Friday, 22 Nov 2024
AstroG.in

ദാമ്പത്യദുരിതം മാറി ഐശ്വര്യത്തിന് സൗന്ദര്യലഹരിയിലെ 3 ശ്ലോകങ്ങൾ

ആറ്റുകാൽ ദേവീദാസൻ
അതിസങ്കീർണ്ണമായ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും ആരാധനയിലൂടെ പരിഹാരം നിർദ്ദേശിക്കുന്ന അതിവിശിഷ്ടമായ താന്ത്രിക കൃതിയാണ് സൗന്ദര്യലഹരി. നൂറു ശ്ലോകങ്ങൾ അടങ്ങിയ ഈ കൃതിയിലെ ആദ്യത്തെ 41 ശ്ലോകങ്ങൾ അടങ്ങിയ ഭാഗം ആനന്ദലഹരിയായി അറിയപ്പെടുന്നു.

ശിവശക്തി സംയോഗത്തിന്റെ നിഗൂഢത വെളിപ്പെടുത്തുന്ന ആനന്ദലഹരി ശക്തിയോടൊത്തു ചേർന്നെങ്കിൽ മാത്രമേ ശിവന് സൃഷ്ടികർമ്മം നിറവേറ്റുവാൻ കഴിയൂ എന്ന് സമർത്ഥിക്കുന്നു. അനുഗ്രഹത്തിന്റെ അമൃത വർഷമായാണ് ആനന്ദലഹരി കണക്കാക്കുന്നത്.

സൗന്ദര്യലഹരിയിലെ 42 മുതൽ 100 വരെയുള്ള ശ്ലോകങ്ങളിൽ ദേവിയുടെ പ്രത്യക്ഷസൗന്ദര്യത്തെ വർണ്ണിക്കുന്നു. ദേവിയുടെ ആന്തരിക ആരാധനയ്ക്ക് പ്രാധാന്യം കൽപ്പിക്കുന്ന ആനന്ദലഹരിയുടെയും സൗന്ദര്യലഹരിയുടെയും പിറവിക്ക് പിന്നിൽ പല കഥകളുമുണ്ട്.

ഭഗവാൻ ശ്രീപരമേശ്വരൻ തന്നെ ആദിശങ്കരന് സമ്മാനിച്ചതാണ് ഇതെന്ന് ഒരു ഐതിഹ്യം പറയുന്നു.
കൈലാസ ശൈലത്തിലെത്തി ശ്രീപാർവ്വതിയെയും ശ്രീപരമേശ്വരനെയും മനം നിറയുവോളം പൂജിച്ച ആദിശങ്കരന് ഭഗവാൻ സൗന്ദര്യലഹരിയിലെ നൂറു ശ്ലോകങ്ങളും പകർന്നു കൊടുത്തു. അതെല്ലാം എഴുതിയെടുത്ത് കൈലാസത്തിൽ നിന്നും ആദിശങ്കരൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഭഗവാന്റെ കാവൽക്കാരനും വാഹനവുമായ നന്ദി ശങ്കരനെ തടഞ്ഞു. കൈയ്യിലിരുന്ന എഴുത്തോല തട്ടിപ്പറിച്ച് രണ്ടായി കീറി. അതിൽ ഒരു ഭാഗം കൈക്കലാക്കി; മറുഭാഗം ശങ്കരന് തന്നെ നൽകി.

അസ്വസ്ഥനായ ശങ്കരൻ അപ്പോൾ തന്നെ ഭഗവാനോട് പരാതി പറഞ്ഞു: കൈയ്യിൽ കിട്ടിയ 41 ശ്ലോകങ്ങളുള്ള ആദ്യ ഭാഗം സൂക്ഷിക്കുക. ശേഷിക്കുന്ന 59 ശ്ലോകങ്ങൾ ദേവിയെ പ്രകീർത്തിച്ച് സ്വയം എഴുതിച്ചേർക്കുക – ഭഗവാൻ ശ്രീപരമേശ്വരന്റെ നിർദ്ദേശം ആദിശങ്കരൻ അക്ഷരംപ്രതി പാലിച്ചു. അങ്ങനെ ഈശ്വരവിരചിതമായ ആദ്യഭാഗം ആനന്ദലഹരിയായി പ്രചരിച്ചു.

