Saturday, 23 Nov 2024
AstroG.in

ദാനം ചെയ്യുന്നത് ഇരട്ടിയായി തിരിച്ചു കിട്ടുന്ന അക്ഷയ തൃതീയ

വൈശാഖ മാസത്തിലെ ഒരു പുണ്യദിനമായഅക്ഷയതൃതീയ ദിവസംദാനധര്‍മ്മങ്ങള്‍ ചെയ്താല്‍ അനശ്വരമായ സത്കര്‍മ്മഫലം കുടുംബത്തില്‍ സ്ഥിരമായി നിലനില്ക്കും.  ഈ ദിവസം ദാനം ചെയ്യുന്ന ഓരോ വസ്തുക്കളും ഇരട്ടിയായി തിരികെ ലഭിക്കും. ദാനം ചെയ്യുന്ന ഓരോ വസ്തുക്കള്‍ക്കും അതിന്റേതായ സത്ഫലമുണ്ട്: സ്വര്‍ണ്ണം ദാനം ചെയ്താല്‍ സമ്പദ്‌സമൃദ്ധി. വെള്ളിദാനം ചെയ്താല്‍ മനോസുഖം. ശര്‍ക്കര ദാനം ചെയ്താല്‍ ഗൃഹസുഖം. ചെരിപ്പ് ദാനം ചെയ്താല്‍ മനസമാധാനം.


തൈരും ചോറും ദാനം ചെയ്താല്‍ രോഗശമനം. വസ്ത്രം ദാനം നല്കിയാല്‍ ജന്മാന്തര വസ്ത്രലാഭം. ഊന്നുവടി നല്കിയാല്‍ മുട്ടുവേദന ശമനം. മലര്‍പ്പൊടി നല്കിയാല്‍ സമൃദ്ധി. വിശറിദാനം ചെയ്താല്‍ വായുഭഗവാന്റെ അനുഗ്രഹം -എന്നിങ്ങനെ ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

കൃതയുഗത്തിന്റെ ആരംഭ ദിവസമായും  അക്ഷയ തൃതീയയെ കരുതുന്നു. വൈശാഖ മാസത്തിലെ ശുക്‌ളപക്ഷ തൃതീയ തിഥിയാണ് അക്ഷയതൃതീയ.  ബലരാമനും പരശുരാമനും അവതരിച്ചതും ശ്രീശങ്കരാചാര്യ സ്വാമികള്‍ കനകധാരാസ്തവം ചൊല്ലി സ്വര്‍ണ്ണമഴ പെയ്യിച്ചതും അക്ഷയതൃതീയ ഇലായിരുന്നത്രേ. അക്ഷയ എന്ന പദത്തിന്റെ അര്‍ത്ഥം ക്ഷയം ഇല്ലാത്തത്  അല്ലെങ്കില്‍  അനശ്വരമായ സത്കര്‍മ്മഫലം നല്കുന്നത് എന്നാണ്. പൊതുവെ പുണ്യം ക്ഷയിക്കാത്ത ഒരു ദിവസമായി അക്ഷയതൃതീയ ദിനത്തെ കരുതാം.സൂര്യനും, ചന്ദ്രനും അവരവരുടെ ഉച്ചരാശിയില്‍ സഞ്ചരിക്കുമ്പോള്‍ വന്നുചേരുന്ന ഈ ദിവസം ക്ഷേത്ര ദര്‍ശനം നടത്തി വിഷ്ണു പ്രീതികരമായ വഴിപാടുകള്‍ കഴിച്ച് പ്രാര്‍ത്ഥിക്കുന്നത് അതീവ ശ്രേഷ്ഠമാണ്.

പിതൃശാപദോഷം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് പിതൃശ്രാദ്ധം നടത്തി ദോഷമകറ്റി പിതൃപ്രീതി നേടാനും ഈ ദിവസം നല്ലതാണ്. ഈ ദിവസം ശിവ–പാര്‍വ്വതി ക്ഷേത്രത്തില്‍ ഉമാ മഹേശ്വര മന്ത്രാര്‍ച്ചന നടത്തിയാല്‍ കുടുംബത്തില്‍ ഐശ്വര്യ ലബ്ധി കൈവരും. വിദ്യാര്‍ത്ഥികള്‍ ഈ ദിവസം സരസ്വതി ക്ഷേത്രദര്‍ശനം നടത്തി വിദ്യാസൂക്താര്‍ച്ചന നടത്തിയാല്‍ വിദ്യാഭിവൃദ്ധി കൈവരും.ഈ ദിവസം ശേഖരിക്കുന്ന വസ്തുക്കള്‍ക്കും മെച്ചപ്പെട്ട ഫലം ലഭിക്കും. വസ്ത്രം, അന്നം, ആഭരണം, തുടങ്ങി ഏതു വസ്തു അക്ഷയതൃതീയ ദിവസം ശേഖരിക്കുന്നുവോ ആ വസ്തുക്കള്‍ക്കൊന്നും പിന്നീട് അവര്‍ക്ക് കുറവുണ്ടാകില്ല. സ്വര്‍ണ്ണാഭരണ രംഗത്ത് അക്ഷയതൃതീയയുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രാധാന്യം ഉണ്ടാകുവാനുള്ള കാരണം ഇതാണ്.

error: Content is protected !!