തീരാവ്യഥകളിൽ നിന്നുള്ള മോചനത്തിന് ഇതൊന്ന് നോക്കൂ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ജീവിതത്തിൽ അതി കഠിനമായ ദു:ഖദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് അതിൽ നിന്നുള്ള മോചനത്തിന് ഏറ്റവും നല്ല മാർഗ്ഗമാണ് ചൊവ്വാഴ്ച വ്രതവും ഭദ്രകാളി ഉപാസനയും. അതിശക്തമായ ശാപദോഷം, ദൃഷ്ടിദോഷം, എന്നിവമൂലം എത്രയെത്ര പേരാണ് നരകതുല്യമായി ക്ലേശം അനുഭവിക്കുന്നത്. ഇവർക്ക് ചൊവ്വാഴ്ച വ്രതം ഒരു അനുഗ്രഹമാണ്. പൂര്‍ണ്ണ ഉപവാസത്തോടെ വ്രതമെടുത്താൽ മാത്രം പോരാ ഭദ്രകാളിയെ യഥാശക്തി പ്രാര്‍ത്ഥനകള്‍ ചൊല്ലി സ്തുതിക്കുകയും രണ്ട് നേരവും ദേവീക്ഷേത്ര ദര്‍ശനം നടത്തുകയും വേണം. ഭദ്രകാളിയുടെ ധ്യാനം, മൂലമന്ത്രം ഇവ ജപിക്കണം. ശത്രുദോഷം, ദൃഷ്ടിദോഷം, അകാരണഭയം, സംശയം, ധൈര്യക്കുറവ് തുടങ്ങിയവയെല്ലാം ഭദ്രകാളി ഉപാസനയിലൂടെ പരിഹരിക്കാം. എല്ലാത്തരം വിപരീത ഊർജ്ജത്തിൽ നിന്നും മോചനം തരുകയും ചെയ്യും കാളീമന്ത്രങ്ങൾ. ഭദ്രകാളിയുടെ മൂലമന്ത്രം വളരെ ശക്തിയുള്ളതാണ്.
ഭദ്രകാളീ മൂലമന്ത്രം
ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമ:
ഇതാണ് ദേവിയുടെ മൂല മന്ത്രം. വളരെ ശക്തിയുള്ള ഈ മന്ത്രം എന്നും രാവിലെയും വൈകിട്ടും ജപിക്കണം. വെള്ള,ചുവപ്പ് വസ്ത്രം ധരിച്ച് വിളക്ക് കൊളുത്തി പലയിൽ ഇരുന്ന് ജപിക്കുക. വ്രതദിനത്തില്‍ ചുവന്ന വസ്ത്രം അണിയുന്നതും ചുവന്ന കുറി, പൂക്കള്‍ എന്നിവ ധരിക്കുന്നതും ഉത്തമം. ഭദ്രകാളീ മൂലമന്ത്രം 336 പ്രാവശ്യം വീതം രണ്ട് നേരം ജപിക്കുന്നത് പുണ്യകരം. 12 ചൊവ്വാഴ്ച തുടര്‍ച്ചയായി അനുഷ്ഠിക്കണം. ഭദ്രകാളി ഗായത്രി, കാളീഅഷേ്ടാത്തര ശത നാമാവലി, സഹസ്ര നാമാവലി എന്നിവ ചൊല്ലുന്നതും ക്ഷിപ്രഫലപ്രദമാണ്.
ഭദ്രകാളി ഗായത്രി
ഓം രുദ്ര സുതായൈ വിദ്മഹേ
ശൂല ഹസ്തായൈ ധീമഹി
തന്നോ കാളി പ്രചോദയാത്
ഭദ്രകാളി ധ്യാനം
കാളീ മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്‌ഗ ഖേടകപാല ദാരിക ശിര: കൃത്വാ
കരാഗ്രേഷു ച
ഭൂത പ്രേത പിശാചമാതൃ സവിതാം
മുണ്ഡസ്ര ജാലംകൃതാം
വന്ദേ ദുഷ്ട മസൂരികാദിവിപദാം
സംഹാരിണീമീശ്വരീം
(കാർ മേഘ നിറമുള്ളവളും ത്രിനയനങ്ങ ളോട് കൂടിയവളും വേതാളത്തിന്റെ കണ്ഠത്തിൽ ഇരിക്കുന്നവളും വാൾ, പരിച, തലയോട്ടി, ദാരിക ശിരസ് എന്നിവ ധരിച്ചവളും ഭൂതങ്ങൾ, പ്രേതങ്ങൾ, പിശാചുകൾ, മാതൃക്കൾ എന്നിവയോട് കൂടിയവളും മനുഷ്യ ശിരസുകൾ കോർത്ത മാല അണിഞ്ഞവളും വസൂരി മുതലായ മഹാമാരികളെ നശിപ്പിക്കുന്നവളും ഈശ്വരിയുമായ ഭദ്രകാളിയെ നമിക്കുന്നു)
പ്രാര്‍ത്ഥന ശ്രദ്ധയോടെ വേണം. ജപവും, പ്രാര്‍ത്ഥനയും വെറുതെ ചെയ്തിട്ട് യാതൊരു കാര്യവുമില്ല. ശ്രദ്ധയില്ലാതെ ചെയ്യുന്ന ആയിരം മന്ത്രജപത്തേക്കാളും ശ്രദ്ധയോടെ ചെയ്യുന്ന എട്ടുരു മന്ത്രജപത്തിന് അസാമാന്യ ശക്തിയുണ്ട്. സ്‌തോത്രങ്ങളും സ്തുതികളും തെറ്റുകൂടാതെ ചൊല്ലുന്നതും വ്രതത്തിനോടൊപ്പം ചെയ്യാവുന്നതാണ്.
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 09447020655
Summary: Bhadrakali upasana for removing sorrows