ദശാവതാരങ്ങളും രൂപവും
ഭഗവാൻ ശ്രീമഹാവിഷ്ണു ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്ത് ധർമ്മം പുന:സ്ഥാപിക്കുന്നതിന് കലാകാലങ്ങളിൽ ഭൂമിയിൽ അവതരിക്കും. അതാണ് ദശാവതാരം. ഇതിനകം ഭഗവാൻ 9 പൂർണ്ണാവതാരമെടുത്തു കഴിഞ്ഞു. പത്താമത്തെ അവതാരത്തിന് ഭൂമി കലിയുഗത്തിൽ കാത്തിരിക്കുന്നു. ജലജീവികളും മൃഗങ്ങളും പകുതി മനുഷ്യനും പകുതി മൃഗവും സമ്പൂർണ്ണ മനുഷ്യനുമെല്ലാമുണ്ട്. ആദ്യ നാല് അവതാരങ്ങൾ – മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം – സത്യ യുഗം അഥവാ കൃതയുഗത്തിലാണ്. അടുത്ത മൂന്ന് – വാമനൻ, പരശുരാമൻ, ശ്രീരാമൻ ത്രേതായുഗത്തിൽ പിറവി കൊണ്ടു. എട്ടും ഒൻപതും അവതാരങ്ങളായ ബലരാമനും ശ്രീരാമനും ദ്വാപരയുഗത്തിലാണ് ജന്മമെടുത്തത്. ഇതെല്ലാം പൂർണ്ണാവതാരങ്ങൾ ആണെങ്കിലും ശ്രീകൃഷ്ണനെയാണ് സമ്പൂർണ്ണാവതാരമായി കണക്കാക്കുന്നത്. ഇതിനു പുറമെ ഭഗവാന് 24 അംശാവതാരങ്ങളുമുണ്ട്. പരിത്രാണായ സാധൂനാം വിനാശായ ചതുഷ്കൃതം ധർമ്മ സംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ എന്ന് ഗീതയിൽ ഭഗവാൻ തന്നെ അവതാരപ്പിറവികളുടെ രഹസ്യം വെളിപ്പെടുത്തിയിട്ടുണ്ട്.പത്ത് പൂർണ്ണാവതാരമൂർത്തികളെയും വിശേഷാൽ ആരാധിക്കുന്നതിന് മിക്ക അവതാര വിഷ്ണു ക്ഷേത്രങ്ങളിലും എല്ലാ വർഷവും ദശാവതാരച്ചാർത്ത് നടത്താറുണ്ട്. ഒരോ ദിവസവും ഒരോ അവതാരമൂത്തികളുടെ രൂപത്തിൽ ചന്ദനം കൊണ്ട് ഭഗവാനെ ഒരുക്കി പൂജിക്കും. ചിങ്ങമാസത്തിൽ അഷ്ടമിരോഹിണിയോട് അല്ലെങ്കിൽ തിരുവോണത്തിന് അടുപ്പിച്ചാണ് മിക്ക ക്ഷേത്രങ്ങളിലും ദശാവതാരച്ചാത്ത് നടത്തുന്നത്. ഈ ദിവസങ്ങളിലെല്ലാം പ്രത്യേക പൂജകൾ ഉണ്ടാകും. ദശാവതാരച്ചാർത്ത് ദർശനം ഏറെ ശ്രേയസ്കരമാണ്. ഒരോ ദിവസത്തെയും ദർശനത്തിന് അതാത് മൂർത്തികളുടെ പ്രത്യേകതയെ ആശ്രയിച്ചാണ് ഫലം.
ഒരോ അവതാരമൂർത്തിയുടെയും രൂപവും പ്രത്യേകതകളും.
മത്സ്യം: നാഭിയില്‍ നിന്ന് ചുവട്ടിലേക്ക് മത്സ്യത്തിന്റെ ആകൃതിയും കഴുത്തുവരെ മനുഷ്യാകൃതിയും മേഘത്തിന്റെ നീലനിറവും ശംഖം, ചക്രം, ഗദ, പത്മം ഇവ നാലു തൃക്കൈകളില്‍ ധരിച്ചു നില്ക്കുന്നു.
കൂര്‍മ്മം: മഞ്ഞപ്പട്ടുടുത്തവനും ആമയെപ്പോലുള്ള പൃഷ്ഠഭാഗത്തോടു കൂടിയവനും വാലുകൊണ്ടു ശോഭിക്കുന്നവനും നീണ്ട കഴുത്തോടു കൂടിയവനും ചുവന്ന കണ്ണുള്ളവനുമായ മഹാവിഷ്ണുവിന്റെ അവതാരം.
വരാഹം: കാലടി മുതല്‍ മുട്ടുവരെ തങ്കനിറവും കാല്‍മുട്ടു മുതല്‍ അരക്കെട്ടുവരെ വെളുപ്പും അര മുതല്‍ ശിരസ്‌സുവരെ നീലനിറവും ശിരസ്‌സില്‍ കറുപ്പും ശംഖു ചക്ര, ഗദ, വാള്‍, ശക്തി, വരദ, അഭയമുദ്രകളുമായി എട്ടുകൈകളും ദംഷ്ര്ടങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ച ഭൂഗോളവുമായി നില്ക്കുന്നതാണ് വരാഹമൂര്‍ത്തി സങ്കല്പം.
