Saturday, 23 Nov 2024
AstroG.in

തൃപ്രയാർ ഏകാദശി നോറ്റാൽ ദുരിതവും ദാരിദ്ര്യവും നീങ്ങും

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

വൃശ്ചികത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശി ഗുരുവായൂർ ഏകാദശി എന്നും കറുത്ത പക്ഷ ഏകാദശി തൃപ്രയാർ ഏകാദശി എന്നും അറിയപ്പെടുന്നു. രണ്ട് ഏകാദശികൾക്കും ആചാരപരമായി വളരെയധികം പ്രാധാന്യമുണ്ട്.

നാലമ്പലങ്ങളിൽ ഏറ്റവും പ്രശസ്തമായ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ വാർഷികാഘോഷം കൂടിയാണ് തൃപ്രയാർ ഏകാദശി. ഗുരുവായൂർ ഏകാദശി ശ്രീകൃഷ്ണ പ്രധാനവും തൃപ്രയാർ ഏകാദശി ശ്രീരാമ പ്രധാനവുമാണ്. രാവണനെ നിഗ്രഹിച്ച് ധർമ്മം സംരക്ഷിക്കുന്നതിനായി അവതരിപ്പിച്ച ശ്രീരാമസ്വാമിയെ ഉപാസിക്കുന്നതിനുള്ള ഈ ഏകാദശി ആചരിക്കുന്നത് ആഗ്രഹസാഫല്യത്തിനും പാപദുരിതമോചനത്തിനും ഗുണകരമാണ്. 2021 നവംബർ 30 നാണ് ഇത്തവണ തൃപ്രയാർ ഏകാദശി.

തൃശ്ശൂരിലെ നാട്ടികയിലാണ് പ്രസിദ്ധമായ തൃപ്രയാർ ക്ഷേത്രം. ത്രിമൂർത്തീചൈതന്യം നിറഞ്ഞ ദേവനാണ് ചതുർബാഹുവായ തൃപ്രയാറപ്പൻ. ലക്ഷ്മീദേവീ, ഭൂദേവീ സമേതനായ തൃപ്രയാറപ്പനെ ദർശിച്ച് പ്രാർത്ഥിച്ചാൽ എല്ലാ ദുരിതവും ദാരിദ്ര്യവും നീങ്ങും. സാധാരണ വിഷ്ണു ക്ഷേത്രങ്ങളിൽ വെളുത്തപക്ഷ ഏകാദശിയാണ് പ്രധാനം. തൃപ്പയാറപ്പന്റെ ശൈവചൈതന്യം മൂലമാണ് ഇവിടെ കറുത്തപക്ഷ ഏകാദശി പ്രധാനമായത്. തൃപ്രയാർ ഏകാദശി ദിനത്തിലെ ഭഗവാന്റെ നിർമ്മാല്യദർശനം ശ്രേഷ്ഠവും പുണ്യദായകവുമാണ്.

ഗുരുവായൂരിലെ ഏകാദശി ദിനചടങ്ങുകൾ പോലെ തന്നെയാണ് തൃപ്രയാറിലും. ഏകാദശിദിവസം രാത്രിയിൽ ഭഗവാന് ദ്വാദശി സമർപ്പണം നടക്കും. അന്ന് ഭഗവാനെ തൊഴുത് കാണിക്കയര്‍പ്പിക്കുന്നത് പ്രധാന ചടങ്ങാണ്. ഏകാദശിയുടെ തലേന്ന് നടത്തപ്പെടുന്ന ആചാരമാണ് ദശമിവിളക്ക്. ഈ ദിവസം പ്രധാന പ്രതിഷ്ഠയായ ശ്രീരാമ ദേവന് പകരം ആദ്യപ്രതിഷ്ഠയായ ശാസ്താവിനെയാണ് തൃപ്രയാറിൽ എഴുന്നള്ളിക്കുന്നത്. ശാസ്താവിനെയാണ് എഴുന്നള്ളിക്കുന്നതെങ്കിലും വിളക്ക് തൃപ്രയാറപ്പനാണ്.

തൃപ്രയാർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ കതിനാവെടി സമർപ്പണവും മീനൂട്ടുമാണ്. 10, 101, 1001 എന്നീ ക്രമത്തിലാണ് വഴിപാട്. ഭക്തർ സമർപ്പിക്കുന്ന അന്നം സ്വീകരിക്കാൻ ഭഗവാൻ മത്സ്യരൂപം ധരിച്ച് എത്തുന്നു എന്ന സങ്കല്പത്തിലാണ് മീനൂട്ട് നടത്തുക. ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറുവാന്‍ ഈ വഴിപാട് ഉത്തമമാണ്. ഭഗവാന് ആടിയ എണ്ണ വാത, പിത്ത രോഗങ്ങൾക്ക് മികച്ച ഔഷധമാണെന്നാണ് വിശ്വാസം. ശ്രീരാമനാമം ജപിക്കുന്നിടത്തെല്ലാം ഹനുമാൻ സ്വാമി ഉണ്ടാവുമെന്നാണ് വിശ്വാസം. ഇവിടെ ഹനുമാൻസ്വാമിക്ക് പ്രത്യേകം പ്രതിഷ്ഠ ഇല്ലെങ്കിലും ഹനുമദ്പ്രീതിയാൽ അഭീഷ്ട സിദ്ധിക്ക് സുന്ദരകാണ്ഡ വായനയും അവൽ നിവേദ്യവും സമർപ്പിക്കാറുണ്ട്.

