദശി ഉത്സവാവേശം പരകോടിയിലാകും. കുംഭാര സമുദായത്തിലെ ആബാലവൃദ്ധം ജനങ്ങളും പീലിക്കിരീടം ചൂടി, വാലഗ്നിയേന്തി കോമരങ്ങളുടെ കൂടെ രാമഗീതം പാടി ക്ഷേത്രത്തെ വലം വച്ച് നാലമ്പത്തിൽ കടക്കുമ്പോൾ ക്ഷേത്രസന്നിധി ഭക്തി ലഹരിയിലമരും . കോഴിക്കോട്, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നെത്തിക്കുന്ന പൂജാവിഗ്രഹങ്ങൾ ഈ രാമലക്ഷ്മണ സന്നിധിയിലിറക്കി അർച്ചന നടത്തിയിട്ട് കുംഭാര സമുദായത്തിലെ രാമസേവകർ മടങ്ങിപ്പോകും. സന്താന സൗഖ്യത്തിന് ചെട്ടി സമുദായക്കാർ നടത്തുന്ന ഗവാള പൂജയാണ് ഈ ദിവസത്തെ വഴിപാടുകളിലൊന്ന്.

ശത്രുദോഷവും പ്രതിസന്ധികളും മാറും
ഏകാദശിനാളിൽ ഭക്തർ ഉപവാസിക്കും. മൂർത്തികൾക്ക് അന്നും സാധാരണ പോലെ നിവേദ്യങ്ങളുണ്ട്. ഉച്ചയോടെ ഏകാദശി പൂജകൾ കഴിയും. അത്താഴപ്പൂജ നടത്തുന്നത് ഇന്ദ്രാദിദേവകളാണെന്നാണ് വിശ്വാസം. അതിനാൽ ശ്രീകോവിലുകൾക്കടുത്ത് ഒരു താത്കാലിക പന്തൽ പണിയും.അത് തുറന്നുവച്ചിട്ടുണ്ടാകും. ദ്വാദശി നാളിൽ പുലർച്ചെ 5 മണി വരെ വിളക്കാചാരം കാണും. ദേവന്മാർ ശ്രീലകങ്ങളിലേക്ക് എഴുന്നള്ളുമ്പോൾ ഏകാദശി മഹോത്സവത്തിന് പരിസമാപ്തിയാകുന്നു.

ശത്രുദോഷമുക്തി നേടാൻ ഉത്തമം
എല്ലാത്തരത്തിലുള്ള ശത്രുദോഷവും വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിക്കാൻ ഉത്തമമായ ദിവസമാണ് ഫാൽഗുന വിജയ ഏകാദശി. ഈ ദിവസം ഉപവസിച്ച് വിഷ്ണു ഭഗവാനെ ആരാധിക്കുകയും വൈഷണവ ദേവതകളെ പ്രത്യേകിച്ച് ശ്രീരാമദേവനെ പ്രീതിപ്പെടുത്തുന്ന വഴിപാടുകൾ നടത്തുകയും ചെയ്താൽ എല്ലാ പാപങ്ങളിൽ നിന്നും മോചനം നേടി ആഗ്രഹസാഫല്യമുണ്ടാകും.

മൂന്ന് ദിവസവും വ്രതാചരണം
വിജയഏകാദശി വ്രതാചരണം ദശമി, ഏകാദശി, ദ്വാദശി ദിവസങ്ങളിലാണ്. ഈ മൂന്ന് ദിവസവും ഉദയത്തിന് മുൻപ് ഉറക്കമുണർന്ന് കുളിച്ച് ശുദ്ധമായി വിഷ്ണുപൂജയും വൈഷ്ണവക്ഷേത്രം ദർശനവും നടത്തി പ്രാർത്ഥിക്കണം. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, ഓം രാം രാമായ നമ: എന്നീ മന്ത്രങ്ങൾ ഭക്തിപൂർവം കഴിയുന്നത്ര ജപിക്കണം. വിഷ്ണു ദ്വാദശ മന്ത്രങ്ങൾ, അഷ്‌ടോത്തരം, വിഷ്ണു സഹസ്രനാമം ആദിത്യഹൃദയം ഇവ ജപിക്കുന്നത് നല്ലതാണ്. വിജയ ഏകാദശി ദിവസമായ ഫെബ്രുവരി 17 ന് പൂര്‍ണ്ണമായും ഉപവസിക്കണം. പകലുറക്കം പാടില്ല. ബ്രഹ്മചര്യനിഷ്ഠ പാലിക്കുക. ദശമി, ദ്വാദശി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. തികഞ്ഞ ചിട്ടയോടെ ഈ വ്രതം പാലിക്കണം. ഫെബ്രുവരി 18 ന് രാവിലെ പാരണ വിടാം.

പുനർജനി ഗുഹ കടന്നാൽ പാപമോചനം
ക്ഷത്രിയ നിഗ്രഹ പാപം തീർക്കാൻ അലഞ്ഞുതിരിഞ്ഞ പരശുരാമന് കൈലാസത്തിൽ താൻ നിത്യപൂജ ചെയ്തു വന്ന വിഷ്ണുവിഗ്രഹം നൽകി ശ്രീ പരമേശ്വരൻ അനുഗ്രഹിച്ചു. ഈ വിഗ്രഹം ലോകാനുഗ്രഹാർത്ഥം പരശുരാമൻ പ്രതിഷ്ഠിച്ചത് തിരുവില്വാമലയിലാണെന്ന് ഐതിഹ്യം പറയുന്നു. വില്വാദ്രിനാഥന്റെ സമീപത്താണ് അത്ഭുത സിദ്ധികൾ ഉണ്ടെന്ന് കരുതുന്ന പുനർജനി ഗുഹ. ക്ഷേത്രത്തിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെയുള്ള


ഈ ഗുഹയെ പാപനാശിനി ഗുഹ എന്ന് പറയുന്നു. വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി ദിനത്തിൽ ഇവിടെയുള്ള പാപനാശിനിയിൽ കുളിച്ച് പുനർജ്ജനി ഗുഹ നൂണ്ട് കടന്നാൽ പാപമോചനം നേടി പുതിയൊരു ജന്മമാകും. ഗുഹയുടെ കിടപ്പ് പൊങ്ങിയും താഴ്ന്നും ആയതിനാൽ കമഴ്ന്നും മലർന്നും ഇരുന്നും അര മണിക്കൂർ എടുത്താണ് ഗുഹ കടക്കുന്നത്. പൂജാരിയാണ് ആദ്യം നൂളുക. പുരുഷന്മാർക്ക് മാത്രമാണ് ഇതിന് അനുവാദം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഇപ്പോൾ തിരുവില്വാമല ശ്രീ രാമക്ഷേത്രം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

Story Summary: Importance Of Thiruvilwamala Ekadeshi or Vijaya Ekadeshi


error: Content is protected !!