നരസിംഹമൂര്‍ത്തി: സൂര്യനും ചന്ദ്രനും അഗ്നിയുമാകുന്ന മൂന്നു കണ്ണുകളോടു കൂടിയവനും വെളുത്ത നിറമുള്ളവനും അഭയമുദ്ര ചക്രം, പിനാകം (വില്ല്), വരദമുദ്ര എന്നിവ കൈകളില്‍ ധരിക്കുന്നവനും ചന്ദ്രക്കല ചൂടിയവനുമാണ് നരസിംഹമൂര്‍ത്തി.
വാമനമൂര്‍ത്തി: പൂണുലും, കാതില്‍ കുണ്ഡലവും, കുടമയും ധരിച്ച്, കുടയും, കിണ്ടിയും, ദണ്ഡും, കയ്യില്‍ പിടിച്ച് മനോഹര സ്വരൂപമാണ് വാമനമൂര്‍ത്തി.
പരശുരാമന്‍: ബ്രാഹ്മണ–ക്ഷത്രിയലക്ഷണങ്ങള്‍ കലര്‍ന്ന ശരീരത്തോടു കൂടിയവനും കയ്യില്‍ മഴു ധരിച്ച സൂര്യനെപ്പോലെ പ്രഭയുള്ളവനും മിന്നല്‍ക്കൊടിപോലെ മഞ്ഞനിറമുള്ള ജടയോടു കൂടിയവനും വല്ക്കലം ധരിച്ചവനും പൂണുലുധരിച്ചവനുമാണ് ഭാര്‍ഗ്ഗവരാമന്‍.
ശ്രീരാമന്‍: ഇടത്തുഭാഗത്ത് സീതാദേവിയും, മുന്നില്‍ ഹനുമാനും, പിന്നില്‍ ലക്ഷ്മണനും, ഇടത്തും വലത്തും ഭാഗങ്ങളില്‍ ഭരതശത്രുഘന്മാരും, വായുകോണില്‍ സുഗ്രീവനും ഈശാനകോണില്‍ വിഭീഷണനും, അഗ്നികോണില്‍ അംഗദനും, നിരൃതികോണില്‍ ജാംബവാനും മധ്യത്തില്‍ നീലത്താമരപോലെ അതിമനോഹരമായ ശ്യാമളവര്‍ണ്ണത്തോടു കൂടി നില്‍ക്കുന്നവനാണ് ശ്രീരാമന്‍.
ബലരാമന്‍: വെണ്‍മേഘം പോലെ വെളുത്തവനും നീലനിറത്തിലെ വസ്ത്രത്തോടു കൂടിയവനും രേവതീനാഥനും കരി, ഇരുമ്പുലക്ക ധരിച്ചവനുമാണ് ബലരാമസങ്കല്പം.
ശ്രീകൃഷ്ണന്‍: മയില്‍പ്പീലിയണിഞ്ഞ തിരുമുടിയോടുകൂടിയവനും ബാലസ്വരൂപിയും കാതുകളില്‍ തിളങ്ങുന്ന കുണ്ഡലങ്ങളോടു കൂടിയവനും വലതുകയ്യില്‍ കാലിക്കോല്‍ ധരിച്ചിരിക്കുന്നവനും ശംഖ് പിടിച്ചിരിക്കുന്ന ഇടം കൈ അരക്കെട്ടില്‍ ചേര്‍ത്ത് വച്ചിരിക്കുന്നവനും അറ്റം തൂങ്ങിക്കിടക്കുന്ന അര്‍ദ്ധോരുകം ഉടുത്തവനും സര്‍വ്വാഭരണഭൂഷിതനും ഗോകുലത്തില്‍ സ്ഥിതി ചെയ്യുന്നവനുമാണ് കൃഷ്ണസങ്കല്പം.
കല്‍ക്കി: നീലക്കുതിരയുടെ പുറത്തിരിക്കുന്നവനും വെളുത്ത തലപ്പാവുകൊണ്ടു ശോഭിക്കുന്നവനും വലിയ ചമ്മട്ടി കയ്യില്‍ പിടിച്ചവനും കൗസ്തുഭം കൊണ്ട് ശോഭിക്കുന്ന പോര്‍ച്ചട്ടയോടു കൂടിയവനും മേ്‌ളച്ഛസമൂഹത്തെ കൊല്ലുന്നവനും കോപംകൊണ്ടു കണ്ണു ചുഴറ്റുന്നവനും ദേവന്മാര്‍, മുനിമാര്‍, ഗന്ധര്‍വ്വന്മാര്‍ എന്നിവരാല്‍ സ്തുതിക്കപ്പെടുന്നവനുമാണ് മഹാവിഷ്ണുവിന്റെ കല്ക്കി അവതാരം.
ത്രിവിക്രമന്‍ (വിശ്വരൂപം): ഇടത്തെ കാല്‍കൊണ്ടു ഭൂമിയെയും മറ്റേകാല്‍കൊണ്ട് ആകാശതലം മുഴുവനും കീഴടക്കി നില്‍ക്കുന്നവനാണ് ത്രിവിക്രമനായ മഹാവിഷ്ണു.