തൊഴിൽപ്രശ്‌നം, വിദ്യാവിഘ്‌നം, കടംതീർക്കാൻ ശ്രീകൃഷ്ണാനുഗ്രഹം
പെരിങ്ങോട് ശങ്കരനാരായണൻ
അഷ്ടമിരോഹിണി ദിവസം ഭക്തിയോടെയും ശുദ്ധിയോടെയും ശ്രീകൃഷ്ണ ഭഗവാനെ ഭജിച്ചാൽ തൊഴിൽപ്രശ്‌നം, വിദ്യാവിഘ്‌നം, കടബാദ്ധ്യത തുടങ്ങിയവയിൽ നിന്നും മോചനം ലഭിക്കും. ഏത് കാര്യത്തിനും ശ്രീകൃഷ്ണാനുഗ്രഹത്താൽ പരിഹാരം ലഭിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. ഈ ദിവസത്തെ വ്രതാനുഷ്ഠാനം അഭീഷ്ടസിദ്ധിക്കും ശ്രീ കൃഷ്ണ മന്ത്രജപാരംഭത്തിനും ഉത്തമമാണ്.
പാപമുക്തിയും മന:ശ്ശാന്തിയും നേടാൻ സഹായിക്കുന്ന
ദ്വാദശാക്ഷരമന്ത്രം, ഓം നമോ ഭഗവതേ വാസുദേവായ,
ദാമ്പത്യസൗഖ്യത്തിനും ദാമ്പത്യഭദ്രതയ്ക്കും പ്രേമസാഫല്യത്തിനും വേണ്ടിയുള്ള സുശ്യാമ മന്ത്രം, സമ്പദ് സമൃദ്ധിക്കും ഭൂമി ലാഭത്തിനും ശ്രേഷ്ഠമായ ശ്രീകൃഷ്ണ അഷ്ടോത്തരം, ശത്രുത, കലഹം, അപവാദം,
രോഗം, വ്യവഹാരം, മന:ക്ലേശം എന്നിവ നശിപ്പിക്കുന്ന ശ്രീകൃഷ്ണാഷ്ടകം തുടങ്ങിയ ജപിച്ചു തുടങ്ങേണ്ടതിന് അഷ്ടമി രോഹിണി ദിവസം ഏറ്റവും നല്ലതാണ്. ഇത് മാത്രമല്ല ഏത് ശ്രീകൃഷ്ണ മന്ത്രം ഈ ദിവസം ജപിച്ചു തുടങ്ങിയാലും അതിവേഗം ഫലസിദ്ധി കിട്ടുമെന്നാണ് കരുതുന്നത്.
ദുഷ്ടജന്മങ്ങളെ ഉന്മൂലനം ചെയ്ത് ഉത്തമ വ്യക്തികളെ സംരക്ഷിക്കാനും ആത്മബലം നേടാനുമാണ് ശ്രീകൃഷ്ണ അവതാരം സംഭവിച്ച ചിങ്ങമാസത്തിലെ രോഹിണി നക്ഷത്രവും കറുത്തപക്ഷ അഷ്ടമി തിഥിയും ഒന്നിക്കുന്ന അഷ്ടമിരോഹിണി ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും സമന്വയിപ്പിച്ച് അതിവിപുലമായി നാടെങ്ങും കൊണ്ടാടുന്നത്. ശ്രീകൃഷ്ണന്റെ അവതാരം സംബന്ധിച്ച ഐതിഹ്യം ഇങ്ങനെ: യദുകുല രാജാവ്
ശൂരസേനന്റെ പുത്രനാണ് വസുദേവർ. മഥുരയിലെ രാജാവ് കംസൻ ഉഗ്രസേനന്റെ പുത്രനാണ്. അച്ഛനെ തടവിലാക്കിയാണ് ദുഷ്ടനായ കംസൻ രാജാവായത്. ഉഗ്രസേനന്റെ ജ്യേഷ്ഠനായ ദേവകന്റെ ഏറ്റവും ഇളയപുത്രിയാണ് ദേവകി. ദേവകിദേവിയെ കംസൻ വസുദേവർക്ക് വിവാഹം ചെയ്തുകൊടുത്തു.
