Friday, 22 Nov 2024
AstroG.in

തേവാരക്കെട്ട് സരസ്വതിയും വേളിമല കുമാരസ്വാമിയും
ശുചീന്ദ്രം മുന്നൂറ്റിനങ്കയും നവരാത്രിക്ക് തിരിച്ചു

നവരാത്രി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് നവരാത്രി വിഗ്രഹ ഘോഷയാത്ര തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. വിഗ്രഹഘോഷയാത്രയുടെ മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിൽ നിന്നും ആചാരാനുഷ്ഠാന പൂർവ്വം ഉടവാൾ ഏറ്റുവാങ്ങി. കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. തമിഴ്നാട് ഐടി വകുപ്പ് മന്ത്രി മനോ തങ്കരാജ്, എം.എൽ.എ മാരായ എ.വിൻസൻറ്, സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ കേരള- തമിഴ്നാട് ദേവസ്വം വകുപ്പ് അധികൃതർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് പത്മനാഭപുരം കൊട്ടാരത്തിൽനിന്ന് എഴുന്നള്ളിച്ചത്. ഉടവാൾ കൈമാറ്റത്തിനുശേഷം സരസ്വതിവിഗ്രഹത്തെ പുറത്തേക്ക് എഴുന്നള്ളിച്ചു. വാദ്യഘോഷത്തോടും വായ്ക്കുരവയോടുമാണ് ആനപ്പുറത്ത് സരസ്വതിവിഗ്രഹത്തിന്റെ തിടമ്പേറ്റിയത്.

സായുധപൊലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി. അവിടെ വിഗ്രഹങ്ങൾക്ക് കേരള സർക്കാർ വരവേൽപ്പ് നൽകി. തുടർന്ന് തിരുവനന്തപുരത്തേക്ക് എഴുന്നള്ളത്ത് പുറപ്പെട്ടു. കുഴിത്തുറയിൽ വിശ്രമിക്കുന്ന ഘോഷയാത്രാസംഘത്തെ തിങ്കളാഴ്ച കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ കേരള സർക്കാർ ആചാരപൂർവം സ്വീകരിക്കും. ഘോഷയാത്ര തിരുവനന്തപുരത്ത് എത്തുന്നതോടെ നവരാത്രി പൂജകൾക്ക് തുടക്കമാകും. നവരാത്രി പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ പൂർവസ്ഥാനങ്ങളിലേക്ക് തിരികെ എഴുന്നെള്ളും.

error: Content is protected !!