ത്രിദേവികളെ ഉപാസിച്ചോളൂ, സർവ സർഭാഗ്യവും കൈവരും
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ദേവ സങ്കല്പങ്ങളിൽ ത്രിമൂർത്തികളെയും ദേവീ സങ്കല്പങ്ങളിൽ ത്രിദേവികളെയുമാണ് ഈശ്വര ഭക്തർ മുഖ്യമായും ആരാധിക്കുന്നത്. ത്രിമൂർത്തികളെക്കാൾ വേഗത്തിൽ ത്രിദേവികളെ ആരാധിച്ച് തൃപ്തിപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. മഹാപ്രളയ ശേഷം മഹാവിഷ്ണു ബാലരൂപിയായി ആലിലയിൽ കിടക്കുന്ന കാലത്ത് ദേവി ശംഖുചക്രഗദാപത്മങ്ങളുമായി ദിവ്യ വസ്ത്രാഭരണങ്ങൾ അണിഞ്ഞ് ഭഗവാന് മുന്നിൽ പ്രത്യക്ഷയായി. ഇതാണ് ദേവിയുടെ അവതാരത്തെപ്പറ്റി ദേവീ ഭാഗവതം പറയുന്നത്. ദേവിക്ക് പഞ്ചരൂപങ്ങൾ ഉണ്ടെങ്കിലും പരക്കെ ആരാധിക്കുന്നത് ത്രിദേവി സങ്കല്പത്തിലാണ് – സരസ്വതി, ലക്ഷ്മി, ദുർഗ്ഗ എന്നിങ്ങനെ. ഈ ദേവതകളെ പൊതുവേ ഭഗവതി എന്നപേരിൽ കേരളത്തിൽ ദേവീ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. എല്ലാ കലകളുടെയും ദേവിയാണ് സരസ്വതി. സൗന്ദര്യത്തിന്റെയും ഐശ്വര്യത്തിന്റെയും അധിദേവത ആണ് ലക്ഷ്മി. എല്ലാ ശക്തികളുടെയും പരമമായ ഭാവമാണ് സർവ്വശക്തിസ്വരൂപിണിയായ ദുർഗ്ഗ. ശക്തിയുടെ വിവിധ ഭാവങ്ങളായ ത്രിദേവിമാരെ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ പോലും ആരാധിക്കുന്നു എന്നാണ് വിശ്വാസം. ശക്തിസ്വരൂപിണിയോട് കൂടി ചേർന്നാൽ മാത്രമേ സൃഷ്ടിസ്ഥിതി സംഹാരാദികളായ ഏത് പ്രവർത്തിയും ചെയ്യാൻ കഴിയൂ. സരസ്വതിയെ ബ്രഹ്മാവിന്റെ സഹധർമ്മിണിയായും ലക്ഷ്മീ ദേവിയെ വിഷ്ണുവിന്റെ വല്ലഭയായും ദുർഗ്ഗയെ ശിവപ്രിയയായും ആരാധിക്കുന്നു. ത്രിദേവിമാരെ പ്രീതിപ്പെടുത്തിയാൽ സര്‍വസൗഭാഗ്യങ്ങളും കൈവരും. അതിലൂടെ സര്‍വകാര്യ വിജയം നേടാനാകുമെന്നാണ് വിശ്വാസം. ഈ ദേവീ സങ്കല്‍പ്പങ്ങളുടെ മൂലമന്ത്രങ്ങളും പ്രാർത്ഥനാ മന്ത്രങ്ങളും ഇവിടെ ചേർക്കുന്നു:
സരസ്വതി
