Saturday, 23 Nov 2024
AstroG.in

ത്രിപുരസുന്ദരിയെ ഭജിച്ചാൽ എല്ലാ സങ്കടങ്ങളും അവസാനിക്കും

മംഗള ഗൗരി
ആദിപരാശക്തിയാണ്, മഹാദേവിയാണ് ലളിതാദേവി. സാക്ഷാൽ ത്രിപുരസുന്ദരി. ത്രൈലോക്യ മോഹിനി. പത്ത് മഹാവിദ്യകളിൽ പ്രഥമ. സദാശിവൻ്റെ ശക്തി. പുരുഷൻ്റെ പ്രകൃതി. ശ്രീലളിതാദേവിക്ക് പല രൂപഭേദങ്ങളുണ്ട്. സതി, പാർവ്വതി, ദുർഗ്ഗ, മഹാകാളി ഇങ്ങനെ അനേകമനേകം സ്വരൂപങ്ങളുണ്ട്. സൃഷ്ടിസ്ഥിതിക്കും, സംഹാരത്തിനും, തിരോധാനത്തിനും അനുഗ്രഹത്തിനുമെല്ലാം കാരണം ശിവനോട് ചേരുന്ന ശിവശക്ത്യൈക്യസ്വരൂപിണിയാണ്. ഒരു മനുഷ്യജീവിതത്തിൽ ആവശ്യമായതെല്ലാം തരുന്നത് മംഗളകാരിയായ, ശിവനുമായി യോഗം ചെയ്തിരിക്കുന്ന സഗുണ സ്വരൂപിണിയായ ലളിതാദേവിയാണ്. അതിനാൽ എല്ലാ സങ്കടനിവാരണത്തിനും ഭക്തർക്ക് യാതൊരു സന്ദേഹവുമില്ലാതെ എല്ലായ്പ്പോഴും ആശ്രയിക്കാവുന്ന ദേവിയാണ് ത്രിപുരസുന്ദരി. ഈരേഴ് പതിന്നാല് ലോകങ്ങളിൽ ബ്രഹ്മലോകത്തിനും മീതെയുള്ള സ്വർലോകമാണ് ലളിതാ ത്രിപുരസുന്ദരിയുടെ ആവാസ കേന്ദ്രമായ മണിദീപം. അവിടെ ത്രിപുരസുന്ദരി കാമേശ്വര രൂപത്തിലുള്ള ശിവന്റെ മടിത്തട്ടിൽ ശിവശക്തിയായി ഇരിക്കുന്നതായിട്ടാണ് സങ്കല്പം. ത്രിപുര സുന്ദരിയെ ശ്രീവിദ്യ എന്നും അറിയപ്പെടുന്നു. ശ്രീചക്രത്തിൽ ദേവിയെ പൂജിക്കുന്നു. ശ്രീചക്രത്തിന് ത്രിപുരസുന്ദരി ചക്രമെന്നും പേരുണ്ട്.

ദേവിഭാഗവതം, ലളിതോപാഖ്യാനം, ലളിതത്രിശതി, ലളിതസഹസ്രനാമം, സൗന്ദര്യലഹരി എന്നീ കൃതികളിൽ മണിദ്വീപത്തിൽ സദാശിവന്റെ മടിത്തട്ടിൽ ഇരിക്കുന്ന പട്ടമഹിഷിയായി ദേവിയെ വർണ്ണിക്കുന്നു. ഇതിലെല്ലാം കീർത്തിക്കുന്ന ദേവീരൂപം കമനീയമാണ്. അമൃതക്കടലിൻ്റെ മധ്യത്തിലുള്ള കല്പക വൃക്ഷങ്ങൾ നിറഞ്ഞ ആരാമത്താൽ ചുറ്റപ്പെട്ട രത്നദ്വീപ്. അവിടെ കദംബ വൃക്ഷങ്ങളുള്ള ഉപവനത്തിൽ ചിന്താമണികൾ കൊണ്ടു നിർമ്മിച്ച വനം. അതിൽ പരമശിവനാകുന്ന മെത്തയിൽ ഭഗവതി വിരാജിക്കുന്നു. ബ്രഹ്മാവ്, വിഷ്ണു, ഗണപതി, കാർത്തികേയൻ എന്നിവർ ചുറ്റിലും നിന്ന് ഭജിക്കുന്നു. മഹാലക്ഷ്മിയും മഹാസരസ്വതിയും മറ്റും വെഞ്ചാമരം വീശുന്നു. വലതു കാൽ മുകളിൽ കയറ്റി മറ്റേകാൽ ശ്രീ ചക്രത്തിൽ വച്ച് സിംഹാസനത്തിലാണ് ശ്രീ ലളിതാ ത്രിപുരസുന്ദരി വാഴുന്നത്. പാശവും അങ്കുശവും വില്ലും അമ്പുമാണ് ആയുധങ്ങൾ. കരിമ്പാണ് വില്ല്.
പഞ്ചതന്മാത്രകളാണ് അമ്പുകൾ.

