Saturday, 23 Nov 2024
AstroG.in

തുളസീ വിവാഹം കഴിഞ്ഞു, ഇനി വിവാഹ സീസൺ

കാർത്തിക മാസത്തിലെ പന്ത്രണ്ടാം ദിവസം തുളസീ വിവാഹപൂജ ആഘോഷിച്ചതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിവാഹ സീസൺ ആരംഭിച്ചു. വിഷ്ണു അവതാരമായ ഭഗവാൻ ശ്രീകൃഷണനും ലക്ഷ്മീ ദേവിയുടെ അവതാരമായ വിശുദ്ധ സസ്യം തുളസിയും തമ്മിൽ വിവാഹിതരായ സുദിനം എന്ന സങ്കല്പത്തിലാണ് കാർത്തിക മാസത്തിലെ ദ്വാദശി നാൾ, (ഇത്തവണ 2021 നവംബർ 16 ചൊവ്വാഴ്ച)  തുളസി വിവാഹപൂജയായി ആഘോഷിക്കുന്നത്. ഗുജറാത്തിലും തെലുങ്ക്ദേശത്തും  ഹിന്ദി ഭൂമിയിലുമെല്ലാം തുളസീമംഗല്യ പൂജ, മൺസൂൺ കാലം കഴിഞ്ഞുള്ള വിവാഹ സീസണിന്റെ പ്രാരംഭമാണ്. 


തുളസീ പൂജ ചില സ്ഥലങ്ങളിൽ കാർത്തിക മാസത്തിലെ പതിനൊന്നാം ദിവസം മുതൽ 5 ദിവസം കാർത്തിക പൗർണ്ണമി വരെ ആഘോഷിക്കാറുണ്ട്. കാർത്തിക പൗർണ്ണമി നാളിൽ തുളസീ മംഗല്യപൂജയോടെ ആഘോഷം സമാപിക്കും. ഈ ദിവസം ഭർത്തൃ നന്മയ്ക്കായി മംഗല്യവതികൾ വ്രതമെടുത്ത് പൂജ ചെയ്യുന്നത് പതിവാണ്.

ഹിന്ദുമത വിശ്വാസികൾ മാത്രമല്ല സകലരും പരിശുദ്ധമായി കരുതുന്ന ചെടിയാണ് തുളസി. മഹാവിഷ്ണുവിന്റെ പത്‌നിയായ  ലക്ഷ്മിദേവിയാണ്  തുളസിച്ചെടിയായി രൂപാന്തരം പ്രാപിച്ചതെന്ന്  ദേവീ ഭാഗവതത്തിൽ പറയുന്നു. 

ഗംഗയും ലക്ഷ്മിയും സരസ്വതിയും ഒരുകാലത്ത് മഹാവിഷ്ണുവിന്റെ ഭാര്യമാരായിരുന്നു. അക്കാലത്ത് ഒരിക്കൽ ഇവർ തമ്മിൽ കലഹം മൂത്തപ്പോൾ  ലക്ഷ്മി ഭൂമിയിൽ ഒരു ചെടിയായി തീരട്ടെയെന്ന്  സരസ്വതി ശപിച്ചു. ഇതു കേട്ടു നിന്ന ഗംഗ സരസ്വതിയെ ശപിച്ച് നദിയാക്കി. ഗംഗ നദിയായി ഭൂമിയിൽ ഒഴുക്കട്ടെ എന്ന് സരസ്വതിയും ശപിച്ചു. ഇതെല്ലാം കഴിഞ്ഞപ്പോൾ മഹാവിഷ്ണു ലക്ഷ്മിയോട് പറഞ്ഞു: ദേവീ  ഇങ്ങനെയെല്ലാം സംഭവിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ് ; അത് ഒഴിവാക്കാൻ കഴിയില്ല. ദേവി  സങ്കടപ്പെടരുത്; ദേവി ഭൂമിയിൽ  ധർമ്മധ്വജന്റെ  പുത്രിയായി ജനിച്ച്  വളരും. അവിടെ ദേവി ഈശ്വരേശ്ചയാൽ  മൂന്നു ലോകങ്ങളെയും വിമലീകരിക്കുന്ന ചെടിയായിത്തീരും. ആ ചെടിക്ക് തുളസി എന്നു പേരു കിട്ടും. ആ ഘട്ടത്തിൽ തന്നെ എന്റെ അംശമായി ശംഖചൂഡൻ എന്ന അസുരൻ  ഭൂമിയിൽ ജനിക്കും. ആ അസുരൻ നിന്നെ ഭാര്യയാക്കും. ഈ ദൈവഹിതം പൂർത്തിയാക്കിയ ശേഷം ദേവിക്ക് തിരിച്ചു പോരാം. എന്ന് അരുളിച്ചെയ്തു.

