Friday, 22 Nov 2024
AstroG.in

തോറ്റം പാട്ട് തുടങ്ങി, കാപ്പുകെട്ട് കഴിഞ്ഞു;
രണ്ടാം നാൾ പാടുന്നത് വിവാഹ ഒരുക്കം

മംഗള ഗൗരി

കൊടുങ്ങല്ലൂരമ്മയെ ആവാഹിച്ച് കാപ്പുകെട്ടി കുടിയിരുത്തിയതോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. കുംഭ മാസത്തിലെ കാർത്തിക നാളായിരുന്ന തിങ്കളാഴ്ച വെളുപ്പിന് 4:30 നാണ് 10 ദിവത്തെ പൊങ്കാല ഉത്സവത്തിന് തുടക്കം കുറിക്കുന്ന കാപ്പുകെട്ട് നടന്നത്. സാധാരണ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് മുൻപ് കൊടിയേറ്റ് നടക്കുന്നതു പോലെ ചില ദേവീക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങാണ് കാപ്പുകെട്ട്. ആറ്റുകാൽ ക്ഷേത്രത്തിൽ കുംഭത്തിലെ പൂരം നക്ഷത്രവും പൗർണ്ണമിയും ഒത്തുവരുന്ന ദിവസമാണ് പൊങ്കാല സമർപ്പണം. അതിന് ഒൻപത് ദിവസം മുമ്പ് നടക്കുന്ന കാപ്പുകെട്ടിനായി ക്ഷേത്രത്തിനു മുന്നില്‍ പച്ച ഓലകൊണ്ട് തൽക്കാലത്തേക്ക് ഒരു പന്തല്‍ കെട്ടി. ഈ പന്തലിലിരുന്നു തോറ്റം പാട്ടുകാര്‍ കണ്ണകീചരിതം പാടി. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ വരവിന് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് വെളുപ്പിന് പാട്ട് ആരംഭിച്ചത്. തോറ്റംപാട്ടിലൂടെ ഈ ഒരുക്കങ്ങള്‍ വർണ്ണിച്ചു ഭഗവതിയുടെ വരവിനായി പാട്ടിലൂടെ ആശാനും ഭക്തരും പ്രാർത്ഥിച്ചു. അതിനു ശേഷം ശ്രീകോവിലിലേക്ക് ആ ദിവ്യപ്രകാശം പ്രവേശിച്ചെന്നും കൊടുങ്ങല്ലൂര്‍ ഭഗവതി ആഗതയായി എന്നും ആശാന്‍ പാട്ടിലൂടെ അറിയിച്ചു. ഇതറിഞ്ഞ നിമിഷം കൂട്ടക്കതിന വെടിയും, കുരവയും, ദേവീസ്തുതിയും നാമജപവും കൊണ്ട് അന്തരീക്ഷം മുഖരിതമായി. ഈ സമയത്ത് ആറ്റുകാൽ ഭഗവതിയുടെ വാളിലേയ്ക്ക് ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിച്ചു. ഇതിനുശേഷം ദേവിയുടെ ഉടവാളില്‍ പഞ്ചലോഹം കൊണ്ടുള്ള ഒരു മോതിരം (കാപ്പ് ) ബന്ധിക്കുകയും. മറ്റൊന്ന് മേൽശാന്തി ബ്രഹ്മശ്രീ പി കേശവൻ നമ്പൂതിരി ധരിക്കുകയും, ഒപ്പം ഒരു നേര്യത് കിരീടം പോലെ ഞൊറിഞ്ഞ് വിഗ്രഹത്തില്‍ ധരിപ്പിക്കുകയും ചെയ്തു. ഇതാണ് കാപ്പുകെട്ട്.