മന്ദസ്മിതത്തോടെ വിദ്യയും വീണയും അമൃതഘടവും മാല്യവും ഗ്രന്ഥവും ധരിച്ച് വെള്ളത്താമരയിൽ വാഴുന്ന സരസ്വതി ദേവി ബ്രഹ്മാവിന്റെ മുഖത്തു നിന്നും അവതരിച്ചതിനാൽ പുത്രിയാണെന്നും സങ്കല്പമുണ്ട്. ആദി പരാശക്തിയുടെ പൂർണ്ണകലകളുള്ള അവതാരമായ ദേവിയെ താണ്ഡവ സരസ്വതി, വാഗീശ്വരി , ലിപി സരസ്വതി എന്നിങ്ങനെ നാമങ്ങളിൽ ആരാധിക്കുന്നു. ഹംസാരൂഢ എന്ന രീതിയിലും ദേവിയെ ചിത്രീകരിക്കുന്നുണ്ട്. ത്രിദേവി സങ്കല്പത്തിലെ ആദ്യ ദേവിയായ സരസ്വതി തികച്ചും ശാന്ത ഭാവത്തിലാണ് വർത്തിക്കുന്നത്. വാക്ക്, അറിവ്, സംഗീതം, ക്രിയാത്മകത തുടങ്ങിയവയുടെ പ്രതീകമായ ദേവി ജ്ഞാനശക്തിയാണ്. വേദങ്ങളുടെ മാതാവ് എന്നും ദേവിക്ക് വിശേഷണവുമുണ്ട്. സൃഷ്ടാവ് ബ്രഹ്മാവ് ആണെങ്കിലും, ബുദ്ധി നല്‍കുക സരസ്വതിയാണത്രേ. ഒരു കയ്യില്‍ വേദങ്ങളും, മറു കയ്യില്‍ അറിവിന്റെ താമര, മറ്റ് രണ്ടു കൈകളില്‍ സംഗീതത്തിന്റെ സൂചനയായി വീണയും കാണാം. പരിശുദ്ധിയുടെ , സമാധാനത്തിന്റെ വെളിച്ചമായ ദേവി ശ്വേത വസ്ത്രം ധരിച്ച് അരയന്നത്തെ വാഹനമാക്കുന്നു. വിദ്യാ നിപുണതയ്ക്കും വാഗ്വിലാസം ലഭിക്കുന്നതിനും സരസ്വതിയെ പൂജിച്ച് ത്രിമധുരം വഴിപാട് നടത്തിയാൽ മതി. സ്വരസ്വതിയെ ഉപാസിക്കാൻ ഉത്തമമായ പ്രാര്‍ത്ഥനാ ശ്ലോകം:
മൂല മന്ത്രം
ഓം സം സരസ്വത്യൈ നമ:
പ്രാര്‍ത്ഥനാ മന്ത്രം
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമീ
സിദ്ധിര്‍ ഭവതുമേ സദാ
ലക്ഷ്മി
കയ്യില്‍ താമരപ്പൂവും അഭയ വര മുദ്രകളോടും കൂടിയ ലക്ഷ്മീദേവി അവതരിച്ചത് പാലാഴിമഥനത്തിലാണ്. സ്വയംവര ഹാരവുമായി ഉയർന്നുവന്ന ദേവി വിഷ്ണു ഭഗവാനെ വരിച്ചു എന്ന് ഐതിഹ്യം. ധന , ധാന്യ, സമൃദ്ധിയുടെ ദേവതയായ, കാമദേവന്റെ മാതാവായ ലക്ഷ്മിയെ ശ്രീ എന്നും വിളിക്കുന്നു. എട്ടുവിധത്തിൽ രൂപകല്പന നൽകി ആരാധിക്കുന്ന ദേവിയുടെ അഷ്ട ലക്ഷ്മി സങ്കല്പം പ്രസിദ്ധമാണ്. സൃഷ്ടിയുടെ ആരംഭത്തിൽ പരമാത്മാവിന്റെ ഇടതു ഭാഗത്ത് നിന്നും ഒരു ദേവി ഉണ്ടായി ആ ദേവി തന്നെ ലക്ഷ്മിയും രാധയുമായി മാറി. ഇതിൽ ലക്ഷ്മി വിഷ്ണുവിന്റെ പത്നിയായി മാറി എന്ന് ദേവീഭാഗവതത്തിൽ പറയുന്നു. ഓം ശ്രീ മഹാലക്ഷ്മ്യൈ നമ: എന്നും ദേവിക്ക് മൂലമന്ത്രം ഉണ്ട്. ശ്രീ ദേവിയുടെ 2 പ്രാർത്ഥനാ മന്ത്രങ്ങൾ:
