Sunday, 6 Oct 2024
AstroG.in

തുമ്പപ്പൂവ് വിരിയിച്ചത് മഹാവിഷ്ണു; തൃക്കാക്കരയപ്പന്റെ പ്രിയ പുഷ്പം

അഖില

തുമ്പപ്പൂവില്ലാതെ ഓണപ്പൂക്കളം പാടില്ല എന്നാണ് പഴയനിയമം. എന്നാൽ ആ വിധി വരും മുൻപ് തുമ്പപ്പൂവും അതിന്റെ കൊടിയും മാത്രമാണ് ഓണപ്പൂക്കളത്തിൽ ഉപയോഗിച്ചിരുന്നത്. ഓണത്തപ്പനെ വയ്ക്കുന്ന തൂശനിലയിൽ തുമ്പപ്പൂവും ഇലയും തണ്ടും മാത്രമേ കാണൂ. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പൂവ് ആണിത്. പറശിനിക്കടവ് മുത്തപ്പന്റെ പ്രസാദവും പണ്ടേ തുമ്പപ്പൂവാണ്. പക്ഷേ ഈ തുമ്പ ഒരു കാലത്ത് പൂക്കില്ലായിരുന്നു; തുമ്പയും തുമ്പയിലയും പൂജയ്ക്ക് എടുക്കില്ലായിരുന്നു. ഈ അസ്പർശ്യത മാറ്റിയത് മഹാബലിയുടെ ആഗ്രഹപ്രകാരം മഹാവിഷ്ണുവാണ്.

ആ ഐതിഹ്യം ഇങ്ങനെ: സത്യധർമ്മാദികൾ പാലിച്ച് മഹാബലി തിരുമേനി ത്രിലോകങ്ങളും കീഴടക്കി വാഴുന്ന കാലത്ത് യാതൊരു ഉപയോഗവുമില്ലാതെ തൊടികളിൽ തഴച്ചു വളരുന്ന ഒരു പാഴ്‌ച്ചെടി മാത്രം ആയിരുന്നു തുമ്പ. ദേവലോകം നഷ്ടമായ ദേവേന്ദ്രനും സംഘവും വേഷപ്രച്ഛന്നരായി അലഞ്ഞുതിരിഞ്ഞു. ഒടുവിൽ അവർ ഭീതിയും സങ്കടങ്ങളും ശ്രീഹരിയുടെ മുൻപിൽ സമർപ്പിച്ചു. ഇന്ദ്രലോകം മഹാബലിയിൽ നിന്നും വീണ്ടെടുത്ത് നൽകാമെന്ന് മഹാവിഷ്ണു അവർക്കു വാക്കു നൽകി. ഇതേ സമയം ബലിചക്രവർത്തി മൂന്ന് ലോകങ്ങളുടെയും അധിപതിയായി വാഴുന്നതിന് വിശ്വജിത് മഹായാഗം നടത്തുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. അസുരഗുരു ശുക്രാചാര്യരായിരുന്നു യജ്ഞാചാര്യൻ. തുടക്കം മുതൽ പല അപശകുനങ്ങളും കണ്ടു. യജ്ഞപൂജയ്ക്ക് കൊണ്ടു വന്ന പൂക്കളിലാണ് ആദ്യം അപശകുനം തെളിഞ്ഞത്: ഇറുത്തു കൊണ്ടു വന്ന പൂക്കൾ രണ്ടു നാഴികകൾക്കകം വാടിക്കരിഞ്ഞു. അതോടെ അവ വർജ്ജ്യമായി. പൂക്കൾ അർച്ചിക്കാതെ പൂജ പൂർണ്ണമാകില്ല. ഇനി എന്തുചെയ്യും ? മഹാബലി ചക്രവർത്തി ശുക്രാചാര്യരോട് പോംവഴി തേടി. “പൂക്കളില്ലെങ്കിൽ വേണ്ട; പറമ്പുകളിൽ വളരുന്ന ചെടികളായാലും മതി. വൈകിക്കേണ്ട. ഇറുത്തു കൊണ്ടു വന്നോളൂ. യാഗം തുടങ്ങാൻ നേരമായി.” ശുക്രാചാര്യർ കല്പിച്ചു. പരികർമ്മികൾ നാലുപാടും പാഞ്ഞു. വൈകാതെ അവർ പൂവട്ടികളുമായി വന്നു. അതില്ലെല്ലാം നിറഞ്ഞിരുന്നത് തുമ്പച്ചെടികളായിരുന്നു. അത് വൃത്തിയാക്കി ഇലകൾ അടർത്തിയെടുക്കാൻ മഹാബലി പരികർമ്മികളോടു നിർദ്ദേശിച്ചു. എന്നാൽ അതിന് തുനിയും മുൻപെ വടുരൂപത്തിലുള്ള ഒരു ബ്രഹ്മചാരി യജ്ഞശാലയിലേക്ക് കടന്നുവന്ന് മൂന്നടിസ്ഥലം ദാനമായി നൽകണം എന്ന് അഭ്യർത്ഥിച്ചത് മഹാബലി നിഷേധിച്ചില്ല.

