Sunday, 29 Sep 2024
AstroG.in

തൃക്കൊടിത്താനത്ത് അത്ഭുത നാരായണനും
നരസിംഹമൂർത്തിയും ഒരു ശ്രീകോവിലിൽ

മംഗള ഗൗരി
കേരളത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കൊടിത്താനം മഹാക്ഷേത്രം പ്രസിദ്ധമായ ദീപ മഹോത്സവത്തിന് ഒരുങ്ങുന്നു. പ്രകൃതിസുന്ദരമായ തൃക്കൊടിത്താനം ദേശം ആഘോഷത്തിമിർപ്പിലാകുന്ന ദീപോത്സവത്തിന് 2022 നവംബർ 28 രാത്രി 8 മണിക്കും 8:30 നും മദ്ധ്യേയാണ് തൃക്കൊടിയേറ്റ്. ഡിസംബർ 2 ന് വൈകിട്ട് 5:15 ന് കിഴക്കോട്ട് എഴുന്നള്ളിപ്പ് നടക്കും. ഡിസംബർ 7 ന് പുലർച്ചെയാണ് ദീപ മഹോത്സവം. അന്ന് തന്നെ രാവിലെ 10 ന് ആറാട്ട് മഹോത്സവം നടക്കും. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്ക് മൂന്ന് കിലോമീറ്റർ കിഴക്ക് തൃക്കൊടിത്താനത്താണ് പഞ്ചപാണ്ഡവരിലെ സഹദേവൻ ആരാധിച്ച അത്ഭുത നാരായണ വിഗ്രഹം കുടികൊള്ളുന്ന തൃക്കൊടിത്താനം മഹാക്ഷേത്രം.

ഐതിഹ്യം
പഞ്ചപാണ്ഡവന്മാർ ഓരോരുത്തരും വ്യത്യസ്തമായ വിഷ്ണു വിഗ്രഹങ്ങളാണ് ആരാധിച്ചിരുന്നത്. അവസാന കാലത്ത് ഭൗതിക ബന്ധങ്ങൾ ഉപേക്ഷിച്ച് മഹാപ്രസ്ഥാനത്തിന് പോകും മുൻപ് ഇവർ തങ്ങളുടെ പൂജാബിംബങ്ങൾ ഓരോ സ്ഥലത്തും പ്രതിഷ്ഠിച്ചു. അതിൽ സഹദേവൻ ആരാധിച്ച വിഗ്രഹമാണ് ഇവിടെ
സ്ഥാപിച്ചിരിക്കുന്നത്. ഇത് സഹദേവന് ലഭിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. ആദ്യ കാലത്ത് മറ്റ് 4 പേർക്കും ലക്ഷണമൊത്ത വിഷ്ണു വിഗ്രഹങ്ങൾ ലഭിച്ചു. തനിക്ക്
മാത്രം തികവാർന്ന ബിബം ലഭിക്കാത്തതിൽ ഖിന്നനായ സഹദേവൻ ആത്മാഹൂതി ചെയ്യാൻ ഒരുങ്ങിയപ്പോൾ ആ അഗ്നിയിൽ നിന്ന് ഒരു വിഗ്രഹം സ്വയം ഭൂവായി ഉയർന്നുവന്നു. ഈ വിഗ്രഹത്തിന് അത്ഭുത നാരായണ വിഗ്രഹം എന്ന് പേരും ലഭിച്ചു. അഗ്നി ദേവനാണ് ഇവിടെ ഈ പ്രതിഷ്ഠ നടത്തിയത് എന്നും കഥയുണ്ട്