വിവാഹം കഴിഞ്ഞ് അവരെ രഥത്തിൽ യാത്രയയ്ക്കാൻ
തുടങ്ങിയപ്പോൾ കംസൻ ആകാശത്തുനിന്ന് ഒരശരീരി കേട്ടു: ‘കംസാ ദേവകിയുടെ എട്ടാമത്തെ പുത്രൻ നിന്നെ വധിക്കും’. ഇത് കേട്ടതും കംസന് ഭയമായി. എട്ടാമത്തെ പുത്രന്റെ ജനനം വരെ കാത്തുനില്ക്കാതെ ദേവകിയെ കൊന്നാൽപ്പിന്നെ എങ്ങനെയാണ് എട്ടാമത്തെ പുത്രൻ ജനിക്കുക എന്ന് ചിന്തിച്ച് അവർക്ക് നേരെ വാളോങ്ങി. പേടിച്ചു പോയ വസുദേവർ സ്ത്രീകളെ കൊല്ലരുതെന്ന് യാചിച്ചു. തനിക്കുണ്ടാവുന്ന എല്ലാ പുത്രന്മാരെയും പ്രസവം കഴിഞ്ഞാലുടൻ കൊണ്ടുവന്ന് കാണിക്കാമെന്ന് പറഞ്ഞപ്പോൾ കംസൻ ദേവകിയെ വധിക്കാൻ തുനിഞ്ഞില്ല. ദേവകിക്ക് ഗർഭമായാൽ തന്നെ വിവരം അറിയിക്കണമെന്നും പ്രസവം കഴിയുന്നതു വരെ തന്റെ തടങ്കലിൽ കഴിയണമെന്നും കംസൻ ആവശ്യപ്പെട്ടു. ആറുകുട്ടികളെയും പ്രസവം അറിഞ്ഞെത്തിയ കംസൻ കാരാഗൃഹത്തിൽ വച്ചു തന്നെ ചുമരിലടിച്ച് കൊന്നു. ദേവകിക്കും വസുദേവർക്കും നിസ്സഹായതയോടെ അത്
കണ്ടുനില്ക്കാനെ കഴിഞ്ഞുള്ളൂ. ഏഴാം പ്രസവത്തിൽ ഒരു പെൺകുഞ്ഞായിരുന്നു. ആ കുട്ടിയെ കയ്യിലെടുത്ത് തറയിലേക്കെറിയാൻ തുടങ്ങിയപ്പോൾ കംസന്റെ കയ്യിൽനിന്നും കുട്ടി സ്വതന്ത്രയായി ആകാശത്തേക്ക് ഉയർന്നു പറഞ്ഞു. കംസാ എന്നെ കൊന്നിട്ട് കാര്യമില്ല സ്ത്രീകളോടല്ല പരാക്രമം കാണിക്കേണ്ടത്. ദേവകിയുടെ എട്ടാമത്തെ പുത്രൻ ഭൂമിയിൽ ജനിച്ചിരിക്കുന്നു. അവനെ തിരഞ്ഞു പിടിച്ചോളൂ.
ഈ കന്യക സാക്ഷാൽ പരാശക്തിയായിരുന്നു. കംസന് ആധിയായി. ശ്രീകൃഷ്ണനുവേണ്ടി തിരച്ചിലാരംഭിച്ചു. ഇതിനിടെ ഒരു മഹാസംഭവമുണ്ടായി. അഷ്ടമിരോഹിണി ദിവസം രാത്രി ദേവകിയും വസുദേവരും ബന്ധനസ്ഥരായിരുന്നപ്പോൾ ശ്രീകൃഷ്ണനെ പ്രസവിച്ചു. ജനിച്ച ഉടൻ തന്നെ ആ ശിശു ചതുർബാഹുവായ വിഷ്ണുരൂപത്തിൽ പ്രത്യക്ഷപ്പെട്ടു. നാല് കയ്യിലും ശംഖ്, താമരപ്പൂവ, ഗദ, സുദർശനം എന്നിവ ധരിച്ചായിരുന്നു വിഷ്ണുരൂപത്തിൽ ശിശുവിന്റെ കിടപ്പ്. തന്നെ ഉടനെ നദിക്കപ്പുറത്ത് നന്ദഗോപൻ എന്ന ഗോപാലകന്റെ ഗൃഹത്തിൽ കൊണ്ടുപോകണമെന്ന് കല്പന വന്നു. പകരം നന്ദഗോപന്റെ ഭാര്യ യശോദ പ്രസവിച്ച കുട്ടിയെ എടുത്ത് ഇവിടെ കൊണ്ടുവന്നു കിടത്തണമെന്നും ശ്രീകൃഷ്ണൻ വസുദേവരോട് പറഞ്ഞു. കാരാഗൃഹത്തിന്റെ വാതിൽ താനേ തുറന്നു. ആ അർദ്ധരാത്രിയിൽ കനത്ത പേമാരിയായിരുന്നു. നന്ദഗോപരുടെ ഗൃഹത്തിലേക്ക് പ്രസവിച്ച് അധികം നേരമാവാത്ത പിഞ്ചുകുട്ടിയെയും ചുമലിൽ ഏറ്റി വസുദേവർ നടന്നു. വഴിക്ക് വച്ച് പേമാരി കൂടുതൽ കനത്തു. ഒരു പരന്ന പാത്രത്തിൽ കിടന്നിരുന്ന ശിശുവിന് സാക്ഷൻ അനന്തൻ കുടയായി. കുട്ടിക്ക് മഴ കൊള്ളാതിരിക്കാൻ കുടപോലെ തന്റെ ഫണം വിടർത്തി
അനന്തൻ അനുഗമിച്ചു. യമുനാതീരത്തെ ജലം വസുദേവർക്ക് പോകാൻ പറ്റിയ പാകത്തിൽ രണ്ടായി പിളർന്ന് നടുക്ക് കരയാക്കിക്കൊടുത്തു. അതിലൂടെ നടന്ന് വസുദേവർ നന്ദഗോപന്റെ അമ്പാടിയിലെത്തി. എല്ലാവരും ഗാഢനിദ്രയിലായിരുന്നു. അവിടെ അന്നു പ്രസവിച്ച യശോദയുടെ അടുത്തുള്ള കുട്ടിയെ എടുത്ത് തന്റെ കയ്യിലുള്ള ദേവകീപുത്രനെ യശോദയുടെ സമീപം കിടത്തി വസുദേവർ മടങ്ങി. ഇക്കാര്യം രഹസ്യമായി വച്ചു. യശോദയുടെ കുട്ടിയെ ദേവകിയുടെ സമീപത്ത് കൊണ്ടു കിടത്തി. ഏഴാമത്തെ കുട്ടിയായ ആ പരാശക്തിയെയാണ് കംസൻ കൊല്ലാൻ തുനിഞ്ഞത്.
പെരിങ്ങോട് ശങ്കരനാരായണൻ,
+91 9447404003, 04885 224900
Story Summary: Ashtami Rohini 2023: Ashtami Rohini or Sri Krishna Jayanthi is the celebration commemorating the avatar of Lord Krishna and thus the day is dedicated to Lord Krishna.