Saturday, 23 Nov 2024
AstroG.in

ദാമ്പത്യക്ലേശം, വിവാഹതടസം മാറാൻ ഈ ബുധനാഴ്ച ഉമാമഹേശ്വര വ്രതമെടുക്കാം

ജ്യോതിഷരത്നം വേണു മഹാദേവ്

ദാമ്പത്യ ക്ലേശങ്ങളിൽ നിന്നുള്ള മോചനത്തിനും വിവാഹ തടസങ്ങൾ നീക്കുന്നതിനും കാര്യതടസങ്ങൾ മാറ്റുന്നതിനും ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ് ഭാദ്രപദ മാസത്തിലെ പൗർണ്ണമി നാളിലെ ഉമാമഹേശ്വര വ്രതാചരണം. സക്ന്ദപുരാണത്തിൽ വിവരിച്ചിട്ടുള്ള അഷ്ടമാതാ വ്രതങ്ങളിൽ ഒന്നായ ഇത് ഇത്തവണ കേരളത്തിൽ 2020 സെപ്തംബർ 2 ബുധനാഴ്ചയാണ് ആചരിക്കുന്നത്. ദാമ്പത്യക്ഷേമം, വിവാഹം, ഐശ്വര്യം തുടങ്ങി എല്ലാ ഭൗതിക വിജയങ്ങൾക്കും ശിവപാർവതിമാരെ ആരാധിക്കുന്ന ഈ വ്രതമെടുക്കുന്നത് നല്ലതാണ്. പണ്ടുകാലത്ത് ചിങ്ങത്തിലെ അതായത് ഭാദ്രപദമാസത്തിലെ പൗർണ്ണമി നാൾ തുടങ്ങി 12 വർഷം ഭക്തർ ഈ വ്രതം നോറ്റ് ആഗ്രഹസാഫല്യം നേടിയിരുന്നു. ഉമാ മഹേശ്വര രൂപങ്ങൾ വച്ചായിരുന്നു അക്കാലത്ത് ആരാധന. പന്ത്രണ്ടാമത്തെ വ്രതത്തിന് ലോഹപ്രതിമകൾ വച്ച് പൂജിച്ച ശേഷം അത് ശിവ ക്ഷേത്രത്തിൽ സമർപ്പിക്കുമായിരുന്നു. ഇപ്പോൾ ഇതിന് പലതരം മാറ്റങ്ങളും വന്നിട്ടുണ്ട്. വെളുത്തപക്ഷ അഷ്ടമിയിലും വെളുത്ത ചതുർദ്ദശിയിലും പൗർണ്ണമിയിലും അമാവാസിയിലുമെല്ലാം ഇപ്പോൾ ഭക്തർ ഉമാമഹേശ്വരവ്രതം എടുക്കാറുണ്ട്. തമിഴ്നാട്ടിൽ കാർത്തിക മാസത്തിലെ പൗർണ്ണമിയാണ് ഉമാമഹേശ്വര വ്രതമായി ആചരിക്കുന്നത്. 2020 നവംബർ 30 നാണ് അവിടെ വ്രതാചരണം.

വ്രതദിവസം രാവിലെ കുളിച്ച് ശിവപാർവ്വതി ക്ഷേത്ര ദർശനം നടത്തി കൂവള അർച്ചനയും ധാരയും വഴിപാട് നടത്തണം. അന്ന് ഒരിക്കലെടുത്ത് കഴിയുന്നത്ര തവണ ഓം നമ: ശിവായ, ഓം ഹ്രീം നമ: ശിവായ തുടങ്ങിയ മന്ത്രങ്ങൾ ജപിക്കണം. ഉമാമഹേശ്വര സ്തോത്രം ജപിക്കുന്നതും നല്ലതാണ്.

ഹിമവാന് മേനയിൽ ജനിച്ച പാർവതി ദേവിയുടെ പര്യായമാണ് ഉമ. ദക്ഷപുത്രിയായ സതിയുടെ പുനരവതാരമാണ് പാർവതി. ശിവനെ ഭർത്താവായി ലഭിക്കണമെന്ന ആഗ്രഹത്തോടെ കഠിന തപസ് ചെയ്യാൻ തുടങ്ങിയ മകളോട് അമ്മ മേന തപസ് അരുതേ എന്ന് പറഞ്ഞതിനാൽ ഉമ എന്ന് പേര് ലഭിച്ചതായി ഹരിവംശത്തിലും കാളിദാസൻ കുമാര സംഭവത്തിലും പറയുന്നു. സംസ്കൃതത്തിൽ ഉ എന്നാൽ തപസും മ എന്നാൽ അരുതേ എന്നുമാണ് അർത്ഥം.

