തുളസി വിഷ്ണുപത്നിയാണ്; ചുരുൾമുടിയിൽ ചൂടരുത്
സുന്ദരീ… നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ
തുളസി കതിരില ചൂടി… പ്രസിദ്ധമായ സിനിമാപ്പാട്ട് ഇങ്ങനെയാണ്. എന്നാൽ അങ്ങനെ ചെയ്യരുതെന്നാണ് ആചാര്യന്മാർ പറയുന്നത്. മഹാവിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും സാന്നിധ്യം കുടികൊളളുന്ന പരമപവിത്രമായ സസ്യമാണ് തുളസി; ഇക്കാര്യം വളരെ വ്യക്തമായി ദേവീഭാഗവതത്തിൽ പറഞ്ഞിട്ടുണ്ട്. അതിനാലാണ് തുളസിക്കതിർ മുടിയിൽ ചൂടരുത് എന്ന് പറയുന്നത്.
സ്ത്രീകൾ തുളസിക്കതിർ മുടിയിൽ ചൂടുന്നത് ദിവ്യത്വം ഉള്ളതു കൊണ്ടും സുഗന്ധം ലഭിക്കാനുമാണ്. എന്നാൽ തുളസിക്ക് പുരാണങ്ങൾ പൊതുവേ ഈശ്വര പദമാണ് നൽകിയിരിക്കുന്നത്. അത് മനുഷ്യർ മുടിയിൽ ചൂടുന്നത് ഈശ്വരനിന്ദയായി കരുതുന്നു. ആയുർവേദത്തിൽ ദിവ്യ ഔഷധമായി പരിഗണിക്കുന്ന തുളസി ഹൈന്ദവആചാരങ്ങളിൽ മാത്രമല്ല ലോകം മുഴുവൻ പരിശുദ്ധമായി കണക്കാക്കുന്ന ചെടിയാണ്. തുളസി കണ്ടു മരിച്ചാൽ മോക്ഷപ്രാപ്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ഗംഗയും ലക്ഷ്മിയും സരസ്വതിയും ആദ്യകാല പുരാണ കഥകളിൽ മഹാവിഷ്ണുവിന്റെ പത്നിമാരായിരുന്നു. ലക്ഷ്മി ഭൂമിയിൽ ഒരു ചെടിയായി ജനിക്കട്ടെ എന്നു സരസ്വതി ശപിച്ചു. ഇതു കേട്ടുനിന്ന ഗംഗ സരസ്വതിയെ ശപിച്ചു നദിയാക്കി. അതിനു പകരമായി ഗംഗ, നദിയായി ഭൂമിയില്‍ ഒഴുകട്ടെ എന്നു സരസ്വതിയും ശപിച്ചു. ശാപ കോലാഹലം തീർന്നപ്പോൾ മഹാവിഷ്ണു ലക്ഷ്മിയെ അടുത്തു വിളിച്ചു. അല്ലയോ ദേവി, കാലഗതിക്ക് അനുസരിച്ചാണ് ഇങ്ങനെ സംഭവിച്ചത്; സങ്കടപ്പെടരുത്. ദേവി ഭൂമിയിൽ പോയി ധർമധ്വജന്റെ ഗൃഹത്തിൽ തുളസിയായി ജനിച്ച് അദ്ദേഹത്തിന്റെ പുത്രിയായി വളരുക. അവിടെ നിന്നും ദൈവയോഗം നിമിത്തം മൂന്നു ലോകത്തെയും പരിശുദ്ധമാക്കുന്ന തുളസിച്ചെടിയായി തീരും. ഇതാണ് തുളസിച്ചെടിയെക്കുറി ച്ചുള്ള ഐതിഹ്യം.
തുളസി നാലു തരമുണ്ട്- വെളുത്ത തുളസി, കൃഷ്ണ തുളസി, രാമതുളസി, കാട്ടുതുളസി. കാട്ടുതുളസി ഒന്നിനും ഉപയോഗിക്കുകയില്ല. രാമതുളസി പരശുരാമനു പ്രധാനം. സംക്രാന്തിക്കും ദ്വാദശിക്കും കറുത്ത വാവിനും വെളുത്തവാവിനും ചതുർഥി, അഷ്ടമി ദിവസങ്ങളിലും ഞായറാഴ്ചയും ശരീരത്തിൽ എണ്ണ തേച്ചിരിക്കുമ്പോഴും ഉച്ച, സന്ധ്യ, രാത്രി സമയങ്ങളിലും അഴുക്കു വസ്ത്രം ഉടുത്തും ശരീരശുദ്ധിയില്ലാത്തപ്പോഴും പുലയുളളപ്പോഴും തുളസീദളം ഇറുക്കരുത്. തുളസിയിൽ നഖം കൊളളാൻ പാടില്ല. നഖം കൊള്ളുന്നതു മഹാവിഷ്ണുവിന്റെ ശിരസു മുറിയുന്നതിനു സമമെന്നു ദേവീഭാഗവതം വ്യക്തമാക്കുന്നു. തുളസിയുടെ ചുവടെ ദീപം വച്ച് ആരാധിക്കുന്നത് ഐശ്വര്യപ്രദമാണ്.
Story Summary: Why Tulasi is a Sacred plant in Hinduism