ലൗകിക സുഖമല്ല പരമമായ മോക്ഷമാണ് ഏകാദശി വ്രതാചരണത്തിന്റെ ലക്ഷ്യമെങ്കിലും സാധാരണഗതിയിൽ ഏകാദശി നോറ്റാൽ അളവറ്റ ഐശ്വര്യാഭിവൃദ്ധികൾ ഉണ്ടാകും. വിഷ്ണു ഭഗവാനെ പ്രീതിപ്പെടുത്തി അനേക ജന്മങ്ങളിലെ പാപങ്ങൾ പോലും അകറ്റി ഒരു വ്യക്തിയെ മോക്ഷത്തിലെത്തിക്കാൻ ഈ വ്രതത്തിന് കഴിയും. ഏകാദശി നോൽക്കുന്നവർ ദശമി നാളിൽ അതായത് തലേ ദിവസം ഒരിക്കൽ എടുത്ത് വേണം വ്രതം ആരംഭിക്കാൻ. അന്ന് നിലത്ത് ഉറങ്ങണം. ദമ്പതികൾ ഒരുമിച്ച് ശയിക്കരുത്. ഏകാദശി നാൾ സൂര്യോദയത്തിന് മുൻപ് ഉണര്‍ന്ന് ശുഭ്ര വസ്ത്രം ധരിച്ച് ഭഗവത് നാമങ്ങൾ ചൊല്ലുക. വിഷ്ണു സഹസ്രനാമം, ഭഗവത് ഗീത, നാരായണീയം, ഭാഗവതം തുടങ്ങിയ കീര്‍ത്തനങ്ങൾ ഭഗവാന്‍റേതായിട്ടുണ്ട്. ഇതൊന്നും ഇല്ലെങ്കിലും ഓം നമോ ഭഗവതേ വാസുദേവായ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്നീ മന്ത്രങ്ങൾ ചൊല്ലാം. ഭഗവത് കീര്‍ത്തനങ്ങൾ കേൾക്കുകയും വിഷ്ണു ക്ഷേത്രത്തിൽ ദര്‍ശനം നടത്തുകയും ചെയ്യുന്നത് വളരെ നല്ലതാണ്.

ക്ഷേത്രത്തിൽ വിഷ്ണു ഭഗവാന് 4 പ്രദക്ഷിണമാണ് വേണ്ടത്. തുളസിമാല, തൃക്കൈവെണ്ണ, പാൽപ്പായസം, പുരുഷ സൂക്തം, വിഷ്ണു സൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാടുകൾ നടത്തുന്നത് ഐശ്വര്യപ്രദമാണ്. വ്രതം അനുഷ്ഠിക്കുന്ന ദിവസം അരി ഭക്ഷണം പാടില്ല. പഴങ്ങളും ഫലങ്ങളും കഴിക്കാം. ഉപവാസമാണ് ഉത്തമം. തുളസി വെള്ളം മാത്രം കുടിച്ച് വ്രതം എടുക്കുന്നവരും ഉണ്ട്. ഇത് സാധിക്കാത്തവര്‍ക്ക് ഏകാദശി ദിവസം ഉച്ചയ്ക്ക് മാത്രം ലഘു ഭക്ഷണം കഴിക്കാം. ഏകാദശി ദിവസം രാവിലെ കുളിച്ച് അരയാലിലും തുളസിക്കും പ്രദക്ഷിണം ചെയ്യുന്നത് പുണ്യകരമാണ്. 7 പ്രാവശ്യം വീതം പ്രദക്ഷിണം ചെയ്യുക. ജീവിത പ്രതിസന്ധികളിൽ കിടന്ന് നട്ടം തിരിയുന്നവർക്ക് ഈ കർമ്മം ഒരു വഴിക്കാട്ടിത്തരും, ദുരിതനിവാരണമാണ് പ്രധാന ഫലം.

ഏകാദശി നോറ്റ് ജപിക്കാന്‍ 7 മന്ത്രങ്ങള്‍

1 ഓം നമോ ഭഗവതേ വാസുദേവായ
2 ഓം നമോ വിഷ്ണവേ മധുസൂദനായ നമ:
3 ഓം നമോ നാരായണായ
4 ഓം ക്ലീം കൃഷ്ണായ നമ:
5 ഓം ക്ലീം ഹൃഷീകേശായ നമ:
6 ഓം ക്ലീം കൃഷ്ണായ ഗോഗോപീസുന്ദരായ ക്ലീം ശ്രീം സര്‍വ്വാലങ്കാര ഭൂഷിണേ നമ:
7 ഓം ത്രിവിക്രമായ മധുസൂദനായ ശ്രീം നമ:

ഈ ഏഴ് മന്ത്രങ്ങളും ദിവസവും 108 വീതം രാവിലെയും വൈകിട്ടും രണ്ടുനേരം ജപിന്നത് ഭാഗ്യസിദ്ധിക്ക് ഗുണകരമാണ്. ഏകാദശി ദിവസം മുഴുവന്‍ സമയവും കഴിയുന്നത്ര പ്രാവശ്യം ഈ മന്ത്രങ്ങൾ ചൊല്ലണം. ഈ ദിവസം സാധുക്കൾക്ക് അന്നദാനം നടത്തുന്നത് ബഹുവിശേഷമാണ്. ഒരു കാര്യം പ്രത്യേകം അറിയണം – ഏകാദശി വ്രതം നോറ്റാൽ ഫലം ഉറപ്പാണ്. എല്ലാ പാപങ്ങളും നശിക്കും; കുടുംബൈശ്വര്യത്തിനും കാരണമാകും.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 9447020655

Story Summary: Significance, Rules and Rituals of Thriprayar Ekadasi on November 30, 2021

error: Content is protected !!