Sunday, 12 May 2024
AstroG.in

തൊഴുവൻകോട് അമ്മയ്ക്ക് ഈ ഞായറാഴ്ച പൊങ്കാലയിട്ട് സർവാഭീഷ്ട സിദ്ധി നേടാം

മംഗള ഗൗരി
പ്രധാന ശ്രീകോവിലിൽ ചാമുണ്ഡേശ്വരിയോടൊപ്പം മോഹിനിയക്ഷിയുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് തിരുവനന്തപുരം വട്ടിയൂർക്കാവിന് സമീപമുള്ള തൊഴുവൻകോട് ചാമുണ്ഡി ക്ഷേത്രം. ഞായർ, ചൊവ്വ, വെള്ളി ദിനങ്ങളിൽ മാത്രം നടതുറന്ന ഉഗ്രശക്തിയുളള ഈ ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല സമർപ്പണം 2024 ജനുവരി 28 ഞായറാഴ്ച രാവിലെ 5:30 മുതൽ 1 മണി വരെ നടക്കും. തിക്കും തിരക്കും ഒഴിവാക്കാൻ പൊങ്കലയിട്ടു തീരുന്ന മുറയ്ക്ക് തന്നെ നിവേദിച്ചു കൊടുക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. 11 ദിവസം നീളുന്ന ഉത്സവത്തിന്റെ സമാപന നാളിലാണ് പൊങ്കാല സമർപ്പണം. പെങ്കാല ഉത്സവത്തിന് എല്ലാ ദിവസവും നട തുറക്കുന്നതിനാൽ തുടർന്നുള്ള ചൊവ്വ, വെള്ളി ( 30.1. 24 ), ( 2. 2. 24 ) ദിനങ്ങളിൽ ഇത്തവണ നട തുറക്കില്ല.

ശത്രുസംഹാരമൂർത്തി
തിരുവിതാംകൂർ രാജവംശവും രാജാവും എട്ടു വീട്ടിൽ പിള്ളമാരുമാരുമായും കെട്ടു പിണഞ്ഞ് കിടക്കുന്നതാണ് ത്രിമൂർത്തി സാന്നിദ്ധ്യമുള്ള ക്ഷേത്രത്തിന്റെ ഐതിഹ്യം. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് മാസം തോറും ഒരു ദിവസം തൊഴുവൻകോട് അമ്മയെ തൊഴാൻ എത്തുക പതിവായിരുന്നു. ചാമുണ്ഡേശ്വരി, മോഹിനിയക്ഷിയമ്മ എന്നീ പ്രധാന ദേവതകൾക്ക് പുറമെ ഗണപതി, യോഗീശ്വരൻ. വീരഭദ്രൻ, ഭൈരവൻ, കരിങ്കാളി, ദേവി, തമ്പുരാൻ, ഗന്ധർവൻ, യക്ഷി അമ്മ, നാഗർ, മറുത, ഭുവനേശ്വരി, ദുർഗ്ഗ, ബ്രഹ്മരക്ഷസ്, നവഗ്രഹങ്ങൾ ഗന്ധർവ്വൻ, കന്നിച്ചാവ് എന്നിവർ ഉപദേവന്മാരായിട്ടുണ്ട്. രാവിലെ അഞ്ചരയ്‌ക്ക് നടതുറന്നാൽ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിവരെയും വൈകിട്ട് നാലരയ്‌ക്ക് തുറന്നാൽ എട്ട് മണിവരെയും ദർശനമുണ്ടാകും. ശത്രുസംഹാരാർച്ചന, സഹസ്രനാമാർച്ചന, നവഗ്രഹാർച്ചന എന്നിവയാണ് പ്രധാന വഴിപാടുകൾ. ഗണപതിക്കും നാഗർക്കും പ്രത്യേകം അർച്ചനയുണ്ട്. മംഗല്യപുഷ്‌പാർച്ചന, പൊങ്കാല നിവേദ്യം എന്നിവ പ്രസിദ്ധമാണ്. കോഴി, ആട്, പശുകുട്ടി എന്നിവ നേർച്ചയായി ക്ഷേത്രത്തിൽ സ്വീകരിക്കും.