കൊടുങ്ങല്ലൂര്‍ ഭഗവതിയെ എഴുന്നള്ളിച്ചു ആറ്റുകാൽ ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജാവിന്റെ വധം വരെയാണ് പൊങ്കാലയ്ക്ക് മുമ്പ് ഒൻപത് ദിവസങ്ങളിലായി തോറ്റംകാര്‍ പാടിത്തീർക്കുന്നത്. ഒരോ ദിവസവും പാടുന്ന കഥാഭാഗവും ആ ദിവസത്തെ ക്ഷേത്ര ചടങ്ങുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആദ്യ ദിവസം ദേവിയെ കുടിയിരുത്തുന്നത് പാടി കഥ തുടങ്ങുന്നു. രണ്ടാം നാൾ പാടുന്നത് ദേവിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളാണ്. മൂന്നാം നാൾ ദേവിയും കോവലനും തമ്മിലുള്ള വിവാഹ വർണ്ണന നടത്തുന്നു. മാലപ്പുറം പാട്ട് എന്ന് ഇത് അറിയപ്പെടുന്നു. നാലാം നാൾ ദരിദ്രനായി മാറിയ കോവലൻ ദേവിയുടെ നിർബന്ധത്തിന് വഴങ്ങി നിത്യവൃത്തിക്കായി ചിലമ്പ് വിൽക്കാൻ പോകുന്ന കഥ പറയുന്നു.
അഞ്ചാം ദിവസം ചിലമ്പ് മോഷ്ടിച്ചു എന്ന് മുദ്ര കുത്തി പാണ്ഡ്യ രാജസദസിൽ എത്തിക്കുന്നതും ആറാം നാൾ ചിലമ്പ് മോഷ്ടിച്ച കുറ്റം ചാർത്തി അധികാര മദത്തിൽ പാണ്ഡ്യ രാജൻ കോവലനെ വധിക്കുന്ന കഥ പാടുന്നു. ഏഴാം ഉത്സവ ദിവസമായ മാർച്ച് 5 ന് രാവിലെ 7 മണിക്കേ നട തുറക്കൂ. കോവലന്റെ മരണത്തിന്റെ ദുഃഖ സൂചകമായാണ് അന്നേ ദിവസം നട തുറക്കുന്നത് താമസിച്ചാക്കിയത്. മരണ വിവരം അറിഞ്ഞ് ദേവി കൈലാസത്തിൽ പോയി ശിവനിൽ നിന്നും വരം വാങ്ങി കോവലനെ ജീവിപ്പിക്കുന്ന ഭാഗമാണ് അന്ന് വർണ്ണിക്കുന്നത്. എട്ടാം നാളിൽ തന്റെ ഭർത്താവിനെ ചതിച്ച സ്വർണ്ണപ്പണിക്കാരനെ ദേവി വധിക്കുന്ന കഥ പാടുന്നു. ഒൻപതാം ഉത്സവ ദിവസം രാവിലെ പാണ്ഡ്യവധം പാടിത്തീരുമ്പോള്‍ പൊങ്കാല അടുപ്പില്‍ തീപകരും. മധുരാപുരി ചുട്ടെരിച്ചിട്ട്‌ ആറ്റുകാലിൽ എത്തിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയിട്ടു സ്വീകരിച്ചെന്ന് വിശ്വാസം. കണ്ണകി പിന്നീട് കൊടുങ്ങലൂരമ്മയിൽ ലയിച്ചു.

പൊങ്കാല കഴിയുന്ന രാത്രിയില്‍ കൊടുങ്ങലൂർ അമ്മ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. പിറ്റേദിവസം (ഉത്രം നാളില്‍) പതിനൊന്നു മണിയോടെ തിരിച്ചെത്തുന്നു. തുടർന്ന് ശുഭമുഹൂർത്തത്തില്‍ കാപ്പഴിക്കല്‍ ചടങ്ങ് നടക്കും. അതായത് അമ്മയെ തിരികെ യാത്രയാക്കി ആചാരവിധികളോടെ കൊടുങ്ങല്ലൂരില്‍ എത്തിക്കുന്ന ചടങ്ങ്. കാപ്പഴിക്കുന്നതിനു മുൻപ് പാട്ടുകാര്‍ പൊലിപ്പാട്ടു പാടി ദേവിയെ വാഴ്ത്തുന്നു. ഭൂമിയിലെ സകല ചരാചരങ്ങൾക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാന്‍ വേണ്ടിയാണ് പാട്ടുകാര്‍ പ്രാർത്ഥിക്കുന്നത്. പൊലിപ്പാട്ട് പാടുമ്പോള്‍ ക്ഷേത്രം തന്ത്രി ആറ്റുകാൽ ഭഗവതിയുടെ ഉടവാളില്‍ ബന്ധിച്ചു വച്ച കാപ്പ് അഴിച്ചു മാറ്റുന്നു. ഒപ്പം മേൽശാന്തിയുടെ കയ്യില്‍ നിന്നും കാപ്പ് അഴിക്കും. പിന്നെ തന്ത്രി ദേവിയുടെ മൂലവിഗ്രഹത്തില്‍ ഞൊറിഞ്ഞിട്ട നേര്യത് അഴിച്ച് ആചാരപ്രകാരം മടക്കി, പഞ്ചലോഹ നിർമ്മിതമായ കാപ്പുകള്‍ സഹിതം ആശാനെ ഏല്പിക്കുന്നു. അങ്ങനെ കാപ്പഴിക്കല്‍ കഴിയും. പിന്നെ കുടിയിളക്കലും, ഗുരുതി സമർപ്പണവും നടത്തിയാൽ ആറ്റുകാൽ ഉത്സവം സമാപിക്കും.

ആറ്റുകാൽ പൊങ്കാല മഹോത്സവം ഒറ്റ നോട്ടത്തിൽ
കാപ്പുകെട്ട്
2023 ഫെബ്രുവരി 27 വെളുപ്പിന് 4: 50
അടുപ്പുവെട്ട്, പൊങ്കാല 2023 മാർച്ച് 7 രാവിലെ 10:30
നിവേദ്യം 2023 മാർച്ച് 7 ഉച്ചയ്ക്ക് 2: 30
കാപ്പഴിപ്പ് 2023 മാർച്ച് 8 രാത്രി 9: 15

  • മംഗള ഗൗരി
    Story Summary : Kappukettu, the beginning of Attukal Devi Temple annual Festival

Copyright 2023 Neramonline.com. All rights reserved


error: Content is protected !!