അങ്ങനെ  ധർമ്മധ്വജന്  മാധവി എന്ന ഭാര്യയിൽ ലക്ഷ്മി ദേവി തുളസിയായി ജനിച്ചു. സുദാമാവെന്ന ഗോപാലൻ ശംഖചൂഡൻ  എന്ന അസുരനായും ജനിച്ചു. ഈ അസുരൻ വിഷ്ണു കവചം സമ്പാദിച്ച് തുളസിയെ വിവാഹം ചെയ്തു. കുറെക്കാലം കഴിഞ്ഞ്  ശംഖചൂഡൻ പരമശിവനുമായി യുദ്ധത്തിന് മുതിർന്നു. ഭഗവാൻ ശംഖചൂഡനെ വധിച്ചപ്പോൾ മഹാവിഷ്ണു തുളസിയുടെ അടുത്തെത്തി ശാപമോക്ഷം നൽകി. തുളസിയുടെ ശരീരം ദ്രവിച്ച് ഗണ്ഡകി എന്ന പുണ്യനദിയാകുമെന്നും തലമുടിയും രോമങ്ങളും ലോകത്തിൽ തുളസിച്ചെടിയായി തീരുമെന്നും തുളസീദളം മൂന്നു ലോകത്തിലും ദേവപൂജയ്ക്ക് ശ്രേഷ്ഠമായ പുഷ്പമായിത്തീരുമെന്നും മഹാവിഷ്ണു അനുഗ്രഹിച്ചു. അതിനു ശേഷം  ലക്ഷ്മീരൂപം തിരിച്ചു കിട്ടിയ ദേവി മഹാവിഷ്ണുവിനൊപ്പം  വൈകുണ്ഠത്തിലേക്കു പോയി. 

തുലാസപ്പെടുത്താൻ കഴിയാത്തവൾ,  ഉപമിക്കാനാവാത്തവൾ എന്നാണ് തുളസി എന്ന വാക്കിന്റെ അർത്ഥം. തുളസി ദേവിക്ക് ഒരു അഷ്ടകമുണ്ട്;  എട്ടു നാമങ്ങൾ ചേർന്ന നാലുവരിയാണ് തുളസീനാമാഷ്ടകം:  

വൃന്ദ, വൃന്ദാവനീ വിശ്വ-
പൂജിതാ വിശ്വപാവനീ
നാന്ദിനീ പുഷ്പസാരാഖ്യ
തുളസീ കൃഷ്ണ ജീവനി

ഈ അഷ്ടകം തുളസി ദളാർച്ചനയോടെ  ജപിക്കുന്നവർക്ക്  എല്ലാവിധ ഐശ്വര്യവുമുണ്ടാകും. അങ്ങേയറ്റം  ശ്രേഷ്ഠമായ ഒരു കർമ്മമാണിത്.  കാർത്തിക മാസത്തിലെ 12 ദിവസമാണ്  തുളസീ പൂജയ്ക്ക് വിധിച്ചിരിക്കുന്നത്.

മാസം തോറും സൂര്യസംക്രമ ദിവസവും  ദ്വാദശിക്കും കറുത്ത വാവിനും വെളുത്തവാവിനും തുളസീദളം ഇറുക്കരുത്. ശരീരത്തിൽ എണ്ണ തേച്ചിരിക്കുമ്പോഴും ഉച്ച, സന്ധ്യ, രാത്രി നേരങ്ങളിലും തുളസീദളം ഇറുക്കരുത്. അഴുക്ക് വസ്ത്രം ഉടുത്തുകൊണ്ടും ശരീരശുദ്ധി ഇല്ലാത്തപ്പോഴും പുലയുള്ളപ്പോഴും തുളസീദളം ഇറുക്കരുത്. ഈ വിധി തെറ്റിക്കുന്നത്  വിഷ്ണുഭഗവാന്റെ  ശിരസ് മുറിക്കുന്നതിന് തുല്യമാണെന്നും  ദേവീ ഭാഗവതം പറയുന്നു.

error: Content is protected !!