ആപത്തിൽ പെടുന്നവരെ എപ്പോഴും രക്ഷിക്കുന്ന, ഭക്തർക്ക് എല്ലാ സൗഭാഗ്യവും കൊടുക്കുന്ന ദേവിയെ പണ്ട് വിഷ്ണു ആരാധിച്ചിട്ട് സ്ത്രീരൂപം പ്രാപിച്ച് മോഹിനിയായി പരമശിവന് കൂടി ചാഞ്ചല്യമുണ്ടാക്കി. പരബ്രഹ്മമായ ശിവന്റെ ബ്രഹ്‌മവിദ്യയാണ് ദേവി. ശിവനും ശക്തിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ത്രിപുരാന്തകനായ ശിവന് തുല്യമായ അർദ്ധനാരീശ്വരൻ എന്നും ശിവന്റെ ശക്തിയെന്നും ത്രിപുരസുന്ദരിക്ക് അർത്ഥം പറയാം.

പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ത്രിപുരസുന്ദരിയെ ആരാധിച്ചാൽ ഗൃഹസുഖം, ഐശ്വര്യം, സമൃദ്ധി, സമ്പത്ത്, മനഃശാന്തി, സന്തോഷം, കലാസാഹിത്യ രംഗത്ത് മികവ്, സൽസന്താനഭാഗ്യം, സർവ്വജനപ്രീതി, ഉദ്യോഗം, വിവാഹം, ആയുരാരോഗ്യ സൗഖ്യം തുടങ്ങിവയെല്ലാം ലഭിക്കും. ത്രിപുരസുന്ദരി ക്ഷേത്രങ്ങളിൽ എടുത്തു പറയേണ്ടത് കാഞ്ചികാമാക്ഷി ക്ഷേത്രമാണ്. ഇതിന്റെ അടുത്ത് തന്നെയാണ് ഏകാംബരേശ്വര ക്ഷേത്രം. ലളിതസഹസ്രനാമത്തിലെ ശിവശക്തി ഐക്യത്തെ സൂചിപ്പിക്കുന്ന തരത്തിലാണ് ഈ രണ്ടു മഹാ ക്ഷേത്രങ്ങളും നിലകൊള്ളുന്നത്. ഏകാംബരേശ്വരനെ തപസ്സ് ചെയ്ത് പാർവ്വതിദേവി അർദ്ധനാരീശ്വരനായി എന്ന് വിശ്വസിക്കപ്പെടുന്നു.

ത്രിപുരസുന്ദരി മന്ത്രം
ഓം ആനന്ദ ഭൈരവ ഋഷി:
ദൈവീ ഗായത്രിച്ഛന്ദ:
ശ്രീ മഹാത്രിപുരസുന്ദരി ദേവത

ധ്യാനം
ബാലാർക്കായുത തേജസാം
ത്രിനയനാം രക്താംബരോല്ലാസിനീം
നാനാലംകൃതിരാജമാനവപുഷാം
ബാലോഡുരാട്ഛേഖരാം
ഹസ്തൈരിക്ഷുധനു: സൃണിം
സുമശരം പാശം മുദാ ബിഭ്രതിം
ശ്രീചക്രസ്ഥിതസുന്ദരിം
ത്രിജഗതാമാധാരഭൂതാ സ്മരേത്

മന്ത്രം
ഓം ഐം ശ്രീം ഹ്രീം ഐം ക്ലീം സൗം

(അനേകായിരം ബാലസൂര്യന്മാരുടെ തേജസ്സുള്ള,
മൂന്നു കണ്ണുകളോടുകൂടിയവ, ചുവന്ന വസ്ത്രം ധരിച്ചു വിളങ്ങുന്ന പലവിധ ആഭരണങ്ങളാൽ ശോഭനമായ ശരീരമുള്ള ബാലചന്ദ്രനെ ശിരസ്സിൽ ധരിച്ചിരിക്കുന്ന കരിമ്പുവില്ല്, തോട്ടി, പൂവമ്പ്, പാശം എന്നിവ നാല് ഭുജങ്ങളിൽ ധരിച്ച ശ്രീചക്ര സ്ഥിതയും 3 ലോകത്തിനും ആധാരഭൂതയുമായ ശ്രീ മഹാത്രിപുരസുന്ദരിയെ സ്മരിക്കുന്നു. ഓം ശ്രീ മഹാ ത്രിപുരസുന്ദര്യൈ നമഃ)

Story Summary: Significance and Benefits of Tripura Sundari Devi worshipping

Copyright 2024 Neramonline.com. All rights reserved

error: Content is protected !!