Thursday, 3 Apr 2025
AstroG.in

തുളസിയെ പൂജിച്ചാല്‍ വിജയം സുനിശ്ചിതം

ദൈവാംശമുള്ള ചെടിയാണ് തുളസി.  മുറ്റത്ത്  തറയുണ്ടാക്കി തുളസി നട്ടുവളര്‍ത്തി നൂറ്റിയെട്ട് ഗായത്രി ജപിച്ച് തീര്‍ത്ഥം തളിച്ച് തുളസികവചവും തുളസി അഷ്‌ടോത്തരവും ചൊല്ലി തൊഴുത് പ്രാര്‍ത്ഥിക്കണമെന്ന് പത്മപുരാണം നിര്‍ദ്ദേശിക്കുന്നു. ചതുര്‍ത്ഥി, ദ്വാദശി, വെള്ളിയാഴ്ച, ചൊവ്വാഴ്ച ദിവസങ്ങളില്‍ തുളസി പറിക്കരുത്. തുളസിയുടെ മധ്യത്തില്‍ വിഷ്ണു സാന്നിദ്ധ്യമുള്ളതിനാല്‍ നഖം കൊള്ളാതെ നടുവിരല്‍ പെരുവിരല്‍ തുമ്പുകൊണ്ട് തടവിവേണം തുളസി ഇറുക്കാന്‍. ഭഗവാന്റെ നാമങ്ങള്‍ ഉരുവിടണം. അങ്ങനെ ഭഗവല്‍ നാമം ജപിച്ച് തുളസി ഇറുത്താല്‍ പുണ്യം കിട്ടുന്നു.
 
 
പൂജകളില്‍ ശ്രേഷ്ഠം മാതാവിനെയും പിതാവിനെയും പൂജിക്കുന്നതാണ്. അതിനേക്കാള്‍ ശ്രേഷ്ഠമാണ് പിതൃപൂജ. അതിലും ശ്രേഷ്ഠം ഹരിപൂജ.  ഈ പൂജകളേക്കാള്‍ ശ്രേഷ്ഠമായ ഒന്നുണ്ടെങ്കില്‍ അത് തുളസിപൂജയാണ്. തുളസിയെ മനസ്സില്‍ ഓര്‍ത്താല്‍ മതി മുക്തി കിട്ടും എന്ന് പത്മപുരാണത്തിൽ പറയുന്നു. ഭഗവാന്‍ കൃഷ്ണന്‍ തന്നെ ഏറെ ഇഷ്ടത്തോടെയാണ് തുളസിമാല അണിയുന്നത്. വൃന്ദ എന്നാല്‍ തുളസി എന്നാണ് അര്‍ത്ഥം. വൃന്ദാവനത്തിലാണ് കൃഷ്ണന്‍ രാസലീല നടത്തുന്നത്. വൃന്ദാവനത്തെയും കൃഷ്ണനേയും ആര്‍ക്കും പിരിക്കാനേ കഴിയില്ല അത്രയാണ് തുളസി മാഹാത്മ്യം. ശ്രീകൃഷ്ണ ഭഗവാനെ മനസ്സില്‍ വിചാരിച്ച് തുളസിയെ പൂജിച്ചാല്‍ വിജയം സുനിശ്ചിതം.
 
 

error: Content is protected !!
What would make this website better?

0 / 400