Saturday, 23 Nov 2024
AstroG.in

ദശാവതാരച്ചാർത്ത് ഫലം ഇങ്ങനെ; തൊഴുന്നവർക്കെല്ലാം അനുഗ്രഹം

മിക്കവാറും എല്ലാ മഹാവിഷ്ണു അവതാര ക്ഷേത്രങ്ങളിലും വർഷന്തോറും അതിവിശേഷമായികൊണ്ടാടുന്ന ആചാരമാണ് ദശാവതാരച്ചാർത്ത്. ചില ക്ഷേത്രങ്ങളിൽ ഇത് ചിങ്ങമാസത്തിൽ അഷ്ടമി രോഹിണി, ഓണം എന്നിവ  അനുബന്ധിച്ചാണെങ്കിൽ മറ്റു ചില സ്ഥലങ്ങളിൽ വിഷുക്കാലത്താണ്. വേറെ ചില ശ്രീകൃഷ്ണ, ശ്രീരാമാ, വിഷ്ണു ക്ഷേത്രങ്ങളിൽ  ഉത്സവത്തിനും സപ്താഹത്തിനും  അല്ലാതെയും ദശാവതാരച്ചാർത്ത് നടത്താറുണ്ട്.

തിരുവനന്തപുരം നഗരഹൃദയത്തിലുള്ള ഋഷിമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുംകൊല്ലം പുത്തൂർ മാവടി പുനരൂർകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലും ഇത്തവണത്തെ ദശാവതാരച്ചാർത്ത്  ആഗസ്റ്റ് 21 വ്യാഴാഴ്ച  അഷ്ടമിരോഹിണിയുടെ തലേന്ന്  തുടങ്ങും. ആലപ്പുഴനങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിലും ചിങ്ങത്തിലാണ് ദശാവതാരച്ചാര്‍ത്ത്.

ഏറ്റവും പ്രാധാന്യത്തോടെ  ദശാവതാരച്ചാർത്ത് നടക്കുന്ന തൃക്കാക്കരയപ്പന്ചിങ്ങത്തിലെ ഉത്രം, അത്തം തുടങ്ങി  പത്തുദിവസമാണ്  ദശാവതാരച്ചാർത്ത്. ഈ പത്തു ദിവസവും ഭഗവാനെ പത്ത് അവതാരങ്ങളുടെ രൂപഭാവങ്ങളില്‍ അണിയിച്ചൊരുക്കും. ഓരോ ഭാവത്തിലുമുള്ള ഭഗവാനെ ദര്‍ശിച്ച് അനുഗ്രഹം വാങ്ങുന്നതിന് ഓരോ ഫലങ്ങളും പറയുന്നുണ്ട്.

പതിനൊന്നാം ദിവസം തൃക്കാക്കരയിൽ ഭഗവാന്റെ വിശ്വരൂപവും ദർശിക്കാം. തൃക്കാക്കര ക്ഷേത്രത്തിലെ ഏറ്റവും വലിയ വിശേഷദിവസങ്ങളും ഇതുതന്നെ. എല്ലാ വര്‍ഷവും തൃക്കാക്കരയിൽ അത്തം നക്ഷത്രത്തിന് കൊടിയേറി തിരുവോണത്തിന് ആറാട്ടായാണ് ഉത്സവം.കൊടിയേറ്റിന്റെ തലേദിവസമായ ഉത്രത്തിന് വൈകുന്നേരം അഞ്ചുമണിക്കാണ് ദശാവതാര ചന്ദനചാര്‍ത്ത് ആരംഭിക്കുന്നത്. പിന്നീട് എല്ലാ  ദിവസവും വൈകുന്നേരം അഞ്ചു മുതല്‍ ഓരോരോ രൂപങ്ങളില്‍ ഭഗവാൻ ദര്‍ശനം തരും. തിരുവോണദിവസം ത്രിവിക്രമരൂപം അഥവാ വിശ്വരൂപത്തിലാണ് ദര്‍ശനം. ദശാവതാരചന്ദനചാര്‍ത്ത് ഇവിടെ വഴിപാടാണ്.  എല്ലാവർക്കും  ഈ വഴിപാടില്‍  ഭാഗമാകാം. വഴിപാടുകാരനെന്ന പോലെ ഈ ദിവസങ്ങളിൽ ദര്‍ശനം തേടിയെത്തുന്ന ഭക്തര്‍ക്കും ഫലം ലഭിക്കും.

ആദ്യ ദിനമായ ഉത്രം നാളില്‍ മത്സ്യാവതാര രൂപത്തിലാണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്.  അന്ന്  നെയ്പായസമാണ് നിവേദ്യം. വഴിപാടിന്റെ ഫലം രോഗശമനം. 

രണ്ടാം ദിനത്തില്‍ കൂര്‍മ്മാവതാര രൂപത്തിലാണ് ഭഗവാനെ ഒരുക്കുക. ത്രിമധുരമാണ് നിവേദ്യം. ആയുസ്സ്‌ വര്‍ദ്ധനയാണ്  ഫലം.

മൂന്നാം ദിവസം വരാഹാവതാര രൂപത്തിൽ  ഭഗവാനെ ഒരുക്കും.  ഉണ്ണിയപ്പമാണ് നിവേദ്യം. അലസത നിവാരണമാണ് ഈ ചന്ദനചാര്‍ത്ത് ദര്‍ശന ഫലം

നരസിംഹാവതാരമാണ് നാലാം ദിവസം. പാനകമാണ്  നിവേദ്യംശത്രുസംഹാരത്തിനും സത്ബുദ്ധിയുണ്ടാകാനും ശാന്തി ലഭിക്കുന്നതിനുമാണ് നരസിംഹാവതാരച്ചാര്‍ത്ത് നടത്തുന്നത്. 