തന്ത്രവും യന്ത്രവും മാത്രമല്ല അതിശക്തമായ മന്ത്രങ്ങളുമടങ്ങിയ ആനന്ദലഹരിയെ അടിസ്ഥാനമാക്കിയാണ് പുരാതനമായ ആചാരാനുഷ്ഠാനങ്ങൾ മിക്കതും നിലകൊള്ളുന്നത്.
ആനന്ദലഹരിയിലെ മൂന്ന് പ്രത്യേക ശ്ലോകങ്ങളുടെ ആരാധന മിക്ക ദാമ്പത്യപ്രശ്‌നങ്ങൾക്കുമുള്ള പരിഹാരവും ദാമ്പത്യ ഐശ്വര്യത്തിനുള്ള മാർഗ്ഗവും ആണ്. ആ മൂന്ന് ശ്ലോകങ്ങൾ ഇവിടെ ചേർക്കുന്നു. ഇതിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് പതിവായി ജപിക്കുക.

വൃത്തിയും ശുദ്ധിയും പാലിച്ച് പൂജാമുറിയിൽ വച്ച് കിഴക്ക് ദർശനമായിരുന്ന് ജപിക്കുന്നത് നല്ലതാണ്. 108, 41,27,18,11,9 തുടങ്ങി നിങ്ങൾക്ക് സൗകര്യപ്രദമായ ജപസംഖ്യ തിരഞ്ഞെടുക്കാം. അമ്മയെ ഉപാസിക്കാൻ പ്രത്യേക നിയമങ്ങളും വിധികളുമൊന്നുമില്ല. ദേവിയുടെ ചിത്രവും ജപിക്കാൻ തിരഞ്ഞെടുക്കുന്ന ശ്ലോകത്തിന്റെ യന്ത്രവും വച്ച് ആരാധിക്കണം എന്നും ഇല്ല. ഇത് വച്ച് ആരാധിക്കുന്നതിൽ തെറ്റുമില്ല. എന്തായാലും ദേവീരൂപം മനസിൽ നന്നായി ധ്യാനിക്കണം. മക്കൾ എങ്ങനെ വിളിച്ചാലും അമ്മ കേൾക്കുമെന്ന് മാത്രം ഓർമ്മിക്കുക.

ശ്ലോകം 1
ശിവശ്ശക്ത്യായുക്തോ യദി ഭവതി ശക്ത: പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശല: സ്പന്ദിതുമപി
അതസ്ത്വാമാരാധ്യാം ഹരിഹര വിരിഞ്ചാദിഭിരപി
പ്രണന്തും സ്തോതും വാ കഥമകൃതപുണ്യ: പ്രഭവതി

ശ്ലോകം 2
തനീയാംസം പാംസും തവ ചരണ പങ്കേരുഹഭവം
വിരിഞ്ചി: സഞ്ചിന്വൻ വിരചയതി ലോകാനവികലം
വഹത്യേനം ശൗരി : കഥമപി സഹസ്രേണ ശിരസാം
ഹര: സംക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂളന വിധിം

ശ്ലോകം 19
മുഖം ബിന്ദും കൃത്വാ കുചയുഗമധസ്തസ്യ തദധോ
ഹരാർദ്ധം ധ്യായേദ്യോ ഹര മഹിഷി തേ മന്മഥ കലാം
സ സദ്യാ: സംക്ഷോഭം നയതി വനിതാ ഇത്യതിലഘു
ത്രിലോകീമപ്യാശു ഭ്രമയതി രവീന്ദുസ്തനയുഗാം

ആറ്റുകാൽ ദേവീദാസൻ

91 98475 75559

error: Content is protected !!