വിഷ്ണുവും നരസിംഹമൂർത്തിയും
അത്ഭുത നാരായണനാണ് മുഖ്യ പ്രതിഷ്ഠയെങ്കിലും അതേ വട്ട ശ്രീകോവിലിൽ തന്നെ നരസിംഹമൂർത്തിയെ പടിഞ്ഞാറ് ദർശനമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ചതുർബാഹുവായ വിഷ്ണു വിഗ്രഹത്തിന് പീഠമടക്കം അഞ്ചടിയോളം ഉയരമുണ്ട്. 4 തൃക്കൈകളിൽ ശംഖ്, ചക്രം, ഗദ, പത്മം . പീഠത്തിൽ ദൃഢാലിംഗനബദ്ധരായ ലക്ഷ്മീ നാരായണ വിഗ്രഹവും ചതുർബാഹുവായ ശിവേലി വിഗ്രഹവും കാണാം. നരസിംഹമൂർത്തി വിഗ്രഹവും ചതുർബാഹുവാണ്. ഇരിക്കും വിധമുള്ള വിഗ്രഹത്തിന്റെ രണ്ടു കൈകളിൽ ശംഖും ചക്രവും . മറ്റ് കൈകളിൽ ചിന്മുദ്ര. ഹിരണ്യ കശിപു വധശേഷം പ്രഹ്ലാദ സ്തുതി കേട്ട് ശാന്ത ഭാവത്തിലുള്ള മുഖത്ത് നിന്ന് രൗദ്രത പൂർണ്ണമായും മാഞ്ഞിട്ടില്ല. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് മദ്ധ്യത്തിൽ ചെറിയൊരു സുഷിരമുണ്ട്. ഇതിലൂടെ ഏക നയന ദർശനം നൽകുന്ന ഒരപൂർവ കാഴ്ചയുണ്ട് – തെക്ക്ദർശനമായി ഗണപതിയുടെയും ദക്ഷിണാമൂർത്തിയുടെയും വിഗ്രഹങ്ങൾ. ഒറ്റക്കണ്ണു കൊണ്ട് സുഷിരത്തിലൂടെ ശ്രീകോവിലേക്ക് സുക്ഷിച്ച് നോക്കിയാൽ മാത്രം ഇത് നിലവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ കാണാനാകും. മറ്റൊരു ക്ഷേത്രത്തിലും കാണാൻ കഴിയാത്ത സവിശേഷ ദൃശ്യമാണിത്.

ഇടത്ത് ഗണപതി വലത്ത് ശാസ്താവ്
നാലമ്പലത്തിനു വെളിയിൽ തെക്കുപടിഞ്ഞാറ് ഭാഗത്ത് മറ്റൊരു ശ്രീകോവിൽ കിഴക്കോട്ട് ദർശനമായി ഇടത്ത് ഭാഗത്ത് ഗണപതിയെയും വലത്ത് ശാസ്താവിനെയും
പ്രതിഷ്ഠിച്ചിട്ടുണ്ട്. ശാസ്താം നടയുടെ വലതുഭാഗത്ത് തെക്ക് മാറി ക്ഷേത്രപാലകനുമുണ്ട്. ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് പ്രത്യേക മതിൽക്കെട്ടിൽ കിഴക്ക് ദർശനമായി ഭദ്രകാളിയും അതിന്റെ ഇടത്ത് വശത്ത് രക്ഷസ്സുമുണ്ട്. ക്ഷേത്രമതിലിനു വെളിയിൽ തെക്കു കിഴക്കു വിഷ്ണു ക്ഷേത്രത്തെക്കാൾ പഴക്കമുള്ളതെന്നു പറയപ്പെടുന്ന ഒരു സുബ്രഹ്മണ്യ പ്രതിഷ്ഠയുള്ള ചെറിയ അമ്പലമുണ്ട്. ക്ഷേത്രത്തിന് മുൻപിലാണ് കുളം. 5 ജലസ്രോതസ്സുകൾ ഈ കുളത്തിൽ ഒന്നിക്കുന്നു. ഭൂമിതീർത്ഥമെന്നും പഞ്ചമഹാതീർത്ഥമെന്നും ഈ കുളത്തെ വിളിക്കുന്നു.

അമ്മച്ചിപ്ലാവ്
മഹാക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഇടതുഭാഗത്ത് മതിലിനോടു ചേർന്നാണ് അമ്മച്ചി പ്ലാവ് നില്ക്കുന്നത്. വളരെ പ്രായം ചെന്ന മുതുമുത്തശ്ശിയായി നിൽക്കുന്ന പ്ലാവിന്റെ പ്രായം നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അഞ്ചു നൂറ്റാണ്ടിലധികം വരും. സഹദേവന്റെ അഭിലാഷം സാക്ഷാത്കരിക്കുന്നതിനായി അഗ്നികുണ്ഡത്തിൽ നിന്നും വിഗ്രഹം പ്രത്യക്ഷപ്പെട്ട സ്ഥാനത്താണ് ഈ പ്ലാവു നിൽക്കുന്നതെന്നാണ് വിശ്വാസം. ഈ പ്ലാവിൽ ചുവട്ടിൽ സഹദേവസാന്നിദ്ധ്യം വിളിച്ചോതുന്ന സഹദേവപീഠമുണ്ട്. ആഴ് വനാർമാരുടെ കൃതികളിൽ പ്രതിപാദിക്കുന്നത്ര പഴമയുള്ളതാണ് തൃക്കൊടിത്താനം ക്ഷേത്രം. ആഴ് വാർ സിദ്ധന്മാരിൽ പ്രമുഖനായ നമ്മാഴ് വർക്ക് ഒൻപതാം ശതകത്തിൽ ഇവിടെ വച്ച് ദിവ്യദർശനം ലഭിച്ചതായി രേഖകളിൽ പറയുന്നു. ശിലലിഖിതങ്ങളിൽ തിരുക്കടിത്താനം എന്നാണ് ഈ സ്ഥലത്തിന് പേര്.