കദളിപ്പഴവും പാല്‍പ്പായസവും നേദിച്ച് ഭഗവാനെ വാമനനായി അഞ്ചാം ദിനം വൈകുന്നേരം ഒരുക്കുന്നു. ബുദ്ധിവികസിക്കുന്നതിനും നല്ല വാഗ്മി ആകുന്നതിനും സംസാരത്തിലെ പിഴവുകള്‍ അകറ്റുന്നതിനുമാണ് വാമനമൂര്‍ത്തിഭാവത്തില്‍ ഭഗവാൻ ദർശനം തരുന്നത്. 

ആറാം ദിവസം ‘പരശുരാമഭാവത്തിലാണ് ഭഗവാന്‍ മഹാവിഷ്ണുവിനെ ഒരുക്കുന്നത്. മുന്‍കോപനിവാരണവും ഭൂമി ലാഭവുമാണ് ഫലം. അവലാണ് നിവേദ്യം. 

ഏഴാം ദിവസം ശ്രീരാമസ്വാമിയായി ഭഗവാൻ  പ്രത്യക്ഷനാകും. കുടുംബൈശ്വര്യം,  ദാമ്പത്യഭദ്രത, സന്തോഷസമൃദ്ധിഎന്നിവയ്ക്കാണ് ശ്രീരാമാലങ്കാരം. പാല്‍പ്പായസമാണ് നിവേദ്യം. 

എട്ടാം ദിവസം ബലരാമനായി ഒരുക്കുന്ന ഭഗവാന്‍ ഐകമത്യം പ്രദാനം ചെയ്യും. ഇടിച്ചുപിഴിഞ്ഞ പായസമാണ് നിവേദ്യം. 

ഒന്‍പതാം ദിവസം കൃഷ്ണാവതാരമാണ്. വെണ്ണ, പഴം, ത്രിമധുരം, പാല്‍പ്പായസം എന്നിവ നേദിച്ച് ഭഗവാനെ തൃപ്തിപ്പെടുത്താം.  സര്‍വൈശ്വര്യമാണ് ഫലം. 

പത്താം ദിവസം   കല്‍ക്കിയായി  ഭഗവാനെ ഒരുക്കുന്നു. തേനും പഴവും  നേദിച്ച് ഭഗവത് പ്രീതി നേടിയാല്‍ ശത്രുസംഹാരവും പാപശമനവുമുണ്ടാകും.

പതിനൊന്നാം ദിവസം ത്രിവിക്രമനായി വിശ്വരൂപത്തില്‍ ഭഗവാനെ അണിയിച്ചൊരുക്കും. പഴം, പാല്‍പ്പായസം, എന്നിവയാണ് നേദ്യംസര്‍വൈശ്വര്യവും ആത്മസാക്ഷാത്ക്കാരവുമാണ് വിശ്വരൂപ ദര്‍ശന പുണ്യം.

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വൃശ്ചികം ഒന്നുമുതൽ പന്ത്രണ്ടു ദിവസമാണ്  ദശാവതാരച്ചാർത്ത്. ഇത് പന്ത്രണ്ട് കളഭം എന്ന പേരിലും അറിയപ്പെടുന്നുന്നു. ബ്രഹ്മഹത്യാപാപം പരിഹരിക്കുന്നതിനായി  മാർത്താണ്ഡവർമ്മ അനിഴം തിരുനാൾ രാമവർമ്മയാണ് ഇത് ഏർപ്പെടുത്തിയത്.

തിരുവന്‍വണ്ടൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദശാവതാരച്ചാര്‍ത്ത് ധനുമാസത്തിൽ  മോഹിനിരൂപ ചാര്‍ത്തോടുകൂടി ആരംഭിച്ച്‌  പാര്‍ത്ഥസാരഥി രൂപച്ചാര്‍ത്തോടുകൂടി സമാപിക്കും. 
ഓയൂർ വെളിനല്ലൂർ ശ്രീരാമസ്വാമിക്ഷേത്രത്തിലും ദശാവതാരച്ചാർത്ത് ധനുമാസത്തിലാണ്.  കരുനാഗപ്പള്ളി കുഴിത്തുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദശാവതാരച്ചാർത്ത് ഇടവമാസത്തിലാണ്.

കോട്ടയം ചോഴിയക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വൈശാഖ മാസാചരണ ഭാഗമായാണ് ദശാവതാരച്ചാര്‍ത്ത്.

പത്തനംതിട്ട  കൈപ്പട്ടൂരിനടുത്ത് വള്ളിക്കോട് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ   സപ്താഹത്തോടനുബന്ധിച്ച് ദശാവതാരച്ചാര്‍ത്ത് നടക്കുന്നു. ചതുർബാഹുവായ ശ്രീ പത്മനാഭസ്വാമിയാണ് ഇവിടെ പ്രധാന പ്രതിഷ്ഠ  ആലപ്പുഴ തൂക്കയ്യിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലും  ആലപ്പുഴ മേമഠം ക്ഷേത്രത്തിലുംചവറ തെക്കുംഭാഗം ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലും മേടത്തിലാണ് ദശാവതാരച്ചാര്‍ത്ത് .കുടമാളൂര്‍ വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും   കുമാരമംഗലം പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുംദശാവതാരച്ചാര്‍ത്ത് നടത്താറുണ്ട്.

– സരസ്വതി ജെ.കുറുപ്പ്,

Mobile: + 91 90 74580476

error: Content is protected !!