മൂല മന്ത്രം
ഓം ശ്രീം നമ:
പ്രാർത്ഥനാ മന്ത്രം
1
മഹാലക്ഷ്മി നമസ്തുഭ്യം
നമസ്തുഭ്യം സുരേശ്വരി
ഹരിപ്രിയേ നമസ്തുഭ്യം
നമസ്തുഭ്യം ദയാനിധേ
2
നമസ്‌തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ
ശംഖചക്രഗദാഹസ്‌തേ
മഹാലക്ഷ്മി നമോസ്തുതേ
ദുർഗ്ഗ
ശിവപത്‌നിയായ ശ്രീപാര്‍വ്വതി തന്നെയാണ് ദുർഗ്ഗ . 64 ഭിന്ന ഭാവങ്ങളിൽ ആരാധിക്കുന്ന ദുര്‍ഗ്ഗാദേവിയെ ശാന്ത ഭാവത്തിലും രൗദ്രഭാവത്തിലും ആരാധിക്കുന്നു. സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതും പതിനാറ് കൈകള്‍ ഉള്ളതുമായ ദുര്‍ഗാദേവി മഹിഷാസുരനെ വധിക്കാന്‍ വേണ്ടിയാണ് അവതരിച്ചത്. ദുർഗ്ഗയ്ക്ക് പത്മ സ്ഥിതയായും സിംഹസ്ഥിതയായും സങ്കല്പമുണ്ട്. ശംഖുചക്ര ഗദാപത്മധാരിയായ ചതുർബാഹു വിഗ്രഹമാണ് പൊതുവേ കേരളത്തിൽ പ്രചാരത്തിലുള്ള ദുർഗ്ഗാ രൂപം. അമ്പും വില്ലും, ത്രിശൂലം, വാൾ, പരിച, പാശം, കപാലം ഇവയിൽ ഏതെങ്കിലും ധരിച്ച് അഭയ വര മുദ്രകളോടെയാണ് ദുർഗ്ഗാ ഭഗവതി കുടികൊള്ളുന്നത്. ചന്ദ്രഗ്രഹദോഷങ്ങൾ തീർക്കാൻ ദുർഗ്ഗാ ദേവിയെ ഭജിക്കുന്നത് നല്ലതാണ്. തിങ്കൾ, പൗർണ്ണമി എന്നീ ദിവസങ്ങളിൽ ഗ്രഹ ദോഷം തീർക്കാൻ ദുർഗ്ഗയെ പുജിക്കണം. ഭഗവതി സേവ, നെയ് വിളക്ക്, പുഷ്പാഞ്ജലി ലളിതാ സഹസ്രനാമജപം എന്നിവ ദുർഗ്ഗാ പ്രീതി നേടാൻ ഉത്തമമാണ്.
മൂല മന്ത്രം
ഓം ദും ദുർഗ്ഗായൈ നമ:
പ്രാർത്ഥനാ മന്ത്രങ്ങൾ
1
സർവ മംഗള മംഗല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ
2
അന്യഥാ ശരണം നാസ്തി
ത്വമേവ ശരണം മമ
തസ്മാൽ കാരുണ്യ ഭാവേന
രക്ഷ രക്ഷ മഹേശ്വരി
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
- 91 9847575559
Story Summary: Importance of Tridevi Worshipping, Saraswati, Lakshmi, Durga Upasana