നിത്യവും അഞ്ചു പൂജകൾ
തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നിത്യവും
അഞ്ച് പൂജകളാണ്. എന്നാൽ നിവേദ്യം ഉഷപൂജ കൊണ്ട് നിർത്തുന്നു. ഉഷപൂജ കഴിഞ്ഞാൽ എതിർത്തു പൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴ പൂജ, മറ്റെല്ലാ നടയിലും ദിവസവും നിവേദ്യവുമുണ്ട്,

പ്രധാന വഴിപാടുകൾ
കിഴക്കെ നടയിൽ വിഷ്ണുവിന് കദളിപ്പഴവും പാൽപ്പായസവും ചതുശ്ശതവും പടിഞ്ഞാറെ നടയിൽ നരസിംഹമൂർത്തിക്ക് ശർക്കരപായസവും പാൽപ്പായസവും പാനകവുമാണ് പ്രധാന നിവേദ്യങ്ങൾ.

ഉത്സവം വൃശ്ചികമാസത്തിൽ
വൃശ്ചികമാസത്തിലെ തിരുവോണനാളിൽ കൊടികയറി പത്ത് ദിവസത്തെ ഉത്സവമാണ് ഇവിടെ നടക്കുന്നത്. പണ്ട് മീനത്തിലും ഉത്സവം നടത്തിയിരുന്നു. മറ്റൊരിടത്തും ഇല്ലാത്ത ഉത്സവമാണ് ഇവിടുത്തെ ദീപമഹോത്സവം.
ദീപ എന്നറിയപ്പെടുന്ന ഈ ചടങ്ങാണ് തൃക്കൊടിത്താനം മഹാക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമാക്കുക. ദീപയുടെ ആകർഷണങ്ങളിൽ മുഖ്യം വാദ്യമേളങ്ങളുടെ അകമ്പടിയാണ്. പനച്ചിക്കലേറ്റം, ചാടിക്കൊട്ട്, ഒറ്റക്കോൽമേളം, ശ്രീഭൂതബലിസമയത്തു നടത്തുന്ന പാണി, അഞ്ചാം ഉത്സവം മുതൽ അകത്ത് തെക്കേനടയിൽ നടത്തുന്ന കൈമണി ഉഴിച്ചിൽ തുടങ്ങിയ ചടങ്ങുകളെല്ലാം ഉൾപ്പെട്ട പ്രധാനപ്പെട്ട അനുഷ്‌ഠാന ഉത്സവം കൂടിയാണ് ദീപ മഹോത്സവം. ഉത്സവത്തിന്
കിഴക്കേ നടയിലും പടിഞ്ഞാറേ നടയിലും കൊടിയേറ്റും കൊടിയിറക്കുമുണ്ട്. ആറാട്ട് എഴുന്നള്ളിപ്പിന് മുൻപ് കൊടിയിറക്ക് നടക്കും. ആറാട്ട് മണ്ഡപത്തിൽ പൂജയ്ക്കു ശേഷം തിരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച് 81 കലശവും പടിഞ്ഞാറേനടയിൽ നവകവുമായി ഉത്സവ ചടങ്ങുകൾ പൂർത്തിയാകുന്നു.

വൈശാഖത്തിൽ നരസിംഹപൂജ
വൈശാഖമാസത്തിൽ പടിഞ്ഞാറെ നടയിൽ നരസിംഹ ജയന്തിക്കു വിശേഷാൽ പൂജകളും കിഴക്കെ നടയിൽ ദശാവതാരചാർത്തും നടത്തും. ഇടവത്തിലെ മകയിരം നക്ഷത്രത്തിൽ ദേവിക്ക് പ്രത്യേക പൂജയുണ്ട്. വൃശ്ചിക മാസത്തിൽ ശാസ്താവിന് ചിറപ്പും കുംഭത്തിലെ കാർത്തിക നാളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടി മഹോത്സവവും ഷഷ്ഠി തോറും പ്രത്യേകപൂജയും നടത്തുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം.

Story Summary : Trikkodithanam Mahakeshetram:
The importance, History and Festivals of ancient Atbhuta Narayana Temple near Changanasserry.

error: Content is protected !!