ശുക്രാചാര്യൻ എതിർത്തിട്ടും ബലി വാഗ്ദാനത്തിൽ നിന്നും പിന്മാറിയില്ല. വാമനാവതാരമെടുത്ത വിഷ്ണു പെട്ടെന്ന് വാനോളം വലുതായി രണ്ടടിയാൽ ഭൂമിയും വാനവും അളന്നു തീർത്തു. മൂന്നാമത്തെ അടിക്കായി മഹാബലി സ്വന്തം ശിരസ്‌ കുനിച്ചു കൊടുത്തു. സത്യവ്രതം ലംഘിക്കാത്ത അങ്ങയെ ഞാൻ പാതാളത്തിലേക്ക് അയയ്ക്കുകയാണ്, അതിന് മുൻപ് അങ്ങേയ്ക്ക് എന്ത് ആഗ്രഹമുണ്ടെങ്കിലും അറിയിക്കാം. മഹാബലി പറഞ്ഞു, ആണ്ടിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ ഭൂമിയിൽ വരാൻ അനുവദിക്കണം എന്നത് ആയിരുന്നു ആദ്യത്തേത്. രണ്ടാമത്, താൻ പൂജയ്ക്കായി ഇറുത്ത തുമ്പച്ചെടികൾ അതിന് ഉപയുക്തമാക്കണം, അവ പുഷ്പിക്കാനുള്ള അനുഗ്രഹവും അങ്ങ് നൽകണം.

ഇത് കേട്ട് പൂവട്ടിയിലിരിക്കുന്ന തുമ്പച്ചെടികളിൽ നിന്നും ഒരെണ്ണമെടുത്ത് ഭഗവാൻ തൊട്ടുതലോടി. ഇനി മുതൽ നിങ്ങൾ പുഷ്പിക്കും. നിങ്ങളുടെ പൂക്കൾ വെളുവെളുത്ത മനോഹരങ്ങളായ ചെറിയ ദളങ്ങളോട് കൂടിയവ ആയിരിക്കും. ആണ്ടിലൊരിക്കലെത്തുന്ന നിങ്ങളുടെ ആചാര്യന്റെ പ്രതീക പൂജക്ക് അവ ഉപയോഗിക്കണം. ആ പൂത്തണ്ടുകളും അതിൽ പൂജനീയങ്ങളാകും. അങ്ങനെയാണ് തുമ്പച്ചെടി പൂവിട്ടതും തുമ്പക്കുടങ്ങൾ ഓണത്തപ്പനിലെ അലങ്കാര വസ്തുക്കളായതും.

തുമ്പയിലയും പൂവും തണ്ടുമെല്ലാം ഔഷധമാണ്. ചിലർ തുമ്പപ്പൂവ് പിതൃക്രിയയ്ക്ക് ഉപയോഗിക്കാറുണ്ട്. കർക്കടക മാസത്തിലാണ് തുമ്പ തഴച്ചു വളരുന്നതും പൂവിടുന്നതും.
നന്മ, പവിത്രത, സൗമ്യത എന്നിവയുടെ പ്രതീകമാണ് തുമ്പപ്പൂ. തുമ്പപ്പൂവൂ പോലുള്ള ചോറ്, തുമ്പപ്പൂപോലുള്ള വെണ്മ, തുമ്പപ്പൂ പോല നരച്ചമുടി എന്നീ ഉപമകൾ കേരളീയർക്ക് സുപരിചിതം തന്നെ. കൊച്ചു തുമ്പപ്പൂവ് സുഗന്ധവാഹിയൊന്നുമല്ല. എന്നാൽ അതിന്റെ തരളത ആരെയും ആകർഷിക്കും. മനം മയക്കും. കണ്ടാലുടൻ ഒന്നു തൊട്ടു തലോടാൻ കൊതിക്കും.

അഖില

+91 94962 49223

Story Summary: Significance Of Thumbapoo in Onam The Festival of Kerala


error: Content is protected !!