ദക്ഷിണാമൂര്‍ത്തി രോഗവും മാറ്റും
ഭഗവാൻ ശ്രീപരമേശ്വരന്റെ ഏറ്റവും പ്രസിദ്ധമായ സങ്കല്പമാണ് ദക്ഷിണാമൂര്‍ത്തിഭാവം . വിദ്യാതടസം, മംഗല്യതടസം എന്നിവ അകറ്റുന്നതിന് പേരുകേട്ട ദക്ഷിണാമൂർത്തിയുടെ അനുഗ്രഹം പ്രാര്‍ത്ഥനയിലൂടെയും ദര്‍ശന സാമീപ്യത്തിലൂടെയും എളുപ്പം നേടാനാകും. മറ്റ് ദേവതാ സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീ, പുരുഷ, പ്രായ, ജാതി, മത സങ്കല്‍പ്പ വ്യത്യാസമില്ലാതെയും കാലഭേദങ്ങള്‍ നോക്കാതെയും തുണയേകുന്ന ദേവനാണ് ദക്ഷിണാമൂര്‍ത്തി. വിദ്യാതടസവും വിവാഹതടസവും മാത്രമല്ല രോഗമുക്തിക്കും ദക്ഷിണാമൂർത്തി പ്രീതി നല്ലതാണ്. സാധാരണ അസുഖങ്ങളില്‍ നിന്നും മോചനം നേടാനുംപ്രായാധിക്യത്താല്‍ ഉള്ള അസുഖങ്ങളില്‍ നിന്നും, ജന്മനാ ഉള്ള അസുഖങ്ങളില്‍ നിന്നും വിടുതല്‍ നേടാനും മനമുരുകി വിളിച്ചാൽ ഈ ദേവൻ തുണയ്ക്കും. ഇത്തരം ക്ലേശങ്ങൾ അനുഭവിക്കുന്നവർ ഓരോ ഇരുപത്തിയൊന്ന് (21) ദിവസം കൂടുമ്പോഴും എള്ളെണ്ണ വഴിപാട്, കടും പായസം ഇവ വഴിപാട് നടത്തി ദക്ഷിണാമൂര്‍ത്തിയെ നാല് പ്രദക്ഷിണം വച്ച് പ്രാര്‍ത്ഥിക്കുന്നത് ഉത്തമമാണ്.പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ തൊലിപ്പുറത്ത് ഉണ്ടാവുന്ന ചര്‍മ്മരോഗങ്ങള്‍ മാറുന്നതിനും ദക്ഷിണാമൂര്‍ത്തിയെ അഭയം തേടാം. ഇതിനായി അതിരാവിലെ കുളിച്ച് ഭസ്മം അണിഞ്ഞ് ഇളംവെയില്‍ കൊണ്ട് സൂര്യഭഗവാനെ ഒരു നാഴിക അതായത് 24 മിനിട്ട് പ്രാര്‍ത്ഥിക്കുക. അറുപത് ദിവസം ഇത് തുടരുക. ദക്ഷിണാമൂര്‍ത്തി സ്വാമിക്ക് തുളസി, തെച്ചിപ്പൂ, ഇവ ചേര്‍ത്ത് മാല ചാര്‍ത്തുന്നതും രോഗശാന്തിയേകും.
– സി. മണികണ്ഠൻ