കളരി ഗുരുക്കളുടെ ചാമുണ്ഡേശ്വരി
എട്ടു വീട്ടിൽ പിള്ളമാരിൽ പ്രസിദ്ധനായ കഴക്കൂട്ടം പിള്ളയുടെ കളരിപ്പയറ്റ് ഗുരുവായിരുന്ന മലബാറിൽ നിന്നുള്ള തീയ ചേകവർ മൊക്കാട് കേശവപണിക്കരാണ് ഈ ക്ഷേത്രത്തിന്റ സ്ഥാപകൻ. അദ്ദേഹത്തിന്റെ തറവാട് തിരുവനന്തപുരം പേട്ടയിലാണ്. പണിക്കരുടെ കളരി ആദ്യം തിരുവനന്തപുരത്തെ ഒരു വാതിൽകോട്ട എന്ന സ്ഥലത്താണുണ്ടായിരുന്നത്. കഴക്കൂട്ടം പിള്ളയുടെ നിർദേശാനുസരണം ആ കളരി കഴക്കൂട്ടത്തേക്ക് മാറ്റി സ്ഥാപിച്ചു. അദ്ദേഹം ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നു ചാമുണ്ഡേശ്വരിയുടേത്. കഴക്കൂട്ടത്ത് പിള്ളയെ വകവരുത്താനുള്ള ശ്രമം ചാമുണ്ഡേശ്വരി ദേവിയുടെ ശക്തികൊണ്ട് നടക്കാതെ വന്നപ്പോൾ പ്രാർത്ഥനയുടെ വഴിതേടി. പ്രാർത്ഥനയുടെ ഫലമായി ത്രിമൂർത്തികൾ പ്രതൃക്ഷപ്പെട്ടു. അവരുടെ ആവശ്യപ്രകാരം പിള്ളയുടെ ഭവനത്തിൽ നിന്നും ദേവി അകന്നു പോവുകയും ത്രിമൂർത്തികളാൽ കാടായിരുന്ന തൊഴുവൻകോട് കൂടിയിരുത്തപ്പെടുകയും ചെയ്‌തു. അങ്ങനെയാണ് തൊഴുവൻകോട്ടെ പ്രതിഷ്‌ഠയ്‌ക്ക് വഴിയായതെന്നാണ് ഐതിഹ്യം. പരമഭക്തനായ പണിക്കർ കഴക്കൂട്ടം പിള്ളയുടെ കാലശേഷം അമ്മയെ പൂജിച്ച് കഴിയുകയും ഒടുവിൽ യോഗീശ്വരനായി മാറുകയും ചെയ്‌തു.

മറയാത്ത ഗുരുവര്യൻ
അദ്ദേഹത്തിന്റെ പിൻഗാമി ദിവംഗതനായ തുളസീധര സ്വാമികൾ ആയിരുന്നു ദീർഘകാലം തൊഴുവൻകോട് അമ്മയുടെ ദാസൻ. മരുമക്കത്തായ സമ്പ്രദായത്തിൽ അധിഷ്ഠിതമായിട്ടാണ് ക്ഷേത്രത്തിന്റെ ഭരണാധികാരം തലമുറകളായി കൈമാറി വരുന്നത്. ഇപ്പോൾ ശ്രീ തുളസീധരസ്വാമികളുടെ മരുമകനാണ് ഭരണാവകാശി. തൊഴുവൻകോട് ക്ഷേത്രം ദക്ഷിണേന്ത്യയിലെ വളരെ പ്രസിദ്ധവും ഏറെ ദേവീ ശക്തിയുള്ളതുമായ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ്. തുളസിധരസ്വാമികളുടെ ജീവിതം തന്നെ ഈ ക്ഷേത്രത്തിന്റെ ഉന്നമനത്തിനും ഉയർച്ചയ്ക്കുമായി നീക്കി വച്ചതായിരുന്നു.

error: Content is protected !!