ദുർവാസാവിന്റെ ശാപഫലമായി തനിക്ക് നഷ്ടപ്പെട്ട ലക്ഷ്മിദേവിയെ വിഷ്ണു ഭഗവാൻ വീണ്ടെടുത്തത് ഉമാമഹേശ്വര വ്രതം നോറ്റാണ്. ദുർവാസാവ് നൽകിയ ശിവന്റെ മാല ഗരുഡന്റെ കഴുത്തിൽ അണിയിച്ച് ശിവനെ അപമാനിച്ചു എന്ന് പറഞ്ഞാണ് മഹർഷി വിഷ്ണുവിനെ ശപിച്ചത്. ശാപമുക്തിക്ക് ഉമാമഹേശ്വര വ്രതം ഉപദേശിച്ചതും ദുർവാസാവാണ്.

ഉമാമഹേശ്വര സ്തോത്രം

നമ : ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലീഷ്ട വപുർധരാഭ്യാം
നാഗേന്ദ്ര കന്യാ വൃഷകേതനാഭ്യാം
നമോ നമ: ശങ്കര പാർവതീഭ്യാം

ശ്രീകോവിലിൽ കിഴക്കും പടിഞ്ഞാറുമായി പാർവതി പരമേശ്വരന്മാരെ പ്രതിഷ്ഠിച്ചിട്ടുള്ള സന്നിധികൾ ധാരാളമുണ്ട്. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം ഇതിൽ പ്രസിദ്ധമായ ഒന്നാണ്. എറണാകുളത്തെ തിരുവൈരാണിക്കുളം, കോട്ടയത്തെ വാഴപ്പള്ളി, പത്തനംതിട്ടയിലെ കവിയൂർ എന്നിവ ഇതിൽ ചിലതാണ്. കാടമ്പുഴയിൽ ശിവ പാർവതിമാർ കിരാത – കിരാതി സങ്കല്പത്തിലാണ്. ചെങ്ങന്നൂരിൽ ഭഗവതി ഭുവനേശ്വരിയാണ്. പാർവതിക്ക് പ്രത്യേക പ്രതിഷ്ഠയില്ലാത്ത ശിവ ക്ഷേത്രങ്ങളിലെല്ലാം ശിവന്റെ നടയുടെ പിന്നിൽ പാർവതിയെ സങ്കല്പിക്കുന്നു.

ദേവിക്കാണ് ഭക്തർ പിൻ വിളക്ക് തെളിക്കുന്നത്. കുടുംബജീവിതം ഭദ്രമാക്കുന്നതിനും വിവാഹ തടസം മാറുന്നതിനും മഹാദേവനെയും ഉമയെയും ആരാധിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിന് ക്ഷേത്രങ്ങളിൽ ചെയ്യാവുന്ന ശ്രേഷ്ഠമായ വഴിപാട് ഉമാമഹേശ്വര പൂജയാണ്. ശിവനും പാർവതിയും പ്രതിഷ്ഠയായുള്ള ക്ഷേത്രത്തിലാണ് ആരാധന നടത്തേണ്ടത്. ജാതകത്തിലെയും പ്രശ്നത്തിലെയും എല്ലാ ദോഷങ്ങൾക്കും പരിഹാരമാണിത്. വിവാഹം നടക്കുന്നതിനു തടസം നേരിടുന്നവർക്കും വിവാഹം കഴിഞ്ഞവർക്ക് ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും മറ്റ് ദുരിതങ്ങളിൽ നിന്നുള്ള മോചനത്തിനും കാര്യ സാധ്യത്തിനും, ഐകമത്യത്തിനും ഉമാമഹേശ്വര പൂജ നടത്തുന്നത് നല്ലതാണ്.

ജ്യോതിഷരത്നം വേണു മഹാദേവ്

+ 91 9847475559

error: Content is protected !!