Thursday, 21 Nov 2024
AstroG.in

തുളസി, തെച്ചി, താമര കൊണ്ട് എല്ലാ ദേവതകളെയും പൂജിക്കാം

അമ്പലത്തിൽ പോകുമ്പോൾ കുറച്ച് പൂക്കൾ  സമർപ്പിക്കുന്ന ശീലം നല്ലതാണ്. ഒരോ മൂർത്തിക്കും ഏതെല്ലാം പുഷ്പങ്ങളാണ് വിധിച്ചിട്ടുള്ളതെന്ന്  അറിഞ്ഞെങ്കിൽ മാത്രമേ ഒരോ ദേവതകളുടെയും സന്നിധിയിലെത്തുമ്പോൾ അവിടെ സമർപ്പിക്കേണ്ട പൂക്കൾ  കരുതുവാൻ കഴിയൂ.

തുളസി, തെച്ചി, അലരി, മന്ദാരങ്ങൾ, നന്ത്യാർവട്ടം, താമര, അശോകം, ചെമ്പകം, എരുക്ക്, പിച്ചകം, മുല്ല, എന്നിവ എല്ലാ ദേവന്മാർക്കും  ഉപയോഗിക്കാം,

താമരപ്പൂവ് അല്ലികൾ വാടും വരെയും, കൂവളത്തില, ദമനം, എന്നിവ മൂന്നുദിവസവും കർണ്ണികാരം ഒരു പക്ഷം മുഴുവനും പൂജായോഗ്യമാണ്. വെളുത്തതും ചുവന്നതുമായ ചെങ്ങഴി മന്ദാരം ആറുമാസം കഴിഞ്ഞാലും  ജീർണ്ണിക്കില്ല.

1. വൈഷ്ണവം
കൃഷണത്തുളസി, രാമത്തുളസി, വെള്ളത്താമര, ചെന്താമര,  പിച്ചകം, ജമന്തി, മുല്ല, നാഗം, കാട്ടുചെമ്പകം, നന്ത്യാർവട്ടം, മുക്കുറ്റി, ചെമ്പരത്തി, തെച്ചി, മല്ലിക, ചെമ്പകം, കൂവളം, നീലതാമര, പുതുമുല്ല, ചുവന്നമുല്ല, എന്നിവ വിഷ്ണുപൂജയ്ക്ക് ഉത്തമമാണ്. ഇതിൽ ജമന്തി കേരളത്തിൽ പതിവില്ല; മറ്റ് നാടുകളിൽ സമർപ്പിക്കാറുണ്ട്.കരിങ്കൂവളം, ഹാസം,   നിലപ്പന,  പാരിജാതം, കറുത്ത ആമ്പൽ, മഴമുല്ല, ലംഘിത, മുളച്ചമി, കറുക, ഞാവൽ പൂവ്, കൽഹാരം, കരവീരം, ഏകദളം, താമര, ദർഭ, ചുവന്ന ആമ്പൽ, എന്നിവയാണ് മറ്റ്  വൈഷണവ പുഷ്പങ്ങൾ.


2. ശൈവം
എരിക്കിൻ പൂവ്, കരവീരം, താമര, ഉമ്മത്ത്, വൻ കൊന്ന, ചുവന്ന മന്ദാരം, വെള്ളതാമര, തുളസി, അശോകം, ചെമ്പകം, കൽത്താമര, കൊക്കുമന്ദാരം, ഇലഞ്ഞി, ഇരുമുല്ലകളും, പ്ലാശ്, പിച്ചകം, ഓരിലത്താമര, ദർഭ,മക്കിപ്പൂവ്, കടലാടി, കറുകക്കൂമ്പ്, എന്നിവ ശിവപൂജയ്ക്ക് ഉത്തമമാണ്.മുക്കുറ്റി, വലിയ കർപ്പൂരത്തുളസി, നാഗം, പുന്നാഗം, നന്ത്യാർവട്ടം, നീർമാതളം, ജമന്തി, കരിങ്കുറുക, മന്ദാരം, കുങ്കുമം, കരിങ്കൂവളം, വങ്കൊന്ന, കടമ്പ്, കൂവളം, നീലത്താമര, എന്നിവയും ശൈവ പുഷ്പങ്ങളാണ്.

3. ശാക്തേയ പുഷ്പങ്ങൾ
വെള്ളത്താമര, ചുവന്ന താമര, ചെങ്ങഴനീർപ്പുവ്, കരിങ്കൂവളപ്പൂവ്, ഉച്ചമലരി, കാട്ടുമുല്ല, പുന്നപ്പുവ്വ്, നാഗപ്പുവ്, പിച്ചകം, മഞ്ഞക്കുറിഞ്ഞി, ഇരുവാച്ചിമുല്ല, തിരുതാളി, പാതിരപ്പൂവ്, കൂവളത്തില, അശോകപ്പൂവ്, സ്വർണ്ണമലരി, മുഞ്ഞ, ഉമ്മത്തിൻപ്പൂവ്, മന്ദാരം, കറുക, നന്ത്യാർവട്ടം, കൃഷ്ണക്രാന്തി, എന്നിവ ദേവീ പൂജയ്ക്ക് പറ്റിയ  പൂക്കൾ  ആകുന്നു.

4. ശങ്കരനാരയണൻ, ഗണപതി,     ശാസ്താവ് , മുരുകൻ ശങ്കരനാരായണന് വൈഷ്ണവമോ, ശൈവമോ ആയ പുഷ്പങ്ങളും, സുബ്രഹ്മണ്യൻ, ഗണപതി, ശാസ്താവ്, ഇവർക്ക് ശൈവമോ ശക്തേയമോ ആയിട്ടും, ദുർഗ്ഗയ്ക്ക് ശാക്തേയപുഷ്പങ്ങളും വേണം.

5. പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം, രാത്രി
പ്രഭാത കാലത്ത് നന്ത്യാർവട്ടംകൊണ്ടും, നാഗപ്പൂവുകൊണ്ടും, അപരാഹ്നത്തിങ്കലോ രാത്രിയുടെ ആദ്യ ഭാഗത്തിലോ മാലതീ മല്ലികകളെക്കൊണ്ടും പകൽ മാത്രം അബ്ജങ്ങളെക്കൊണ്ടും, എപ്പോഴും  ഉൾപലങ്ങളെക്കൊണ്ടും രാത്രി പുന്നപ്പൂവുകൊണ്ടും, പൂജിക്കണം. 

6. നവഗ്രഹപുഷ്പങ്ങൾ
സൂര്യന് കൂവളത്തിലയും ചന്ദ്രന് വെള്ളത്താമരയും ചൊവ്വയ്ക്ക് ചുവന്ന പൂക്കളും ബുധന് തുളസിയും വ്യാഴത്തിന് ചെമ്പകവും ശുക്രന് മുല്ലയും ശനിക്ക് കരിങ്കൂവളവും പൂജാപുഷ്പങ്ങളാകുന്നു.

7. നിഷിദ്ധ പുഷ്പങ്ങൾ
ദ്വാരത്തോടുകൂടിയതും മൊട്ടും അതായത് വിരിയാത്തതും ജീർണിച്ചതും നിലത്ത് വീണതും ഇതൾ നഷ്ട്പ്പെട്ടതും ഒരു തവണ ഉപയോഗിച്ചതും വാസനയില്ലാതതും തലനാർ പുഴു  മുതലായവ കലർന്നതുമായ  പൂക്കൾ വർജ്ജ്യങ്ങളാകുന്നു.

error: Content is protected !!